ന്യൂദല്‍ഹി: രാം ലീല മൈതാനിയില്‍ നിന്നും യോഗഗുരു  ബാബാ രാം ദേവിനെ ഒഴിപ്പിച്ച പൊലീസ് നടപടിക്ക് സുപ്രീംകോടതി വിമര്‍ശം. രാംലീല മൈതാനത്തെ പോലീസ് നടപടിയില്‍ ബാബ രാംദേവിനും പോലീസിനും വീഴ്ച പറ്റിയതായും സുപ്രീംകോടതി പറഞ്ഞു.

രാം ദേവിനെയും അനുയായികളേയും  മൈതാനത്ത് നിന്ന്  രാത്രിയില്‍  ഒഴിപ്പിച്ച നടപടി ഒഴിവാക്കാമായിരുന്നുവെന്നും ഇത് കാരണം സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുജനങ്ങളാണ് ബുദ്ധിമുട്ടിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

പോലീസ് നടപടിയെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട രാജ്ബാലയുടെ കുടുംബത്തിന് അഞ്ച്‌ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.അതേസമയം തന്റെ അനുയായികളെ നിയന്ത്രണ വിധേയമാക്കുന്നതില്‍ ബാബ രാം ദേവ് അനാസ്ഥ കാണിച്ചെന്നും കോടതി കുറ്റപ്പെടുത്തി.

എന്നാല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ തന്റെ അനുയായികളോട് രാം ദേവ് ആവശ്യപ്പെടുകയായിരുന്നുവെന്നും അവരുടെ നിലപാടാണ് തങ്ങളെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്നും  പൊലീസ് പറഞ്ഞു.  രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് തങള്‍ക്ക് നേരെ ബലം പ്രയോഗിച്ചതെന്നായിരുന്നു രാംദേവിന്റെ ആരോപണം. യു.പി.എ സര്‍ക്കാറിന്റെ അഴിമതിക്കെതിരെയാണ് രാംലീലാ മൈതാനിയില്‍ യോഗ ഗുരു ബാബ രാംദേവും സംഘവും സമരം നടത്തിയത്.

Malayalam news

Kerala news in English