കേരളീയനെ സംബന്ധിച്ച് കണ്ടല്‍ക്കാടുകള്‍ ഒരപൂര്‍വ്വകാഴ്ചയായിരുന്നില്ല. എന്നാല്‍ അധികം വൈകാതെ തന്നെ അതില്‍ മാറ്റംവരുന്ന രീതിയിലാണ് മനുഷ്യന്റെ പോക്ക്. വൈവിധ്യമാര്‍ന്ന സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും മത്സ്യങ്ങളുമെല്ലാം കൂടിച്ചേര്‍ന്ന ഒരു ആവാസവ്യവസ്ഥയാണ് കണ്ടല്‍ക്കാടുകള്‍. ഇന്ത്യയില്‍ 55 തരം കണ്ടല്‍ ചെടികളാണ് പൊതുവേ കാണപ്പെടുന്നത്. ഇവയില്‍ പതിനാല് ഇനങ്ങള്‍ മാത്രമാണ് കേരളത്തില്‍ കാണപ്പെടുന്നത്.

മനുഷ്യശരീരത്തില്‍ വൃക്കകള്‍ ചെയ്യുന്ന പണിയാണ് ഭൂമിയില് കണ്ടല്‍ക്കാടുകള്‍ ചെയ്യുന്നത്. തോടുകളില്‍ നിന്നും പുഴകളില്‍ നിന്നും ഒലിച്ചെത്തുന്ന ജലത്തിന്റെ മാലിന്യങ്ങള്‍ ശേഖരിച്ച് ശുദ്ധീകരിച്ച് അവ അഴിമുഖത്തേക്ക് ഒഴുക്കുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുകയും ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്തുകൊണ്ട് വായു ശുദ്ധീകരിക്കുന്നു. തണ്ണീര്‍ത്തടങ്ങളിലെ ചതുപ്പ് നിലങ്ങളാണ് കണ്ടല്‍ക്കാടുകളുടെ ആസ്ഥാനം. ഉപ്പുകലര്‍ന്ന വെള്ളത്തില്‍ വളരാനാവശ്യമായ അനുകൂല ഘടകങ്ങള്‍ ഇവയ്ക്കുണ്ട്.

Subscribe Us:

ഈയടുത്ത കാലം വരെ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ തണ്ണീര്‍ത്തടങ്ങളെ ഒരു പാഴ്‌നിലമായാണ് ആളുകള്‍ കണ്ടിരുന്നത്. ചളിയും വെള്ളവും നിറഞ്ഞ് കൊതുകുകള്‍ക്ക് വളരാന്‍ പറ്റിയ ഒരിടം. മാലിന്യങ്ങള്‍ അടിഞ്ഞു കിടക്കുന്ന ഈ സ്ഥലം മണ്ണിട്ടു നികത്തുന്നതിനോ വെട്ടിനശിപ്പിക്കുന്നതിനോ ആരും പരാതി പറഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുനാമിത്തിരകള്‍ വന്ന് നമ്മുടെ കരയില്‍ താണ്ഡവമാടിയപ്പോഴാണ് എല്ലാവരും കണ്ടലുകളുടെ മഹത്വം മനസ്സിലാക്കിയത്. കണ്ടല്‍ക്കാടുകള്‍ ഇടതൂര്‍ന്ന് വളര്‍ന്ന ഭാഗങ്ങളില്‍ സുനാമിയുടെ ആക്രമണം വളരെ കുറവായിരുന്നു.

ലോകത്തെമ്പാടുമുള്ള കണ്ടല്‍ക്കാടുകള്‍ ചുരുങ്ങി ചുരുങ്ങി വരുന്നതായി പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അമേരിക്കയിലെ ജിയോളജിക്കല്‍ സര്‍വേ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഈയടുത്ത് നടത്തിയ പഠനത്തില്‍ 1,37,760 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ക്കാടുകളേ ഉള്ളൂവെന്ന് കണ്ടെത്തുകയുണ്ടായി.1980 നും 2000 ത്തിനും ഇടയില്‍ 35 ശതമാനം നശിച്ചുപോയതായി സര്‍വേ വെളിപ്പെടുത്തുന്നു.

ചില കണ്ടല്‍ച്ചെടികളുടെ പ്രത്യുത്പാദന രീതി മറ്റ് സസ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കണ്ടല്‍ച്ചെടികള്‍ പൂത്ത് കായ്കളുണ്ടായാല്‍ അവ ചതുപ്പിലെ വെള്ളത്തില്‍ വീണ് നശിക്കും. അതിനാല്‍ ഇത്തരം ചെടികള്‍ വിത്തുകളെ പിടിച്ചുവെയ്ക്കുന്നു. അവ ചെടിയിലിരുന്ന് തന്നെ കിളിര്‍ക്കുകയും വേര് പിടിക്കുകയും ചെയ്യുന്നു. കുത്തനെയുള്ള വേരോട് കൂടിയ ഈ വിളകളാണ് പിന്നീട് താഴേക്ക് വീഴുന്നത്. അവയുടെ വേരുകള്‍ ചതുപ്പിലെ ചേറില്‍ തറച്ച് അവിടെ വളരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടാണ് പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍ നാഷണല്‍പാര്‍ക്ക്. ഇതൊരു കടുവസംരക്ഷണ കേന്ദ്രം കൂടിയാണ്. ഈ കാട്ടിലെ പ്രധാന വൃ്ക്ഷങ്ങള്‍ സുന്ദരിമരങ്ങള്‍ എന്നറിയപ്പെടുന്ന കണ്ടല്‍വൃക്ഷങ്ങളായതിനാലാണ് ഇതിന് സുന്ദര്‍ബന്‍ എ്ന്ന പേരുലഭിച്ചത്.

Malayalam news

Kerala news in English