Categories

മാനേജ്‌മെന്റ് പ്രതികാരം ചെയ്യുന്നു; അമൃതയില്‍ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്

കൊച്ചി: എറണാകുളം അമൃത ആശുപത്രിയിലെ നേഴ്‌സുമാര്‍ വീണ്ടും സമരത്തിലേയ്ക്ക്. മാനേജ്‌മെന്റ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ഫെബ്രുവരി 21 മുതല്‍ അനിശ്ചിതകാല സമരമായിരിക്കും ആരംഭിക്കുക. ഇതുസംബന്ധിച്ച് തൊഴില്‍ വകുപ്പിന് നോട്ടീസ് നല്‍കി.

സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ ആറുമുതല്‍ അമൃത ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. ജി്‌ലാകലക്ടര്‍, ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഡിസംബര്‍ ഒന്‍പതിന് സമരം ഒത്തുതീര്‍പ്പായിരുന്നു. എന്നാല്‍ സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്കെതിരെ പ്രതികാരനടപടികളുമായി ആശുപത്രി മാനേജ്‌മെന്റ് മുന്നോട്ടുപോയതാണ് സമരം വീണ്ടും ആരംഭിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് യു.എന്‍.എ അമൃത യൂണിറ്റ് സെക്രട്ടറി ജിതിന്‍ ലോഹി പറഞ്ഞു.

‘നേരത്തെ ഒരു നഴ്‌സിന് അഞ്ച് രോഗികളുടെ ചുമതലയാണ് നല്‍കിയിരുന്നത്. സമരത്തിനുശേഷം ഇത് പന്ത്രണ്ടാക്കി. ഐ.സി.യുവില്‍ 2 മുതല്‍ 4വരെ രോഗികളുടെ ചുമതലയാണ് പലര്‍ക്കും നല്‍കുന്നത്.’ ജിതിന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇതിന് പുറമേ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം ഇവര്‍ സേവന സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും ജിതിന്‍ ആരോപിക്കുന്നു. ‘ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ ലീവ് ഉള്‍പ്പെടെ മാര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഞങ്ങള്‍ ഈ തുച്ഛമായ ശമ്പളത്തില്‍ ഇവിടെ ജോലിചെയ്തത് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിനുവേണ്ടി മാത്രമാണ്. എന്നാല്‍ ഇവിടുന്ന് കിട്ടിയ സര്‍ട്ടിഫിക്കറ്റുകൊണ്ട് കേരളത്തിലെന്നല്ല, ലോകത്തൊരിടത്തും ജോലിലഭിക്കില്ല.’ ജിതിന്‍ വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫെബ്രുവരി ഒന്നിന് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയെങ്കിലും അവര്‍ ഇത് സ്വീകരിക്കാന്‍ തയ്യാറായില്ല. ഞങ്ങളുടെ യൂണിയനെ അംഗീകരിക്കാനാവില്ലെന്നാണ് പറഞ്ഞത്. നേരത്തെ സമരം ഒത്തുതീര്‍പ്പാക്കിയ സമയത്ത് യൂണിയനെ അംഗീകരിക്കുമെന്ന് ഉറപ്പുനല്‍കിയതാണ്. ഡിമാന്റ് നോട്ടീസ് സ്വീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവാതിരുന്നതിനാല്‍ രജിസ്‌ട്രേഡ് പോസ്റ്റായാണ് നോട്ടീസ് അയച്ചത്. ഇതേ തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോകാമെന്ന് തീരുമാനിച്ചത്.’ അദ്ദേഹം പറഞ്ഞു.

ശമ്പളം പരിഷ്‌ക്കരണം, ജോലി സമയം ആറ് മണിക്കൂറായി കുറയ്ക്കല്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ ഒരു സമിതിയെ രൂപീകരിച്ച് മൂന്ന് മാനസത്തിനകം പഠിച്ച് തീരുമാനമെടുക്കുമെന്നും മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് നേരത്തെ സമരം ഒത്തുതീര്‍പ്പായത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ യാതൊരുവിധ പ്രതികാര നടപടിയുമുണ്ടാവില്ലെന്നും അവര്‍ ഉറപ്പുനല്‍കിയിരുന്നു.

Malayalam News

Kerala News In English

4 Responses to “മാനേജ്‌മെന്റ് പ്രതികാരം ചെയ്യുന്നു; അമൃതയില്‍ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്”

 1. Manojkumar.R

  …കുത്തക മാനേജ്മെന്റുകള്‍ എന്നും തൊഴിലാളികളെ ചൂഷണം ചെയ്ത ചരിത്രമേ ഉള്ളൂ….ലോക സമസ്ത സുഖിന ഭവന്തു ..എന്ന് പറയുന്ന “അമ്മ”യും മുതലിറക്കി വ്യവസായം നടത്തുമ്പോള്‍ അതൊക്കെ തന്നെയേ ചെയ്യൂ.കാരണം പണ്ടത്തെ പോലെയല്ല കാര്യങ്ങള്‍! ആത്മീയതയും വ്യവസായവും രണ്ടും രണ്ടല്ലേ എന്ന് ചിന്തിക്കുന്ന പഴയ ആളുകളൊന്നും ഇപ്പോള്‍ ഇല്ല; പകരം രണ്ടും ഒന്നുതന്നെയെന്ന് ചിന്തിക്കുന്ന നല്ല “ഭക്തര്‍” കൂടിവരികയുമാണ്. ബിസിനസ്സില്‍ നല്ലപോലെ മുതലിറക്കി (സംഭാന രൂപത്തില്‍) സഹകരിക്കുന്ന അമ്മയുടെ “മക്കള്‍ക്ക്‌” ലാഭ അനുഗ്രഹം നല്‍കാന്‍ അമ്മ ബാധ്യസ്തയാണ്.അല്ലെങ്കില്‍ വിവരമറിയും! …..നാഴ്സുമാരെന്നല്ല ഡോക്ടര്‍മരയാലും അമ്മയ്ക്ക് ഇങ്ങനെയൊക്കെയേ ചെയ്യാനാകൂ.. മക്കളെ..

 2. MANJU MANOJ.

  അമ്മയുടെ ഓരോ വിക്രിതികള്‍…….

 3. Mahesh Nair

  തൊഴില്‍ ഒരു ജീവനോപധിയാണ്. അത് തുച്ചമായ പ്രതിഫലത്തിന് വേണ്ടി ചെയ്താല്‍ മറ്റുള്ളവരോടും ഭാവി തലമുറയോടും ചെയ്യുന്ന ദ്രോഹമാണ്. ഈ ആരോഗ്യ സേവന രംഗത്തെ ആത്മീയ കൊള്ളക്കാരെയും മറ്റു കള്ളന്മാരെയും വച്ച് വാഴിക്കുന്നത്‌ സാക്ഷര കേരളത്തിന്‌ നാണക്കേട്‌ തന്നെയാണ്.
  ചില്ലറ കാശിനു പണിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ , അതായതു ബഹുഭൂരിപക്ഷം വരുന്ന മീഡിയ റിപ്പോര്‍ട്ടര്‍ മാര്‍ ഈ സമരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. സ്വന്തം സ്ഥാപനങ്ങളില്‍ അവകാശത്തിന്റെ ശബ്ദം ഉയര്‍ത്തണം. മാന്യമായ ശമ്പളം കിട്ടുന്ന സ്കൂള്‍ അധ്യാപകരുടെ പണി കളയിക്കുന്ന സ്വകാര്യ സ്കൂള്‍ അധ്യാപകരും തങ്ങള്‍ മനുഷ്യരാണെന്ന് മുതലാളിമാരെ അറിയിക്കണം.

 4. Thooneeram

  കെട്ടിപ്പിടിക്കാനും, ഉമ്മ വയ്ക്കാനും, പാട്ടു പാടുവാനും മാത്രമേ അമ്മയ്ക്ക് അധികാ‍രമുള്ളു (ഒരാള്‍ ദൈവത്തിന്റെ ദുര്‍വിധി നോക്കണേ), മറ്റു കാര്യങ്ങളൊക്കെ നിശ്ചയിക്കുന്നത് മക്കളാണ്. എത്ര കാരുണ്യമാണ് അമ്മ തന്റെ സ്ഥാപനത്തിലെ ജോലിക്കാരായ മക്കള്‍ക്കു മീതെ ചൊരിയുന്നതെന്ന് ഈ നഴ്സുമാരുടെ സമരം കാണിച്ചു തരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.