ദേവോസ്: ലോകത്ത് ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത മതവിഭാഗമാണ് ഇസ്‌ലാമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍. വിദ്യാഭ്യാസവും ഉത്തരവാദിത്തവുമില്ലാത്തവരുടെ കയ്യില്‍ നമ്മള്‍ മതത്തെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
” എന്റെ അഭിപ്രായത്തില്‍ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെടുകയും മോശമായി ചിത്രീകരിക്കപ്പെടുകയും ചെയ്യപ്പെട്ട മതമാണ് ഇസ്‌ലാം. ഉദാഹരണത്തിന് സ്ത്രീകള്‍ക്ക് ആദരവ് നല്‍കുന്ന ഒരേയൊരു മതമാണ് ഇസ്‌ലാം എന്നിട്ടെന്തായി. ഇതിന്റെ ഉത്തരവാദിത്തം ലോകത്തിന് മുഴുവനായാണ്. കാരണം ഇസ്‌ലാം മതത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ നമ്മളാണ് അനുമതി നല്‍കിയത്. ” വേള്‍ഡ് എക്‌ണോമിക് ഫോറത്തില്‍ ജനാധിപത്യത്തെക്കുറിച്ചുള്ള സംവാദത്തനിടെ ഖര്‍ പറഞ്ഞു.
നല്ല ജനാധിപത്യത്തെ ഇസ്‌ലാം പിന്തുണക്കുന്നുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ തന്റെ രാജ്യം ഇതിന് വലിയ ഉദാഹരണമായി മാറുമെന്നും അവര്‍ വ്യക്തമാക്കി.
” ഇസ്‌ലാം നല്ല ജനാധിപത്യത്തെ പിന്തുണക്കുന്നു. ഇസ്‌ലാമും ജനാധിപത്യവും വിരുദ്ധ ശക്തികളല്ല. രണ്ടുപേരും പരസ്പരം പിന്തുണക്കുന്ന ശക്തികളാണ്. ഇതിന്റെ ഏറ്റവും വിലിയ ഉദാഹരണമായി പത്ത് വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാന്‍ മാറും.”
” സമൂഹത്തിലെ അവശിഷ്ടങ്ങളുടെ കയ്യില്‍ നിന്നും ഇസ്‌ലാമിനെ നമ്മള്‍ രക്ഷിക്കേണ്ടതുണ്ട്. വിദ്യാഭ്യാസമില്ലാത്തവരുടെയും ഉത്തരവാദിത്തമില്ലാത്തവരുടെയും കയ്യില്‍ മതത്തെ ഏല്‍പ്പിക്കുകയാണ് നമ്മള്‍ ചെയ്തത്. ഈ വ്യത്യാസം മനസിലാക്കേണ്ട ബാധ്യത പടിഞ്ഞാറന്‍ ലോകത്തിനുണ്ട്. എന്നാല്‍ പല അവസരത്തിലും അവര്‍ മുന്‍ധാരണയോടുകൂടിയാണ് പെരുമാറുന്നതെന്ന് മാത്രം. പാക്കിസ്ഥാന്റെയും ഫലസ്തീന്റെയും കാര്യത്തില്‍ വലിയ പക്ഷപാതമാണ് കാണിക്കുന്നത്.” അവര്‍ കൂട്ടിച്ചേര്‍ത്തു.

