ജറുസലം: ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതിന് അറസ്റ്റിലായ ഫലസ്തീന്‍ തടവുകാരനായ ഖാദര്‍ അദ്‌നാനെ വിട്ടയക്കാന്‍ തീരുമാനം. വിചാരണ കൂടാതെ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് നീതിയെന്ന ആവശ്യവുമായി കഴിഞ്ഞ ഒമ്പതാഴ്ചയിലേറെയായി നിരാഹാരം തുടരുന്ന അദ്‌നാനെ വിട്ടയക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. പ്രശ്‌നം ഇസ്രായേല്‍ സുപ്രീംകോടതി പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിറകെയാണ് അദ്‌നാനെ മോചിപ്പിക്കുന്നതായുള്ള വാര്‍ത്ത അഭിഭാഷകന്‍ പുറത്തുവിട്ടത്. അഡിമിനിസ്‌ട്രേറ്റീവ് തടവുകാരനായാണ് അദ്‌നാനെ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. ഏപ്രിലോടെ അദ്‌നാനെ മോചിപ്പിക്കുമെന്ന് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു.

Subscribe Us:

അദ്‌നാന്റെ അഡ്മിനിസ്‌ട്രേറ്റീവ് തടവ് അവസാനിപ്പിക്കാന്‍ ധാരണയായിട്ടുണ്ടെന്ന് ഇസ്രായേല്‍  നീതിന്യായ വകുപ്പ് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. പക്ഷെ രണ്ട് മാസം കൂടി അദ്‌നാന് ജയിലില്‍ കഴിയേണ്ടിവരും. അറുപത്തിയേഴ് ദിവസമായി നിരാഹാരം തുടരുന്ന അദ്‌നാന്റെ മോചനം ഏപ്രില്‍ പതിനേഴോടു കൂടി സാധ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.

തടവുകാര്‍ക്ക് നീതിനിഷേധിക്കപ്പെടുന്ന സംഭവം അദ്‌നാന്റെ നിരാഹാര സമരത്തോടെയാണ് ആഗോളശ്രദ്ധയാകര്‍ഷിക്കുന്നത്. നിരാഹാരത്തിന് പ്രേരിപ്പിച്ച ആവശ്യത്തെ ലോകമെമ്പാടും പ്രത്യേകിച്ച് ഫലസ്തീനിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും ജനങ്ങളും ഏറ്റെടുത്തതോടെ ഇസ്രായേല്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുകയായിരുന്നു.

വടക്കന്‍ വെസ്റ്റ് ബാങ്കില്‍ നിന്നും ഡിസംബര്‍ പതിനേഴിനാണ് ഫലസ്തീനിയന്‍ ഗ്രൂപ്പായ ഇസ്രായേല്‍ ജിഹാദിന്റെ വക്താവെന്ന് ആരോപിച്ച് അദ്‌നാനെ സ്വന്തം വസതിയില്‍ നിന്നും ഇസ്രായേല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഈയിനത്തില്‍പ്പെട്ട തടവുകാരെ വിചാരണ കൂടാതെ അനന്തമായി ജയിലില്‍ പാര്‍പ്പിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിന് സാധിക്കും.

വിചാരണ കൂടാതെയുള്ള തന്റെ തടവിനെതിരെയുള്ള അദ്‌നാന്റെ പ്രതിഷേധം പതിവില്‍ നിന്ന് വ്യത്യസ്തമായി ഫതഹ്, ഹമാസ് ഗ്രൂപ്പുകള്‍ ഒന്നിച്ചേറ്റെടുക്കുകയായിരുന്നു. അദ്‌നാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇരുവിഭാഗങ്ങളില്‍ നിന്നുമുള്ള ആയിരങ്ങള്‍ ഒന്നിച്ചാണ് റാലികള്‍ നടത്തിയത്. ‘ ഞങ്ങള്‍ ഓരോരുത്തരും ഖാദര്‍ അദ്‌നാന്‍മാരാണെന്ന മുദ്രാവാക്യങ്ങളുമായാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗാസയിലും വെസ്റ്റ് ബാങ്കിലുമായി പ്രകടനങ്ങള്‍ നടന്നിരുന്നത്. കൂടാതെ ഇരുനഗരങ്ങളിലുമായി യുവാക്കള്‍ റിലേ നിരാഹാരവും അദ്‌നാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയിരുന്നു.

നിലവില്‍ ആശുപത്രിയിലാണ് അദ്‌നാന്‍.വിറ്റാമിന്‍ ഗുളികകള്‍ നല്‍കുന്നുണ്ടെന്നാണ് ഇസ്രായേല്‍ അധികൃതര്‍ അറിയിക്കുന്നത്. അദ്‌നാന്റെ മോചനത്തിനായി ഇസ്രായേലില്‍ സമ്മര്‍ദം ചെലുത്തുന്നതിന് ലോകനേതാക്കള്‍ ഇടപെടണമെന്ന ഫലസ്തീന്‍ മുഖ്യ മധ്യസ്ഥന്‍ സഈബ് ഇറാകത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അനുകൂലമായ മറുപടിയായിരുന്നു യു.എസ് വിദേശകാര്യസെക്രട്ടറി ഹിലാരി ക്ലിന്റണ്‍, ഇ.യു മേധാവി കാതറീന്‍ ആഷ്റ്റന്‍ തുടങ്ങിയവരില്‍ നിന്നും ഇറാകതിന് ലഭിച്ചത്.

Malayalam News

Kerala News In English