കൊച്ചി: രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്ക്ക് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മറുപടി. പ്രവാചകന്റെ മുടിയും നഖവും വിയര്‍പ്പും ബോഡി വെയ്‌സ്റ്റാണെന്നാണ് പിണറായി പറഞ്ഞത്.

‘പ്രവാചകന്റെ മുടിയായാലും നഖമായാലും വിയര്‍പ്പായാലും അതൊക്കെ ബോഡി വെയ്സ്റ്റാണ്. ചിലയാളുകള്‍ നഖം നീട്ടാറുണ്ടെന്നത് ശരിയാണ്. എന്നാല്‍ അത് മുറിച്ചുകളഞ്ഞാല്‍ അത് വെയ്സ്റ്റാണ്. മുടി നില്‍ക്കുന്നത് അങ്ങനെ നില്‍ക്കട്ടെ, പക്ഷെ അത് മുറിച്ചുകഴിഞ്ഞാല്‍ പിന്നെ അതും വെയ്സ്റ്റാണ്. ഇതിനെയൊക്കെ എല്ലാവര്‍ക്കും ബോഡി വെയ്സ്റ്റായേ കാണാന്‍ പറ്റൂ. പ്രവാചകനെക്കുറിച്ച് പറയുമ്പോള്‍ ആ ബോഡി വെയ്‌സ്റ്റുകളെക്കുറിച്ചല്ല പറയേണ്ടത്. പ്രവാചകന്റെ വാക്കുകള്‍ക്കാണ് പ്രധാന്യം. മുടിക്കല്ല. വാക്കുകളെയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ അനുസരിക്കുകയും പിന്‍തുടരുകയും ചെയ്യേണ്ടത്. ‘ പിണറായി പറഞ്ഞു.

Subscribe Us:

വാക്ഭടാനന്ദനുമായി ബന്ധപ്പെട്ട സെമിനാറിലാണ് താന്‍ ഏത് മുടിയും കത്തുമെന്ന പ്രസ്താവന നടത്തിയത്. അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്ത് സമൂഹത്തില്‍ നിലനിന്ന അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശക്തമായ നിലപാടെടുത്തിയിരുന്നു. അതുകൊണ്ടാണ് ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരം അനാചാരങ്ങള്‍ താന്‍ പരാമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏതെങ്കിലും മതസംഘടകള്‍ വര്‍ഗീയത കാണിച്ച് പേടിപ്പിച്ചാല്‍ മുട്ടുമടക്കുന്നവരല്ല സി.പി.ഐ.എം. ഞങ്ങള്‍ ഒരു കൂട്ടരോടും ഏറ്റുമുട്ടാന്‍ പോയിട്ടില്ല. എന്റെ പ്രസ്താവനയില്‍ കാന്തപുരത്തിന് എന്തിനാണ് അതൃപ്തി കാണിക്കുന്നത്.’ പിണറായി ചോദിക്കുന്നു.
കേരളം കൈവരിച്ച എല്ലാ നേട്ടങ്ങളും തകര്‍ക്കുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. യു.ഡി.എഫിന് വോട്ടുചെയ്ത ജനങ്ങളെല്ലാം നിരാശയിലാണ്. ജനവിരുദ്ധ സര്‍ക്കാരിനെതിരായി ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് കിട്ടിയ അവസരമാണ് പിറവം തെരഞ്ഞെടുപ്പ്. അതിനാല്‍ത്തന്നെ പിറവത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ ജേക്കബ് വിജയിക്കുമെന്നും പിണറായി പറഞ്ഞു.

പാമൊലിന്‍ കേസ് മുഖ്യമന്ത്രി ഇടപെട്ട് അട്ടിമറിച്ചിരിക്കുകയാണ്. ശിശുക്ഷേമ സമിതിയില്‍ കണ്ടത് കടുത്ത നിയമനിഷേധമാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലാക്കിയിരുന്നു. എന്നാല്‍ പൊതുമേഖലാസ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടാണ് യു.ഡി.എഫ് കൈക്കൊള്ളുന്നത്.

ഇടതുപക്ഷസര്‍ക്കാറിന്റെ ശക്തമായ നടപടികളിലൂടെ ഇല്ലാതാക്കിയ കര്‍ഷക ആത്മഹത്യ യു.ഡി.എഫ് അധികാരത്തിലേറിയതോടെ വീണ്ടും സജീവമായി. കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. പരമ്പരാഗത തൊഴില്‍ മേഖലയും സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനവും സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. പൊലീസിനെ പ്രത്യേകരീതിയില്‍ ഉപയോഗിച്ച് സംസ്ഥാനത്തെ ക്രമസമാധാനം സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണ്. ഇതിന്റെയെല്ലാം അമര്‍ഷം ജനങ്ങളിലുണ്ട്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും പിണറായി പറഞ്ഞു.

Malayalam News

Kerala News In English