Categories

ലാലൂര്‍ മാലിന്യം: നിരാഹാരമിരുന്ന വേണുവിനെ അറസ്റ്റ്ചെയ്തു നീക്കി

തൃശൂര്‍:  ലാലൂര്‍ മാലിന്യ പ്രശ്‌നത്തില്‍ തൃശൂര്‍ കോര്‍പറേഷനു മുന്നില്‍ നിരാഹാരമിരുന്ന കെ.വേണുവിനെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. ആരോഗ്യനില അതീവഗുരുതരമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ അറസ്റ്റ്ചെയ്തു നീക്കിയത്.

തൃശൂര്‍ ഡി.വൈ.എസ്.പി ടി.കെ.തോമസിന്റെ നേതൃത്വത്തില്‍ രാവിലെ ആറരയോടെ ആയിരുന്നു അറസ്റ്റ്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു.

തുടര്‍ന്ന് വേണുവിനെ തൃശൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചു. ഇദ്ദേഹത്തെ ഇന്നലെ വൈകിട്ടും ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. അതേസമയം, ലാലൂരില്‍ നിലവിലുള്ള മാലിന്യം മാറ്റാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ആശുപത്രിയിലും നിരാഹാരം തുടരുമെന്നും വേണു പറഞ്ഞു.

വികേന്ദ്രീകൃത മാലിന്യ നിക്ഷേപം നടപ്പാക്കുക, ലാലൂരിലെ മാലിന്യം നീക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞ ഒരാഴ്ചയായി നിരാഹാരസമരം നടത്തിവരികയായിരുന്നു അദ്ദേഹം.

നഗരമാലിന്യവും ലാലൂരിലെ കെട്ടിക്കിടക്കുന്ന മാലിന്യവും നീക്കം ചെയ്യാനുള്ള വഴി കാണാതെ തൃശൂര്‍ കോര്‍പ്പറേഷന്‍ പാടുപെടുകയാണ്. മാലിന്യം നീക്കം ചെയ്യാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ഭീതിയും ഉയര്‍ന്നിട്ടുണ്ട്.

വലിയ അഭിവാദ്യപ്രകടനങ്ങളോ ആള്‍ക്കൂട്ടമോ ഇല്ലാത്ത സമരപ്പന്തലായിരുന്നു ലാലൂരിലേത്. എന്നാല്‍ വരുദിവസങ്ങളില്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചതായി ലാലൂര്‍ സമരസമിതി ചെയര്‍മാന്‍ ടി.കെ ഹംസ പറഞ്ഞു. നിരന്തരം നീതി നിഷേധിക്കപ്പെട്ട് ചവച്ചുതള്ളപ്പെട്ട ഒരു ജനതയുടെ അവസാനത്തെ പ്രതീക്ഷയെന്ന പോലെയാണ് വേണുവിന്റെ ഈ സമരമെന്നും സമരസമിതിക്കാര്‍ പറഞ്ഞു. അതേസമയം വേണുവിനെ അറസ്റ്റുചെയ്തു നീക്കിയ നടപടിയില്‍ പ്രതിഷേധിച്ച് തൃശൂര്‍ മേയറെ ലാലൂരിലെ സമരസമിതിക്കാര്‍ ഘരാവോ ചെയ്തു.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.