സിനിമയില്‍ സെലക്ടീവായാല്‍ വീട്ടിലിരിക്കേണ്ടിവരുമെന്ന് നടന്‍ കലാഭവന്‍ മണി. മണി നായകനായ മിക്ക സിനിമകളും പരാജയപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടന്റെ പ്രതികരണം.

‘സിനിമയില്‍ കഥ വലിയൊരു ഘടകമാണ്. എന്നാല്‍ നല്ല കഥ നോക്കിയിരുന്നാല്‍ സിനിമ ചെയ്യാന്‍ കഴിയാതെവരും. വിജയവു പരാജയവും ഉണ്ടാകും. അത് എന്നെ മാത്രമല്ല എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്.’ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മണി പറഞ്ഞു.

‘ എന്റെ പടത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞാല്‍ പ്രായപൂര്‍ത്തിയായ പെണ്ണിനെപ്പോലെയാണ്. കെട്ടിച്ച് വിടേണ്ട പ്രായത്തില്‍ കെട്ടിച്ച് വിടണം. സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളും അനുബന്ധ വര്‍ക്കുകളും  കഴിഞ്ഞു. ഇന്നദിവസം റിലീസെന്നു പറഞ്ഞാണ് ഓരോരുത്തരും വരുന്നത്. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ മൊത്തത്തിലൊരു താളം തെറ്റലാണ്. പടം സമയത്തിനിറങ്ങില്ല. എല്ലാവരും വന്നുപോയശേഷം വന്നിട്ടെന്തുകാര്യം’ മണി വ്യക്തമാക്കി.

‘ഞാന്‍ നായകനായി അഭിനയിക്കുന്നതുകൊണ്ട് ചെറിയ വേഷം ചെയ്യാന്‍ വിളിച്ചാല്‍ വരുമോ എന്ന സംശയമാകാം അത്തരം വേഷങ്ങളിലേക്ക് വിളിക്കാത്തതെന്ന് തോന്നുന്നു. ഞാനും ദിലീപും നല്ല കോമ്പിനേഷനായിരുന്നു. എനിക്ക് അന്നും ഇന്നും കോമഡിവേഷങ്ങളോടാണ് താല്‍പര്യം. കോമഡി ചെയ്യില്ലെന്ന് ആരോടും ഞാന്‍ പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. പലരും അങ്ങനെ സംശയിച്ചിട്ടുണ്ടാകാം ‘ അദ്ദേഹം പറഞ്ഞു.

കോമഡി കഥാപാത്രങ്ങളിലൂടെ സിനിമയിലെത്തിയ മണി വില്ലന്‍ വേഷങ്ങളിലും നായകവേഷത്തിലും കോമഡിയിലും ഒരുപോലെ തിളങ്ങിയിരുന്നു. എന്നാല്‍ അടുത്തിടെ മണിയുടെ പല ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. എം.എല്‍.എ മണി പത്താംക്ലാസും ഗുസ്തിയും എന്ന ചിത്രമാണ് മണിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നതും മണിയാണ്.

Malayalam News

Kerala News In English