സിനിമാ താരങ്ങള്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നത് ശരിയാണോ എന്നത് വീണ്ടും മലയാള സിനിമയില്‍ ചര്‍ച്ചയാവുകയാണ്. പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളെ പിന്തുണച്ചുകൊണ്ട് താര സംഘടന അമ്മ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളെ വിമര്‍ശിച്ചുകൊണ്ട് ചലച്ചിത്ര സംവിധായകന്‍ കമല്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പരസ്യങ്ങളില്‍ നിരന്തം പ്രത്യക്ഷപ്പെടുന്ന സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു കമല്‍ സംസാരിച്ചത്. എന്നാല്‍ കമലിന്റെ വിമര്‍ശനങ്ങളെ പാടേ അവഗണിച്ചുകൊണ്ടാണ് താരസംഘടന ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുന്നത്.

പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് ഒരു താരത്തെയും അമ്മ വിലക്കിയിട്ടില്ലെന്നാണ് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറയുന്നത്. ഒരു താരത്തിന്റെ വിശ്വാസ്യതയില്‍ ഒരു ഉല്പന്നം വിറ്റഴിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ഇന്നസെന്റ് ചോദിക്കുന്നത്.

അടുത്തിടെ ഒരു പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു എന്നതുകൊണ്ടുതന്നെ ഇതുപോലൊരു പ്രസ്താവന നടത്താന്‍ കമലിന് അധികാരമില്ലെന്നും ഇന്നസെന്റ് കുറ്റപ്പെടുത്തുന്നു. കമലിന്റെ പ്രസ്താവന അര്‍ത്ഥശൂന്യമാണ്. താരങ്ങള്‍ ഇത് കാര്യമാക്കേണ്ടതില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.

പരസ്യചിത്രങ്ങളിലെ സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കമ്പനികളെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കമലും പരസ്യചിത്രത്തില്‍ അഭിയനിച്ചല്ലോ എന്ന ഇന്നസെന്റിന്റെ ചോദ്യത്തിന് കമല്‍ ഇങ്ങനെ മറുപടി പറഞ്ഞു: ‘ ഒരു സ്വകാര്യകമ്പനിയുടെ പരസ്യത്തില്‍ പ്രതിഫലം പറ്റാതെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍താരങ്ങള്‍ പരസ്യചിത്രങ്ങള്‍ക്കായി കോടികളാണ് പ്രതിഫലം പറ്റുന്നത്. ഇതിനെ ഒരു വിവാദമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല’

തിങ്കളാഴ്ച കോതമംഗലത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് കമല്‍ സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തിയത്.

Malayalam News

Kerala News In English