തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി അജീഷ് പിങ്കുവിന്റെ കുടുംബം കേരള സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്ത്. കൊല്ലപ്പെട്ട ജലസ്റ്റിന്റെ കുടുംബത്തെ സഹായിക്കാന്‍ മാത്രമാണ് കേരളസര്‍ക്കാര്‍ തയ്യാറായതെന്നും തമിഴ്‌നാട്ടുകാരയതുകൊണ്ട് തങ്ങളെ അവഗണിക്കുമെന്നുമാണ് ആരോപണം.

ജലസ്റ്റിന്റെ കുടുംബത്തിന് നല്‍കിയ ആനുകൂല്യം തങ്ങള്‍ക്കും നല്‍കണം. നഷ്ടപരിഹാരത്തുകയായി അഞ്ചുലക്ഷം പ്രഖ്യാപിച്ചത് തങ്ങള്‍ അറിയില്ല. കേരളത്തില്‍ വെച്ചാണ് അജീഷ് കൊല്ലപ്പെട്ടത്. അതുകൊണ്ട് തന്നെ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത കേരളസര്‍ക്കാരിനാണെന്നും അജീഷിന്റെ കുടുംബം ആരോപിച്ചു.

അജീഷിന്റെ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത തമിഴ്‌നാട് സര്‍ക്കാരിനാണെന്ന് ബിഷപ്പ് സുസേപാക്യം വ്യക്തമാക്കി. അജീഷിന്റെ കുടുംബത്തിന് ജോലി നല്‍കേണ്ട ബാധ്യത തമിഴ് നാട് സര്‍ക്കാരിനാണ്. കുടുംബത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇറ്റാലിയന്‍ കപ്പല്‍ ‘എന്റിക ലെക്‌സി’ അടുത്ത തിങ്കളാഴ്ച വൈകിട്ട് അഞ്ചുവരെ കൊച്ചിവിടുന്നത് ഹൈക്കോടതി തടഞ്ഞു.ഇതുസംബന്ധിച്ച് കൊച്ചി തുറമുഖ ട്രസ്റ്റിനാണ് ജസ്റ്റിസ് വി. രാംകുമാറും ജസ്റ്റിസ് കെ. ഹരിലാലും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നല്‍കിയിട്ടുള്ളത്. വെടിയേറ്റ് മരിച്ച കൊല്ലം സ്വദേശി ജലസ്റ്റിന്റെ ഭാര്യ ഡോറമ്മയ്ക്കും കുട്ടിക്കും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കപ്പലുടമ 25 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവെക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നു. തുക കെട്ടിവെച്ചാല്‍ തുറമുഖം വിട്ടുപോകാന്‍ കപ്പലിന് കഴിയുമായിരുന്നു.

കപ്പലിലെ തോക്കുകളുടെയും മറ്റും പരിശോധന ഇന്ന് നടക്കും. കപ്പല്‍ പുറങ്കടലില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചി തുറമുഖട്രസ്റ്റിന്റെ ഓയില്‍ ടാങ്കര്‍ ബെര്‍ത്തില്‍ എത്തിച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്നുള്ള സാങ്കേതികവിദഗ്ധരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുക. ഇന്നലെ ഇറ്റാലിയന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് പരിശോധനയ്ക്കായി എത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. തിരുവനന്തപുരത്തുനിന്ന് വിരലടയാള, ബാലിസ്റ്റിക് വിദഗ്ധരുടെ സംഘം പരിശോധനയ്ക്കായി കൊച്ചിയിലെത്തിയിട്ടുണ്ട്.

Malayalam news

Kerala news in English