കാരക്കാസ്: അര്‍ബുദ ബാധയെ തുടര്‍ന്ന് ക്യൂബയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം താന്‍ സുഖം പ്രാപിച്ചുവരുന്നതായി വെനിസ്വേലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. വെനിസ്വേലിയന്‍ ടെലിവിഷന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ഷാവേസ് ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ അസുഖം ഭേദമായി വരുന്നുണ്ട്. ശ്‌സത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഡോക്ടര്‍മാര്‍ പ്രത്യേക ആഹാരക്രമം നിശ്ചയിച്ചിട്ടുണ്ട. ദിവസവും കുറച്ചുനേരം നടക്കാറുണ്ടെന്നും ഷാവേസ് അറിയിച്ചു.

തനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന വെനിസ്വേലയിലെ എല്ലാ ജനങ്ങള്‍ക്കും നന്ദിപറയാനും ഷാവേസ് മറന്നില്ല. തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോടുമുള്ള നന്ദിയും അദ്ദേഹം വെളിപ്പെടുത്തി. ഷാവേസ് ഇപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ക്യൂബയില്‍ ഷാവേസ് ശസ്ത്രക്രിയക്കും നാല് ഘട്ട കീമോതെറാപ്പിക്കും വിധേയനായിരുന്നു. ഇതിനു പിന്നാലെ അര്‍ബുദത്തെ ജയിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇടുപ്പില്‍ വീണ്ടും ട്യൂമര്‍ കണ്ടെത്തിയ ഡോക്ടര്‍മാര്‍ ഇത് എത്രയും വേഗം നീക്കം ചെയ്യണമെന്നു മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണു ഷാവേസ് വീണ്ടും ക്യൂബയിലേയ്ക്കു പുറപ്പെട്ടത്.

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് തിരിച്ചെത്തുമെന്ന് ഷാവേസ് പറഞ്ഞു. ഇത് മരിക്കാനുള്ള സമയമല്ലെന്നും, ജീവിച്ചിരിക്കാനുള്ള സമയമാണെന്നും ഒക്ടോബര്‍ 7 ലെ വലിയ വിജയത്തെ എതിര്‍ക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്നും ആ വലിയ യുദ്ധത്തെ നേരിടാന്‍ പെട്ടെന്ന് മടങ്ങിയെത്തുമെന്നും ഷാവേസ് പ്രസ്താവിച്ചു.

Malayalam news

Kerala news in English