ചാലക്കുടി: അപകീര്‍ത്തിക്കേസില്‍ മാതൃഭൂമി മാനേജിങ് എഡിറ്റര്‍, മുന്‍പത്രാധിപര്‍, പ്രസാധകന്‍, ലേഖകന്‍ എന്നിവര്‍ക്ക് മൂന്നുമാസം തടവും 5000 രൂപ വീതം പിഴയും . ചാലക്കുടിയിലെ ഗൈനക്കോളജിസ്റ്റ് റോസമ്മ ജോസഫ് നല്‍കിയ പരാതിയിന്‍മേല്‍ ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി. ചന്ദ്രശേഖറാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.

2005 ഒക്ടോബര്‍ പത്തിന് മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത മാനഹാനിയുണ്ടാക്കുന്നതാണെന്ന് കാണിച്ച്  റോസമ്മ ജോസഫ് പരാതി നല്‍കിയത്. വാര്‍ത്ത സത്യമാണെന്നും ഉത്തമ വിശ്വാസത്തോടെ പ്രസിദ്ധീകരിച്ചതാണെന്നുമുള്ള വാദം നിരസിച്ചുകൊണ്ടാണ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, മുന്‍പത്രാധിപര്‍ കെ. ഗോപാലകൃഷ്ണന്‍, പ്രസാധകനായ എം.എന്‍. രവിവര്‍മ, മാള മേഖല ലേഖകന്‍ മുരളി എന്ന മുരളീധരന്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 500ാം വകുപ്പ് പ്രകാരം മൂന്നുമാസം തടവും 5000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം മൂന്നുമാസം വീതം വെറുംതടവിനും ഉത്തരവുണ്ട്. കൂടാതെ ഒന്നാംപ്രതി പി.വി. ചന്ദ്രനും പ്രസാധകനായ മൂന്നാം പ്രതി എം.എന്‍. രവിവര്‍മയും 502ാം വകുപ്പ് പ്രകാരവും കുറ്റക്കാരാണെന്ന് കണ്ടതിനെത്തുടര്‍ന്ന് 5000 രൂപ പിഴയും ഒടുക്കണം. പിഴയൊടുക്കാത്ത പക്ഷം മൂന്നുമാസം വെറും തടവിനും കോടതി ഉത്തരവില്‍ വ്യവസ്ഥയുണ്ട്.

Subscribe Us:

മാള സ്വദേശി വില്‍സി ജോഷി എന്ന യുവതിയെ ഡോക്ടര്‍ റോസമ്മ സീസേറിയന് വിധേയയാക്കിയെന്നും രണ്ടുവര്‍ഷത്തിനുശേഷം വില്‍സിക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്തുവെന്നും വില്‍സിയുടെ വയറ്റില്‍ നിന്നും പഞ്ഞിക്കെട്ടും നൂലും കണ്ടെടുത്തുവെന്നുമായിരുന്നു വാര്‍ത്ത. സീസേറിയന്‍ കഴിഞ്ഞ യുവതിയുടെ വയറ്റില്‍ പഞ്ഞിക്കെട്ടും നൂലും എന്ന തലക്കെട്ടോടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച വാര്‍ത്ത സത്യവിരുദ്ധമാണെന്നും ഡോക്ടര്‍ റോസമ്മക്ക് അപകീര്‍ത്തി ഉണ്ടാക്കിയെന്നുമുള്ള വാദം അംഗീകരിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചത്.

Malayalam news

Kerala news in English