ന്യൂദല്‍ഹി: കൊല്ലം ഉള്‍ക്കടലില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്ന സംഭവത്തിന്മേലുള്ള ഇന്ത്യന്‍ നിലപാടിനെതിരെ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ്ജ് ആലഞ്ചേരി രംഗത്ത്. ഇറ്റലിക്കെതിരെ സംസ്ഥാനം തിരിക്കിട്ട് നടപടിയെടുക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വാര്‍ത്താ ഏജന്‍സിയായ ഫിഡസിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര മന്ത്രി കെ.വി തോമസ് പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടെന്ന് കേരളത്തിലെ കത്തോലിക്ക മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. പ്രശ്‌നത്തില്‍ രമ്യമായി പരിഹാരം കാണണം. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഇത് ഉപയോഗിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

റോമില്‍ വെച്ചാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അഭിമുഖം നല്‍കിയത്. പി.ടി.ഐ, എ.എഫ്.പി എന്നീ വാര്‍ത്താ ഏജന്‍സികളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോമിലേക്ക് പോയ ആലഞ്ചേരിയെ കെ.വി തോമസ് അനുഗമിച്ചിരുന്നു.

എന്നാല്‍ വാര്‍ത്തയോട് പ്രതികരിച്ച പോള്‍ തേലക്കാട്ട് ഈ വാര്‍ത്ത നിഷേധിച്ചു. രാഷ്ട്രത്തിനെതിരായി താനൊന്നും പറഞ്ഞിട്ടില്ലെന്നും വാര്‍ത്ത വളച്ചൊടിച്ചതാണെന്നും പിതാവ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്നോട് പറഞ്ഞതായി പോള്‍ തേലക്കാട്ട് വ്യക്തമാക്കി.

Malayalam News

Kerala News In English