നഴ്‌സുമാരുടെ ശമ്പളം ബാങ്ക് വഴി നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്
Kerala
നഴ്‌സുമാരുടെ ശമ്പളം ബാങ്ക് വഴി നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st February 2012, 11:37 am

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം ബാങ്ക് വഴി നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. തൊഴില്‍വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. നഴ്‌സുമാര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. അടുത്തിടെ സംസ്ഥാനത്തെ സ്വകാര്യആശുപത്രിയിലെ നഴ്‌സുമാരുടെ സമരം വ്യാപകമായ സാഹചര്യത്തിലാണ് തൊഴില്‍വകുപ്പിന്റെ ഉത്തരവ്.

ചില സ്വകാര്യആശുപത്രികള്‍ കുറഞ്ഞ ശമ്പളം നഴ്‌സുമാര്‍ക്ക് കൊടുത്ത് വലിയ തുക അക്കൗണ്ടില്‍ എഴുതുന്നതായി നഴ്‌സുമാരില്‍ നിന്നും ആരോപണമുയര്‍ന്നിരുന്നു. ലേബര്‍ ഓഫീസിലും മറ്റും സമര്‍പ്പിക്കുന്ന രേഖകളില്‍ വലിയ തുക രേഖപ്പെടുത്തിയതായും നഴ്‌സുമാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നഴ്‌സുമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ 450ഓളം ആശുപത്രികളില്‍ തൊഴില്‍വകുപ്പ് നടത്തിയ പരിശോധനയില്‍ ആശുപത്രികള്‍ നടത്തുന്ന ഈ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ ചൂഷണം തടയുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍വകുപ്പ് പുതിയ ഉത്തരവിറക്കിയത്.

ശമ്പളം ബാങ്ക് മുഖേന ചെക്കായി നല്‍കണമെന്നത് നഴ്‌സുമാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ്. പുതിയ നിര്‍ദേശം വരുന്നതോടെ നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് സാധിക്കും.

സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജാസ്മിന്‍ ഷാ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

“സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ ഞങ്ങള്‍ ആവശ്യപ്പെട്ട ഒരു കാര്യമാണിത്. പുതിയ നിയമം കൊണ്ട് നഴ്‌സുമാര്‍ക്ക് മുഴുവന്‍ ശമ്പളവും കിട്ടണമെന്നില്ല. ബാങ്കില്‍ നിക്ഷേപിച്ച പണം മാനേജ്‌മെന്റ് തിരിച്ച് ചോദിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച തുക യാതൊരുകാരണവശാലും തിരികെ നല്‍കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.”

Malayalam News

Kerala News In English