വാഷിംഗ്ടണ്‍: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിക്കുന്നതിന് കാരണക്കാര്‍ ഇന്ത്യയും ചൈനയും ബ്രസീലുമാണെന്ന് ഒബാമ. ഈ രാജ്യങ്ങളില്‍ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് എണ്ണ വില ഉയരാന്‍ ഇടയാക്കിയതെന്നും ഒബാമ വ്യക്തമാക്കി. ഊര്‍ജ്ജ നയത്തിലുണ്ടായ പരാജയത്തെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍ വിഭാഗത്തില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നതാണ് ഇന്ത്യയ്‌ക്കെതിരെ തിരിയാന്‍ ഒബാമയെ പ്രേരിപ്പിച്ചത്.

വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളെന്ന നിലയ്ക്ക് ഈ രാജ്യങ്ങള്‍ അമേരിക്കക്കാരെ പോലെ കൂടുതല്‍ കാറുകള്‍ വാങ്ങുന്നത് എണ്ണ വില വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ എണ്ണ ഉപഭോഗത്തില്‍ വളരെ മുന്നിലാണ്. ഇതോടൊപ്പം എണ്ണയുടെ ആവശ്യവും. ഇതെല്ലാം കാരണമാണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില  കുതിച്ചുയരുന്നത്- ന്യൂഹാംപ്‌ഷെയറില്‍ ഒരു സെമിനാറില്‍ സംസാരിക്കവെ ഒബാമ പറഞ്ഞു.

എണ്ണവില കുറയ്ക്കാന്‍ എന്തെങ്കിലും നടപടിയെടുക്കുന്നതിനെക്കുറിച്ച് ഒബാമ ഒന്നും പറഞ്ഞിട്ടില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനായി എണ്ണവിലവര്‍ധനവ് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് മുന്നില്‍കണ്ടാണ് ഒബാമയുടെ പ്രസ്താവന.

Malayalam news

Kerala news in English