ഛണ്ഡീഗഢ്: ഹരിയാനയില്‍ പോലീസിന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. നിയമം ലംഘിച്ച് പശുവിനെ കടത്താന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസ് വിശദീകരണം. പോലീസ് വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കുരുക്ഷേത്ര ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുരുക്ഷേത്രയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള താനേശ്വര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു.
പിക് അപ് ജീപ്പില്‍ പശുവിനെ കടത്താന്‍ ശ്രമിക്കവെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് കുരുക്ഷേത്ര ജില്ലാ പോലീസ് മേധാവി സിമര്‍ദീപ് സിങ് പറയുന്നതിങ്ങനെ: “പിക് അപ്പ് വാഹനത്തില്‍ പശുവിനെ കടത്തുകയായിരുന്നു ഇവര്‍. ഗ്രാമവാസികളും പോലീസും ഇവരെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് വാഹനത്തെ ഇടിക്കുകയും പോലീസ് സംഘത്തിനുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെ പോലീസ് തിരിച്ചും വെടിവെച്ചു. പോലീസ് വെടിവെപ്പില്‍ കള്ളക്കടത്തുകാരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.”
കള്ളക്കടത്തുകാരില്‍ മൂന്നുപേര്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടെന്നും പോലീസ് പറയുന്നു. പശുവിനെ കൊല്ലുന്നതും മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍പ്പനയ്ക്കു കൊണ്ടുപോകുന്നതും നിരോധിക്കുന്ന നിയമം ഈയിടെയാണ് ഹരിയാന സര്‍ക്കാര്‍ നടപ്പാക്കിയത്.
