കൊച്ചി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയത ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് ഏഴുദിവസത്തേക്ക് കൂടി നീട്ടി. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് ഒന്നുവരെ റിമാന്‍ഡ് നീട്ടാന്‍ പോലീസ് ഹര്‍ജി നല്‍കിയത്. നേരത്തെ മൂന്ന് ദിവസത്തേക്കാണ് നാവിക ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്.

കപ്പല്‍ പരിശോധന ഇറ്റാലിയന്‍ അധികൃതരുടെ സാന്നിധ്യത്തിലായിരിക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിച്ചു. കപ്പല്‍ പരിശോധിക്കുന്നതിനെ നേരത്തെ ഇറ്റാലിയന്‍ അധികൃതര്‍ എതിര്‍ത്തിരുന്നു.

കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ചീഫ് മാസ്റ്റര്‍ സാര്‍ജന്റ് മസിമിലാനോ ലത്തോറെ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ ഹാജരാക്കിയത്.

അതേസമയം, കപ്പലുടമകള്‍ 25 ലക്ഷം രൂപ കൂടി ബാങ്ക് ഗ്യാരന്റിയായി കെട്ടിവെയ്ക്കണമെന്ന് ഹൈക്കോടി ഉത്തരവിട്ടു. രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വെടിയേറ്റു മരിച്ച കന്യാകുമാരി കുളച്ചല്‍ സ്വദേശി അജീഷ് ബിങ്കിയുടെ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരായ അഖില, അജുന എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ച വലന്റൈന്റെ ഭാര്യ ഡോര്‍മ വാലന്റൈന്‍, മക്കളായ ഡെറിക്, ജീന്‍ എന്നിവര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയിലും ബാങ്ക് ഗ്യാരന്റിയായി 25 ലക്ഷം രൂപ കെട്ടിവെയ്ക്കാന്‍ കപ്പല്‍ ഉടമകളോട് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബിങ്കിയുടെ സഹോദരിമാര്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി നല്‍കിയിയത്.

Malayalam News

Kerala News In English