കാരക്കാസ്: വിദഗ്ധ ചികിത്സയ്ക്കായി വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ക്യൂബയിലേയ്ക്കു പുറപ്പെട്ടു. മുന്‍പു ശസ്ത്രക്രിയ നടത്തിയ ഭാഗത്തു ട്യൂമര്‍ കണ്ടത്തിയ സാഹചര്യത്തില്‍ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനാകാനാണ് ഷാവേസ് ക്യൂബയിലേയ്ക്കു പോകുന്നത്.

കാരക്കാസിലെ വിമാനത്താവളത്തിലെത്തിയ ഷാവേസിന് അനുയായികള്‍ വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. തന്റെ ജീവന് വേണ്ടി പൊരുതുമെന്നും ഒക്ടോബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചെത്തുമെന്നും ഷാവേസ് യാത്രയ്ക്ക് മുമ്പ് അണികളോട് പറഞ്ഞു.

ഒക്‌ടോബര്‍ ഏഴിനു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു ഷാവേസിന്റെ ആരോഗ്യസ്ഥിതി വീണ്ടും വഷളായത്. ഏതൊരു പ്രതിസന്ധിയും തരണംചെയ്തു മടങ്ങിയെത്തുമെന്നും തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷവും ഷാവേസ് ക്യാന്‍സര്‍ ചികിത്സയ്ക്കായി ക്യൂബയിലേക്ക് പോയിരുന്നു. പിന്നീട് മൂന്ന് തവണ കീമോതെറാപ്പിക്കുശേഷമാണ് തിരിച്ചെത്തിയത്. ഒക്ടോബറില്‍ ചികിത്സകഴിഞ്ഞ് തിരിച്ചെത്തിയ ഷാവേസ് താന്‍ ട്യൂമറിനെ പരാജയപ്പെടുത്തിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച തനിക്ക് വീണ്ടും സര്‍ജറി വേണമെന്ന് ഷാവേസ് ജനങ്ങളെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ശസ്ത്രക്രിയ നടത്തിയ അതേ ഡോക്ടര്‍സംഘം തന്നെയാണ് പുതിയ ശസ്ത്രക്രിയയും നടത്തുന്നത്. ഓപ്പറേഷനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തായായി. അടുത്തയാഴ്ച തന്നെ ഓപ്പറേഷന്‍ നടക്കുമെന്നാണറിയുന്നത്.

Malayalam news

Kerala news in English