നാഗപട്ടണം: ദലിത് യുവാവിനെ പ്രണയിച്ച ഹിന്ദു യുവതി മാനംകാക്കല്‍ കൊലപാതകത്തിനിരയായി. 29 കാരിയായ ചിത്രയാണ് ജാതിവ്യവസ്ഥയുടെ ക്രൂരതയ്ക്ക് ഇരയായത്. കാമുകനായ മാധവനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിച്ചതച്ചു. ഭാഗ്യം കൊണ്ടാണിയാള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

വേദരണ്യത്തെ വണ്ടാലില്‍ വ്യാഴാഴ്ച രാവിലെയാണ് ഈ ക്രൂരകൃത്യം നടന്നത്. സംഭവത്തെക്കുറിച്ച് ആക്രമണത്തിനിരയായ മാധവന്‍ പറയുന്നതിങ്ങനെ, ‘ ജാതി ചോദിച്ച് എന്റെ അരികിലെത്തിയ കുറച്ച് ആളുകള്‍ തെരുവില്‍ എന്നെ തടഞ്ഞു. പിന്നീട് ഒരു കൂട്ടം ആളുകള്‍ എന്റെ അടുത്തെത്തി മര്‍ദ്ദിക്കാന്‍ തുടങ്ങി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അവരിലൊരാള്‍ ചിത്രയെ വലിച്ചിഴച്ചു കൊണ്ടുവന്നു. അവള്‍ വന്നയുടന്‍ ഒരാള്‍ പരസ്യമായി ചിത്രയെ ആക്രമിച്ചു. പിന്നീട് ആളുകള്‍ ചിത്രയെ വലിച്ചിഴച്ച് തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടയിലും എന്നെ അവര്‍ മര്‍ദ്ദിച്ചുകൊണ്ടേയിരുന്നു.’

പിന്നീട് ചിത്രമരിച്ചെന്ന വിവരമാണ് മാധവന്‍ അറിയുന്നത്. അതിനുശേഷം മര്‍ദ്ദിച്ചവശാനിക്കിയ ഇയാളെ ചിത്രയുടെ വീട്ടിലേക്ക് കൊണ്ടുപോയി മൃതദേഹം കിടന്ന മുറിയില്‍ പൂട്ടിയിട്ടു. അവിടെയുണ്ടായിരുന്ന സാരിയില്‍ തൂങ്ങിമരിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ മേല്‍ക്കൂര വളരെ താഴ്ന്നിരുന്നതിനാല്‍ മാധവന്‍ മരിച്ചില്ല.

അവിടെ നിന്നും ഇയാളെ വലിച്ച് തെരുവിലേക്ക് കൊണ്ടുപോയി വീണ്ടും മര്‍ദ്ദിച്ചു. രണ്ട് പോലീസുകാരെത്തിയാണ് ഇയാളെ രക്ഷിച്ചത്. എന്നാല്‍ സ്‌റ്റേഷനില്‍ കൊണ്ടുപോയി മൊഴിയെടുക്കണമെന്ന ആവശ്യം പരിഗണിക്കാതെ പോലീസുകാര്‍ തലൈനായര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ കൊണ്ടെത്തിക്കുകയാണുണ്ടായതെന്ന് മാധവന്‍ പറയുന്നു. അവിടെ നിന്നും ടാക്‌സിയില്‍ തിരുതുറൈപൂണ്ടി ഗവണ്‍മെന്റ് ആശുപത്രിയിലേക്കയച്ചു. ശരീരത്തിലെ മുറിവുകള്‍ പാലത്തില്‍ നിന്നും വീണപ്പോള്‍ പറ്റിയതാണെന്ന് പറഞ്ഞാല്‍ മതിയെന്ന് പോലീസുകാര്‍ തന്നോട് പറഞ്ഞതായും മാധവന്‍ വ്യക്തമാക്കി.

ഇങ്ങനെയൊരു സംഭവം നടന്നതായി തങ്ങള്‍ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് തലൈനായര്‍ പോലീസ് പറയുന്നത്. എന്നാല്‍ മാധവന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ തന്നെ പോലീസ് സൂപ്രണ്ടിനെ വിമരമറിയിച്ചിരുന്നെന്ന് ജില്ലാ ബോണ്ടഡ് ലേബര്‍ മോണിറ്ററിംഗ് കമ്മിറ്റി അംഗം ബിര്‍ള തങ്കദുരൈ പറഞ്ഞു.

പോലീസ് സംഭവത്തെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും തങ്കദൂരൈ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം തന്നെ ചിത്രയുടെ ശവസംസ്‌കാരം നടത്തിയതായും അദ്ദേഹം പറഞ്ഞു.

Malayalam news

Kerala news in English