ലണ്ടന്‍: ഐസ്‌ക്രീം പ്രേമികള്‍ സൂക്ഷിക്കുക. മയക്കുമരുന്നായ കൊക്കെയ്‌നെപ്പോലെ തന്നെ ഐസ്‌ക്രീമും അത് ഉപയോഗിക്കുന്നവരെ അടിമകളാക്കുമെന്ന് ഗവേഷണത്തില്‍ പറയുന്നു.

അമേരിക്കയിലെ ഒറിഗോണ്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഐസ്‌ക്രീമില്‍ അടങ്ങിയ ഉയര്‍ന്നതോതിലുള്ള പഞ്ചസാരയും അന്നജവും ഇതിനെ അടിമപ്പെടുത്താന്‍ കാരണമാക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഉള്‍പ്പെട്ട ഡോ. കൈല്‍ ബര്‍ഗര്‍ പറഞ്ഞു.

ഐസ്‌ക്രീം ഉപയോഗിക്കുന്ന 151 കൗമാരക്കാരുടെ തലച്ചോറിന്റെ പ്രവര്‍ത്തങ്ങള്‍ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഐസ്‌ക്രീം സ്ഥിരമായി ഉപയോഗിക്കുന്നവരുടെ തലച്ചോറിലെ ‘റിവാര്‍ഡ് ഏരിയ’ കളുടെ പ്രവര്‍ത്തന ക്ഷമത കുറയുന്നതായി കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ തലച്ചോറിലെ ‘റിവാര്‍ഡ് ഏരിയയിലെ പ്രവര്‍ത്തന ക്ഷമതയ്ക്ക് സമമാണിതെന്നും കണ്ടെത്തി.

എന്നാല്‍ ഈ പഠനം ഐസ്‌ക്രീമും മയക്കുമരുന്നും ഉപയോഗിക്കുമ്പോള്‍ തലച്ചോറിലുണ്ടാവുന്ന പ്രശ്‌നങ്ങളെ നേരിട്ട് താരതമ്യം ചെയ്യുന്നില്ല. തലച്ചോറിന്റെ ചിലഭാഗങ്ങളുടെ പ്രവര്‍ത്തനം രണ്ടിലും തുല്യമാണെന്ന് പറയുകമാത്രമേ ചെയ്യുന്നുള്ളൂ.

അമേരിക്കന്‍ ജേണല്‍ ഓഫ് ക്‌ളിനിക്കല്‍ ന്യൂട്രീഷനാണ് ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്.

Malayalam news

Kerala news in English