ന്യൂദല്‍ഹി: ആന്റി- ഡൗ പ്രവര്‍ത്തകരുടെ എതിര്‍പ്പിനേയും എത്തിക്‌സ് പാനല്‍ അധ്യക്ഷയുടെ രാജിയേയും മറികടന്ന് ഡൗ കെമിക്കല്‍സിനെ സ്‌പോണ്‍സര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കാന്‍ 2012 ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സംഘാടകസമിതി തീരുമാനിച്ചു. സംഘാടകസമിതിയെ പ്രധിനിധീകരിച്ച് ചീഫ് എക്‌സിക്കുട്ടീവ് പോള്‍ ഡെല്ലിങ്ടന്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്.
1984 ലെ ഭോപ്പാല്‍ വാതകദുരന്തത്തിന്റെ പേരില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്ന ഡൗ കെമിക്കല്‍സിനെ 2012 ലണ്ടന്‍ ഒളിമ്പിക്‌സിന്റെ മുഖ്യ സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ലണ്ടന്‍ ഹൈക്കമ്മീഷന്‍ മുഖാന്തരം പരാതി നല്‍കിയിരുന്നു. ഇതിനെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് സംഘാടക സമിതി നിലപാടെടുത്തിരിക്കുന്നത്.
ഡൗ കെമിക്കല്‍സിനെതിരെ ലോകമെമ്പാടും നടക്കുന്ന പ്രതിഷേധസമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് ഒളിമ്പിക്‌സിന്റെ സംഘാടകസമിതിയുടെ അധ്യക്ഷ മെറിഡിത് അലക്‌സാണ്ടര്‍ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. സംഘാടകസമിതിയുടെ 12 അധികാരിമാരില്‍ ഒരാളായ മെറിഡിത് അലക്‌സാണ്ടര്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടത്തിവന്നിരുന്ന പ്രതിഷേധനടപടികളുടെ തുടര്‍ച്ചയായിട്ടാണ് സ്ഥാനമൊഴിഞ്ഞത്. മെറിഡിത്തിന്റെ ധീരനടപടിയെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തര്‍ലോച്ചന്‍ സിങ് അറിയിച്ചു. മെറിഡിത് അലക്‌സാണ്ടറുടെ രാജി ഗുരുതരമായ പ്രതിസന്ധികള്‍ക്ക് തുടക്കം കുറിച്ചേക്കുമെന്നാണ് വിലയിരുത്തപെടുന്നത്. ഡൗ കെമിക്കല്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെതിരായ ഇന്ത്യന്‍ സര്‍ക്കാറിന്റെ പരാതിക്ക് ലോകവ്യാപകമായി ശക്തമായ പിന്തുണ ലഭിച്ചുവരുന്നുണ്ട്.
1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ രൂപമാണ് ഡൗ കെമിക്കല്‍സ്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് സ്‌പോണ്‌സര്‍ ചെയ്യുന്നത് ഈ കമ്പനിയാണ്. ലണ്ടന്‍ ഒളിംപിക്‌സിന്റെ സ്‌റ്റേഡിയത്തിന് ചുറ്റും തുണി കൊണ്ട് പൊതിയുവാനുള്ള കരാറാണ് ഡൗ കെമിക്കല്‍സ് നേടിയിരിക്കുന്നത്. ഏഴ് മില്യന്‍ ബ്രിട്ടീഷ് പൗണ്ട് ആണ് സ്‌പോണ്‍സര്‍ഷിപ്പ് തുക.
