കോതമംഗലം: സൂപ്പര്‍താരങ്ങള്‍ സമൂഹത്തോടുള്ള ബാധ്യത മറക്കുകയാണെന്ന് സംവിധായകന്‍ കമല്‍.  കച്ചവടക്കാര്‍ക്ക് കാശുണ്ടാക്കാന്‍ പരസ്യചിത്രങ്ങള്‍ക്കുവേണ്ടി നല്ല കലാകാരന്മാര്‍ നിന്നുകൊടുക്കരുതെന്നും കമല്‍ പറഞ്ഞു.

‘ താരങ്ങളെന്ന നിലയ്ക്ക് ഞാനടക്കമുള്ള കലാകാരന്‍മാര്‍ക്ക് സമൂഹത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. ആ ഉത്തരവാദിത്തത്തില്‍ നിന്നും മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള നടന്‍മാര്‍ പിന്നോട്ട് പോകുന്നുണ്ടോയെന്നുള്ളതാണ് ഏറ്റവും വലിയ ചോദ്യം’ കമല്‍ പറഞ്ഞു.

Subscribe Us:

കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജ് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള അഖിലേന്ത്യാ ശാസ്ത്രസാങ്കേതിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

10 വര്‍ഷം കഴിയുമ്പോള്‍ ശൂന്യതയുടെ ചിത്രമാണ് സാഹിത്യ, രാഷ്ട്രീയ രംഗങ്ങളില്‍ അനുഭവപ്പെടുക. ഇത് സിനിമയിലും ഉണ്ടാകും. മലയാളസിനിമയുടെ ദുര്യോഗമാണ് സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന് മുമ്പും പിമ്പും എന്ന അവസ്ഥയിലേക്ക് സമൂഹം എത്തിയെന്ന് കമല്‍ പറഞ്ഞു.

മമ്മൂട്ടിയെയും മോഹന്‍ലാലിനെക്കാളും വലിയ താരങ്ങളായ രജനികാന്തും കമലഹാസനും ഒരു പരസ്യചിത്രത്തില്‍പ്പോലും വന്നിട്ടില്ല. അത് തങ്ങളുടെ മേഖലയല്ലെന്ന് അവര്‍ക്കറിയാം. തന്റെ ജോലി സിനിമയ്ക്ക് വേണ്ടി ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമാവുകയാണ് തന്റെ ജോലിയെന്ന സാമാന്യബോധം മറ്റ് ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ക്കുണ്ട്. ഇവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്ക് അതില്ലയെന്നുള്ളതാണ് തകരാറ്. പരസ്യങ്ങളിലൂടെ ജനങ്ങളെ വില്‍ക്കാന്‍ താരങ്ങളും കൂട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘ മോഹന്‍ലാലിന്റെ പരസ്യങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ അദ്ദേഹം അഭിനയിക്കുന്നു. രാവിലെ അദ്ദേഹം പറയുന്നു നിങ്ങള്‍ സ്വര്‍ണം വാങ്ങണം. അതിനുശേഷം മണപ്പുറം ഗോള്‍ഡിന്റെ പരസ്യത്തില്‍ അദ്ദേഹം പറയുന്നു ആ സ്വര്‍ണം പണയം വയ്ക്കാന്‍. ഈ വാങ്ങിച്ച സ്വര്‍ണം കൊണ്ടുപോയി പണയംവയ്ക്കാനാണ് അദ്ദേഹം തന്നെ പറയുന്നത്. മറ്റൊരു പരസ്യത്തില്‍ വൈകിട്ടെന്താ പരിപാടിയെന്ന് ചോദിക്കുന്നു. ആ പണയംവച്ച കാശ് കൊണ്ട് കള്ളുകുടിക്കാന്‍. ഇതാണ് അദ്ദേഹം അഭിനയിച്ച പരസ്യങ്ങളുടെ സന്ദേശം എന്ന് പറയുമ്പോഴാണ് ഇവരുടെ ഇത്തരം പ്രവൃത്തികളെ സംശയദൃഷ്ടിയോടെ നോക്കേണ്ടിവരുന്നത്.’ കമല്‍ തുറന്നടിച്ചു.

‘സ്വപ്നസഞ്ചാരി’ സിനിമയ്ക്ക് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വിലക്ക് പ്രഖ്യാപിച്ചതിനെക്കുറിച്ചും കമല്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമില്ലാത്ത അവസ്ഥയിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ഇതിനെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഏറെ വിസ്മയക്കാഴ്ചകളോടെ ഒരുക്കിയിരിക്കുന്ന എക്‌സിബിഷന്‍ 25വരെ നീണ്ടുനില്‍ക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 8വരെയാണ് പ്രദര്‍ശനം.

കഴിഞ്ഞ ദിവസം അമ്മയുടെ അധ്യക്ഷന്‍ ഇന്നസെന്റും സൂപ്പര്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു സൂപ്പറുകള്‍ വിചാരിച്ചാല്‍ ഒരു തേങ്ങയും നടക്കില്ലെന്നായിരുന്നു ഇന്നസെന്റിന്റെ കമന്റ്.

Malayalam News

Kerala News In English