ന്യൂദല്‍ഹി: സ്വവര്‍ഗരതി സംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യാവങ്മൂലത്തിലെ നിലപാട് കേന്ദ്രം തിരുത്തി. സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്നും രാജ്യത്തെ സാമൂഹ്യ വ്യവസ്ഥിതിക്ക് എതിരാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഈ നിലപാടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ തിരുത്തിയത്. അഭിഭാഷകന്റെ അഭിപ്രായം സര്‍ക്കാറിന്റേതല്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയ ദല്‍ഹി ഹൈക്കോടതി വിധിക്കെതിരേ ലഭിച്ച ഹരജികള്‍ പരിഗണിക്കുന്ന സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെ സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി മല്‍ഹോത്രയാണ് നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ ധാര്‍മിക, സാമൂഹിക മൂല്യങ്ങള്‍ മറ്റു രാജ്യങ്ങളിലേതില്‍ നിന്നും വ്യത്യസ്തമാണെന്നും ഇക്കാര്യങ്ങളില്‍ അവരെ അനുകരിക്കാനാകില്ലെന്നുമായിരുന്നു മല്‍ഹോത്ര കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.

Subscribe Us:

ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്ന ഉടനെ തന്നെ ദ്രുതഗതിയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ആഭ്യന്തരമന്ത്രാലയം നിലപാട് തിരുത്തിയത്. സ്വവര്‍ഗരതി സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വിഷയം ക്യാബിനറ്റിന്റെ പരിഗണനയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും തിരുത്തല്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

2009ലാണ്  ദല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയത്. പതിനാറ് ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ ഇതിനെതിരേ ലഭിച്ചിട്ടുളളത്. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.

സ്വവര്‍ഗരതിയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Malayalam News

Kerala News In English