ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയും വൈസ് ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗും തമ്മില്‍ അഭിപ്രായഭിന്നതയില്ലെന്ന് ടീം മാനേജര്‍ ജി.എസ് വാലിയ. ക്യാപ്റ്റന്‍ ധോണിക്കും സീനിയര്‍ താരങ്ങള്‍ക്കുമിടയില്‍ ഭിന്നതയോ പ്രശ്‌നങ്ങളോ ഇല്ലെന്ന് വിശദീകരിച്ച മീഡിയ മാനേജര്‍ ടീമിന് ഗുണകരമാവുന്ന റിപ്പോര്‍ട്ടുകളിലേക്ക് ശ്രദ്ധനല്‍കാന്‍ മാധ്യമങ്ങളോട് ഉപദേശിക്കുകയും ചെയ്തു. കളിക്കാര്‍ തമ്മിലുള്ള തെറ്റിദ്ധാരണ ഭിന്നതയായി കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍, ടീമിനകത്ത് പ്രശ്‌നമുണ്ടെന്നും കളിക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നുമുള്ള വാര്‍ത്തകള്‍  അവര്‍ക്ക്  ഉത്കണ്ഠയുണ്ടാക്കുന്നതാണ്. കളിക്കാര്‍ക്ക് ഇപ്പോള്‍ ലക്ഷ്യം അടുത്ത രണ്ട് മത്സരങ്ങളിലെ അനിവാര്യ ജയമാണ് -വാലിയ വ്യക്തമാക്കി.

Subscribe Us:

എന്നാല്‍, ഭിന്നതയെന്ന വാര്‍ത്തകള്‍ മാധ്യമ കെട്ടുകഥയാണെന്ന ബി. സി. സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ വാക്കുകള്‍ അദ്ദേഹം ശരിവെച്ചില്ല. വാലിയയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമ ഊതിപ്പെരുപ്പിച്ച കഥയാണ് ഭിന്നതയെന്ന് ശ്രീനിവാസന്‍ പറഞ്ഞത്. എന്നാല്‍, അത്തരത്തില്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും ഇത് ആശയവിനിമയത്തിലെ തെറ്റിദ്ധാരണമൂലം സംഭവിച്ചതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ധോണി നടപ്പാക്കിയ റൊട്ടേഷന്‍ പോളിസിയില്‍ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നീ സീനിയര്‍ താരങ്ങള്‍ക്ക് എതിര്‍പ്പുള്ളതായും ഇവരും ക്യാപ്റ്റനും തമ്മില്‍ ഭിന്നതയുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്ന് ടീമില്‍ ഐക്യം ഉറപ്പു വരുത്താണ്‍ ധോണിക്കും സെവാഗിനും വ്യാഴാഴ്ച ബി.സി.സി.ഐ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം സിഡ്‌നിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധോണിയും സെവാഗും പങ്കെടുത്തില്ല. ഇര്‍ഫാന്‍ പത്താനും വാലിയയുമാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ടീമംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വ്യാഴാഴ്ച സീനിയര്‍ താരങ്ങള്‍ യോഗം ചേര്‍ന്നെന്ന വാര്‍ത്തകളും മീഡിയ മാനേജര്‍ നിഷേധിച്ചു.

അതിനിടെ സെവാഗിന്റെ ഇംഗ്ലീഷിലുള്ള മോശം അവഗാഹമാണ് ധോണിയുടെ പ്രസ്താവന തെറ്റിദ്ധരിക്കാന്‍ കാരണമായതെന്നും ബി.സി.സി.ഐ ഇന്നലെ വ്യക്തമാക്കിയിരുന്നു. ‘മത്സര ദിവസങ്ങളില്‍ ടീമംഗങ്ങള്‍ 17 പേരും യോഗം ചേര്‍ന്നു. കളിക്കാര്‍ക്കിടയില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് അവര്‍ ഒറ്റക്കെട്ടായി പറയുന്നു. ടീം ആസ്‌ട്രേലിയയില്‍ എത്തിയത് മുതല്‍ കഴിഞ്ഞ 75 ദിവസവും ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. എന്നാല്‍, ആര്‍ക്കെങ്കിലും പ്രശ്‌നമോ അഭിപ്രായ ഭിന്നതയോ ഇല്ല’. – ജി. എസ്. വാലിയ അറിയിച്ചു.

Malayalam news

Kerala news in English