സൊഹ്‌റാബുദ്ദീനെ പോലീസ് മനഃപ്പൂര്‍വ്വം വെടിവെക്കുകയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
India
സൊഹ്‌റാബുദ്ദീനെ പോലീസ് മനഃപ്പൂര്‍വ്വം വെടിവെക്കുകയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2013, 12:50 am

മുംബൈ: ഗുജറാത്ത് പോലീസും,  ഗുജറാത്ത്  ഭീകര വിരുദ്ധ സേനയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സൊഹ്‌റാബുദ്ദീന്‍  ഷെയ്ഖിന് വെടിയേറ്റത് തൊട്ടടുത്ത് നിന്നാണെന്ന്  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  സൊഹ്‌റാബുദ്ദീനെ മനഃപ്പൂര്‍വ്വം പോലീസ്  കൊലപ്പെടുത്തുകയായിരുന്നുവെന്നും  റിപ്പോര്‍ട്ടില്‍  വ്യക്തമാക്കുന്നുണ്ട്.[]
സൊഹ്‌റാബുദ്ദീനെതിരെ തൊടുത്ത വെടിയുണ്ടകളിലൊന്ന് തല തുരന്ന് പുറത്തുപോയി. പോയിന്റ് ബ്ലാങ്കിലാണ് തലക്ക് വെടിയുതിര്‍ത്തതെന്നും, മറ്റൊന്ന് കാല്‍മുട്ടിലിരിക്കുമ്പോഴോ, വീണ് കിടക്കുമ്പോഴോ മുകളില്‍ നിന്ന് താഴേക്ക്  വെടിയുതിര്‍ത്തതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍  വ്യക്തമാക്കുന്നുണ്ട്.[]

ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദഗ്ധരും, അഹമദാബാദ് ബി.ജെ മെഡിക്കല്‍ കോളേജ് സിവില്‍ ഹോസ്പിറ്റലിലെ  ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

2006 നവംബര്‍ 26നാണ് സൊഹ്‌റാബുദ്ദീന്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ കൊല്ലപ്പെടുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വദിക്കാനെത്തിയ ഭീകരനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നായിരുന്നു ഗുജറാത്ത് ഭീകര വിരുദ്ധ സേന സെഹ്‌റാബുദ്ദീന്‍ കേസില്‍ വാദിച്ചിരുന്നത്.

ഭാര്യ കൗസര്‍ബിയോടൊപ്പം ഹൈദരാബാദില്‍ നിന്ന് പിടികൂടിയ സൊഹ്‌റാബുദ്ദീനെ ഗാന്ധിനഗറില്‍ വെച്ച് കൊല്ലുകയായിരുന്നു. നവംബര്‍ 28ന് കൗസര്‍ബിയെയും വധിച്ച് ജഡം കത്തിച്ച ശേഷം സംസ്‌കരിച്ചെന്നാണ് കേസ്.

നരേന്ദ്രമോഡിയുടെ വലം കൈ അമിത് ഷാ, രാജസ്ഥാനിലെ മുന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കഢാരിയ എന്നിവരും വ്യാജ ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ ഐ.പി.എസ് പോലീസ് ഉദ്യാഗസ്ഥരും സെഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍  കേസിലെ പ്രതികളാണ്.