കേരളത്തിലൊന്നാകെ കത്തിപ്പടരുന്ന ഒന്നായി നഴ്‌സുമാരുടെ സമരം മാറിയിരിക്കുന്നു. ഇത്രയും കാലം പുറം ലോകം അറിയാതെ അടക്കിപ്പിടിച്ച അവരുടെ വിഷമങ്ങള്‍ കുറേയൊക്കെ ലോകം അറിഞ്ഞു തുടങ്ങിയിരിക്കുന്നു. കോഴിക്കോടെയും തിരുവനന്തപുരത്തേയും എറണാകുളത്തേയും പല ആശുപത്രിയിലെ  നഴ്‌സുമാര്‍ സമരപാത പിന്തുടര്‍ന്നപ്പോള്‍ അതില്‍ അടുത്ത കണ്ണിയായത് തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരാണ്. ശബളവര്‍ദ്ധനയുമായി ബന്ധപ്പെട്ടാണ് സമരമെങ്കിലും അതിനു പിന്നിലും ആരുമറിയാത്ത നിരവധി സത്യങ്ങള്‍ ഉണ്ട്.ഗോകുലം മെഡിക്കല്‍ കോളേജിലെ ചില  നഴ്‌സുമാരുടെ വെളിപ്പെടുത്തലുകള്‍.

വര്‍ഷങ്ങളോളം പരിചയസമ്പത്തുള്ള അവിടുത്തെ നഴ്‌സുമാര്‍ക്ക് മാനേജ്‌മെന്റ് നല്‍കിയത് തുച്ഛമായ ശബളമാണ്. പലരുടേയും ശബളം രണ്ടായിരത്തിനും മൂവായിരത്തിനും ഇടയിലാണ്. അതില്‍ തന്നെ ഹോസ്റ്റല്‍ ഫീസിനായും മെസ്സ് ഫീസിനായും പകുതിയോളം തുക അവിടെ തന്നെ അടയ്‌ക്കേണ്ടി വരാറുണ്ട്.

Subscribe Us:

ശബള വര്‍ദ്ധന ആവശ്യപ്പെട്ട് സമരം നടത്തിയപ്പോള്‍ നവംബര്‍മാസം മുതല്‍ ശബള വര്‍ദ്ധന നടപ്പാക്കുമെന്നും പുതുക്കിയ ശബളമായിരിക്കും ഇനി മുതല്‍ നല്‍കുകയെന്നും മാനേജ്‌മെന്റ് അറിയിച്ചു. എന്നാല്‍ ജനുവരി മാസമായിട്ടും ഇവര്‍ക്ക് ശബളം നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. തുടര്‍ന്ന നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹകളും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെത്തിനെ തുടര്‍ന്ന് ഫിബ്രവരി മാസത്തില്‍ ശബളം നല്‍കാമെന്ന് ഉറപ്പുകൊടുത്തു.

എന്നാല്‍ വാക്കാലുള്ള ഉറപ്പ പോരെന്നും അത് ബോണ്ടായി എഴുതിനല്‍കണമെന്നുമുള്ള നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. ഇതേതുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്. കൂടാതെ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് എടുത്തതിന്റെ പേരില്‍ ഇവരെ ആശുപത്രിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യവും ആശുപത്രി മാനേജ്‌മെന്റ് അംഗീകരിച്ചില്ല.

വൈകീട്ട് അഞ്ച് മണിയ്ക്ക് ഡ്യൂട്ടിയില്‍ കയറുന്ന നഴ്‌സിനെ രാവിലെ പത്തുമണിവരെ ഡ്യൂട്ടിയിലിടുന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്നും നഴ്‌സുമാര്‍ പറഞ്ഞു. ആശുപത്രി ചെയര്‍മാന്റെ അടുത്ത ആളുകളെന്നു പറയുന്ന നോണ്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ തങ്ങളുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നുണ്ടെന്നും മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ചെയ്തികകള്‍ ഇനിയും സഹിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

സമരം തുടങ്ങിയതിനുശേഷവും യാതൊരുവിധത്തിലുള്ള ചര്‍ച്ചയ്ക്കും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. സമരം ചെയ്യുകയാണെങ്കില്‍ ചെയ്‌തോളു എന്നും ,അത് മാനേജ്‌മെന്റിനേയോ ആശുപത്രയെയോ ബാധിക്കില്ലെന്നുമുളള നിലപാടിലാണ് അവര്‍. ഇന്ന് നഴ്‌സുമാര്‍ സമരത്തിനിറങ്ങിയതിനു ശേഷം ,ആശുപത്രിയില്‍ മിനിമം വേതനം നടപ്പിലാക്കി എന്ന രീതിയിലുള്ള പോസ്റ്ററുകളും മാനേജ്‌മെന്റ് ഒട്ടിച്ചിട്ടുണ്ട്. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് അറിയുന്നത്.

കൂടാതെ ഇന്ന് നഴ്‌സുമാര്‍ സമരത്തിനിറങ്ങും എന്നറിഞ്ഞതിനെ തുടര്‍ന്ന് മാനേജ്‌മെന്റിലെ ചില അംഗങ്ങളും നഴ്‌സിംഗ് സൂപ്രണ്ട്മാരും സെക്യൂരിറ്റിയും ചേര്‍ന്ന് ഇന്നലെ ഇവരുടെ മുറിയില്‍ കയറിച്ചെല്ലുകയും ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 1700 രൂപവീതം മാസത്തിലടച്ച്  താമസിക്കുന്ന മുറിയും മാനേജ്‌മെന്റ് അടച്ചുപൂട്ടി. തങ്ങള്‍ക്ക വേണ്ട വസ്ത്രങ്ങള്‍ എടുക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ കഴിയാതെ വിഷമിക്കുകയാണ് നഴ്‌സുമാര്‍.

സംഘടനാ പ്രവര്‍ത്തനം ആരോപിച്ച് ആശുപത്രിയില്‍ നിന്നും പിരിച്ചു വിട്ടവരെ തിരിച്ചെടുക്കണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ആരെയും പിരിച്ചു വിട്ടിട്ടില്ലെന്നും നഴ്‌സുമാരില്‍ ചിലര്‍ രാജി വച്ചു പോവുകയായിരുന്നെന്നുമാണു മെഡിക്കല്‍ കോളജ് മാനേജ്‌മെന്റിന്റെ നിലപാട്.

അതേസമയം ഈ മാസം 29 ന് യു.എന്‍.എയുടെയും മാനേജ്‌മെന്റ് അസോസിയേഷന്റെയും അടിയന്തിര യോഗം തൊഴില്‍ വകുപ്പ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേരളത്തില്‍ നഴ്‌സിങ് സമരം വ്യാപിക്കുന്ന സാഹചര്യത്തിലാണ് തൊഴില്‍ വകുപ്പ് മാനേജ്‌മെന്റിനെയും യുണിയനെയും ഒരുമിച്ചിരുത്തി ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നത്. മിനിമം വേതനമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാട് നിലപാട് യോഗത്തില്‍ പ്രഖ്യാപിക്കും.

Malayalam news

Kerala news in English