സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി
ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, അബ്ദുള്‍നാസര്‍ മദനി ഗോഡ്‌സേ മനോഭാവമുള്ള രാഷ്ട്രീയക്കാരുടേയും പോലീസുകാരുടെയും ന്യായാധിപന്മാരുടേയും ഇരയാണ്. പറയന്‍, പുലയന്‍, ഈഴവന്‍, നായര്‍, നമ്പൂതിരി എന്നിങ്ങനെ പരസ്പരം കണ്ടുകൂടാതെയോ തൊട്ടുകൂടാതേയോ കഴിഞ്ഞിരുന്നവരെല്ലാം മനുഷ്യരാണെന്നും മനുഷ്യര്‍ക്കെല്ലാം അവകാശവും അവസരവും തുല്ല്യമായി ലഭ്യമാകേണ്ടതുണ്ടെന്നുമുള്ള സമത്വ-സ്വാതന്ത്ര്യ സാഹോദര്യത്തിന്റെ കാഴ്ചപ്പാടാണ് കേരളത്തിന്റെയും ഇന്ത്യയുടേയും നവോത്ഥാനചരിത്രം മുന്നോട്ടുവച്ചത്. അങ്ങനെയാണ് പൊതുവഴി എല്ലാവര്‍ക്കും നടക്കാനുള്ളതും സ്‌കൂളുകള്‍ എല്ലാവര്‍ക്കും ഒരുമിച്ചിരുന്നു പഠിക്കാനുള്ളതും ആയിത്തീര്‍ന്നത്.
ജാതി വിഭാഗീയതകള്‍ക്ക് അതീതമായ മാനവമൈത്രിയുടെ പൊതു മണ്ഡലത്തെ രാജ്യവ്യാപകമായിതന്നെ ദുര്‍ബലമാക്കുന്നതിനു വീരസവര്‍ക്കാറും ജിന്നയും ഉയര്‍ത്തിക്കൊണ്ടുവന്ന വിഭജനവാദവും ചോരപ്പുഴയൊഴുകിയ ഇന്ത്യാ-പാക്ക് വിഭജനവും വഴിവെച്ചു. ഈ പിളര്‍പ്പിന്റെ ഫലമായി ശക്തിപ്പെട്ട മുസ്ലീം വിദ്വേഷത്തിന്റെ സന്തതിയാണ് നാഥൂറാം വിനായക് ഗോഡ്‌സേ എന്ന ഹിന്ദുരാഷ്ട്രവാദിയായ ഗാന്ധിഘാതകന്‍. ആയാളും ഒരു ബ്രാഹ്മണനായിരുന്നത്രെ!
“മുസ്ലീങ്ങളെ അവിശ്വസിക്കണം” എന്ന അജന്‍ഡയില്‍ ഒതുങ്ങുന്ന ഒന്നാണ് ഹിന്ദുരാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്രം. മനുഷ്യന്‍ മഹര്‍ഷിയാകണമെന്നോ മഹാത്മാഗാന്ധിയാകണമെന്നോ അല്ല ഹിന്ദുരാഷ്ട്ര പ്രത്യയശാസ്ത്രം ആവശ്യപ്പെടുന്നത്. മറിച്ച് മനുഷ്യന്‍ ഇന്ത്യയില്‍ ഹിന്ദുവായിരിക്കുവാന്‍ മുസ്ലീം വിരുദ്ധനായിരിക്കണം എന്നാണ്; ക്രൈസ്തവവിരുദ്ധനും കമ്മ്യൂണിസ്റ്റ്‌വിരുദ്ധനും ആയിരിക്കണം എന്നാണ്.
ലോകാരാധ്യനായ ഗാന്ധിജിയുടെ വധത്തിലെ പ്രതി ഗോഡ്‌സേയെന്ന വ്യക്തിയെ ആര്‍.എസ്സ്.എസ്സ് തള്ളിപ്പറയുന്നുണ്ടെങ്കിലും ഗോഡ്‌സേ ഉന്നയിച്ച “മുസ്ലീം വിരുദ്ധനായ ഹിന്ദു ആയിരിക്കുക” എന്ന ആശയം ആര്‍.എസ്സ്.എസ്സ് ഇന്നോളം തള്ളിപ്പറഞ്ഞിട്ടില്ല. അതിനാല്‍ ഇന്ത്യയില്‍ മനുഷ്യരെ ഗോഡ്‌സേയാക്കാനുള്ള സംഘടിതശ്രമങ്ങളുടെ ആകെത്തുകയാണ് സംഘപരിവാരപ്രവര്‍ത്തനം എന്നു പറയാം.
ഈയിടെ നോര്‍വ്വേയില്‍ ആന്‍ഡേഴ്‌സണ്‍ ബ്രവിക് എന്ന ക്രൈസ്തവഭീകരവാദി ചെയ്തതിനെ ന്യായീകരിക്കുന്നവരല്ലാതെ ഹിന്ദുവാകാന്‍ ഗോഡ്‌സെ ആകണം എന്നതിലൂന്നി പ്രവര്‍ത്തിക്കുന്ന സംഘപരിവാരത്തേയും ആരും ന്യായീകരിക്കുകയില്ല.
മുസ്ലീങ്ങളെ അവിശ്വസിക്കുന്ന ഒരു മനസ്സ് ഇന്ത്യയില്‍ രൂപപ്പെടുന്നതിനു ഇന്ത്യാ-പാക്ക് വിഭജനം നല്‍കിയ പ്രേരണകളെ “ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും” എന്ന പഴഞ്ചൊല്ലിന്റെ മനഃശാസ്ത്രമെങ്കിലും അറിയാവുന്നവര്‍ക്ക് തീര്‍ത്തും നിരാകരിക്കാനാവില്ല. ഇന്ത്യാ-പാക്ക് വിഭജനവും തദ്ഫലമായി രൂപപ്പെട്ട ഗോഡ്‌സേമനോഭാവവും ഉണ്ടായിരുന്നില്ലെങ്കില്‍ ആര്‍.എസ്സ്.എസ്സ് ഇത്രത്തോളം ഇന്നാടിന്റെ പാരമ്പര്യത്തിന്റെ വക്താക്കളെന്ന പുറന്തോലണിഞ്ഞ് വളരുമായിരുന്നോ എന്ന കാര്യവും പരിചിന്തനീയമാണ്.
ഹിന്ദുപക്ഷത്തു ഗോഡ്‌സേമാരുണ്ടായപ്പോള്‍ ഇപ്പുറത്ത് ഗോഡ്‌സേക്കു സദൃശരായവരും ഉണ്ടായി. ഇരുകൂട്ടരും ചെയ്തത് മതവിശ്വാസത്തിനെ പ്രതി മനുഷ്യരെ പരസ്പരം അവിശ്വാസികളാക്കിത്തീര്‍ക്കുന്ന നിലപാടുകള്‍ പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ആശയങ്ങളും പ്രക്ഷേപണം ചെയ്യുക എന്നതാണ്. അങ്ങനെ ഗോഡ്‌സേ മനോബാധയുടെ പരമമോച്ചനിലയിലെത്തിയ ഹിന്ദുതീവ്രവാദപ്രാസംഗികര്‍ ഉണ്ടായി. അവരില്‍ മുമ്പനായിരുന്നു ചെങ്കോട്ടുകോണം ശ്രീരാമസഭാമിഷന്‍ മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദസരസ്വതി. ഇതിന്റെ ഇസ്ലാമിക പതിപ്പായിരുന്നു. ഐ.എസ്സ്.എസ്സ് രൂപീകരിച്ച ആബ്ദുള്‍നാസര്‍ മദനി.
സത്യാനന്ദസരസ്വതിയുടെ പ്രസംഗങ്ങള്‍ മുസ്ലീം വിരുദ്ധതയിലൂന്നിയ ഹിന്ദുത്വത്തെ പ്രഖ്യാപനം ചെയ്തു എങ്കില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ പ്രസംഗങ്ങള്‍ ഫലത്തില്‍ ഹിന്ദുവിരുദ്ധതയിലൂന്നിയ മുസ്ലീം ആവേശത്തേയാണ് പ്രഖ്യാപനം ചെയ്തത്. കാമാവേശത്തിനു മാത്രമല്ല മതാവേശത്തിനും കണ്ണില്ല എന്നു തെളിയിക്കുന്നതായിരുന്നു രണ്ടും. ഇവര്‍ രണ്ടുപേരും അറിഞ്ഞോ അറിയാതെയോ മുറിപ്പെടുത്തിയത് “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.” എന്ന ശ്രീനാരായണഗുരുവിന്റെ ആശയാദര്‍ശങ്ങളുടെ പൊന്നോണപ്പൊലിമയില്‍ പുലര്‍ന്നിരുന്ന മാവേലിനാടിന്റെ മലയാളിമനസ്സിനെ ആയിരുന്നു.
മനുഷ്യമനസ്സ് ഇന്ത്യയും പാക്കുമായി വിഭജിക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തിയവര്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ബി.ജെ.പിയുടെ “താമര” വിരിയില്ലായിരുന്നു. അതിനാല്‍ സത്യാനന്ദസരസ്വതി അര്‍ഹിക്കുന്നതില്‍ കൂടുതല്‍ മഹത്വം ഏതു ഇ.എം.എസ്സ് ഗാന്ധിജിയോട് ഉപമിച്ചാലും അബ്ദുള്‍നാസര്‍ മദനിക്ക് വകവെച്ചുകൊടുക്കുവാന്‍ ബുദ്ധിമുട്ടാണ്. ഗാന്ധിജിയും മദനിയും തമ്മിലുള്ള അകലം ഗോഡ്‌സേയും ഗാന്ധിജിയും തമ്മിലുള്ള അകലത്തിന് മോഡിയും മഹര്‍ഷിയും തമ്മിലുള്ള അകലത്തിനും സമാനമാണ്.അടുത്ത പേജില്‍ തുടരുന്നു
മദനിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രസംഗശൈലി മഹാത്മാഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നില്ല; നാഥൂറാംവിനായക് ഗോഡ്‌സേയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. ആ പ്രസംഗശൈലികൂടിയാണ് മദനിയെ കുരുക്കാന്‍, തുടക്കത്തില്‍ പറഞ്ഞതുപോലെ ഗോഡ്‌സെ മനോഭാവക്കാരായ രാഷ്ട്രീയക്കാര്‍ക്കും പോലീസുകാര്‍ക്കും ന്യായാധിപന്മാര്‍ക്കും വേണ്ടത്ര സാഹചര്യം ഉളവാക്കിയത്.
ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യസമരക്കാലം മുതല്‍ക്കിങ്ങോട്ട് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവരും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നുമുണ്ട്. പക്ഷേ, അവര്‍ക്കെതിരെയൊന്നും കെട്ടിച്ചമച്ച കേസുകളില്‍ വിചാരണയ്ക്കുവേണ്ടി അറസ്റ്റു നടപടികളോ മറ്റോ ഉണ്ടായിട്ടുള്ളതായി അറിവില്ല. ഇതില്‍നിന്നുതന്നെ മദനിയുടെ ശൈലി മദനിയെ കുരുക്കുന്നതിനു കാരണമായി എന്നു പറയുന്നതിനു ന്യായങ്ങള്‍ ഉണ്ടെന്നു വ്യക്തമാകുമെന്നു കരുതട്ടെ.
ബാബറി മസ്ജിദ്, ഗുജറാത്തു വംശഹത്യ എന്നിവയെ തുടര്‍ന്നും മദനിയുടെ പ്രശ്‌നത്തെ പ്രതിയും നമ്മുടെ നാട്ടിലെ ബുദ്ധിജീവികള്‍ എടുത്ത നിലപാട് ഗോഡ്‌സേമനോഭാവമാണ് ഹിന്ദുമനോഭാവം എന്നതിലൂന്നിയതും അതുവഴി ബഹുഭൂരിപക്ഷത്തെ ഒന്നടങ്കം ഗോഡ്‌സെയോടൊപ്പം പ്രതിക്കൂട്ടില്‍ നിറുത്തുന്നതുമായിരുന്നു. പക്ഷേ, ഗോഡ്‌സേയെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഇന്ത്യന്‍ പാരമ്പര്യത്തിന്റെ പ്രതിനിധിയായി കാണുന്ന ഏതൊരു നിലപാടും അചരിത്രപരവും അസംബന്ധവുമാണ്. അതു ശരിയാകണമെങ്കില്‍ മുഹമ്മദലിജിന്നയെ ഇസ്ലാമിന്റെ മഹാനായ പ്രതിനിധിയായി കാണേണ്ടിവരും; താലീബാനേ ഇസ്ലാമിന്റെ മഹത്തായ പ്രയോഗമായും കരുതേണ്ടിവരും!
അന്തോണിയാഗ്രാംഷിയെ തെറ്റായി ഉപജീവിച്ച് ഇന്ത്യയില്‍ പരമതങ്ങളോടു ലവലേശം ദാക്ഷിണ്യമില്ലാത്ത ഹൈന്ദവമേല്‍ക്കൊയ്മാ പ്രത്യയശാസ്ത്രം (Hindu hegemony) നിലനിന്നിരുന്നു എന്ന് വിളിച്ചുകൂവുന്നവര്‍ ഒരു ചോദ്യത്തിന് മറുപടി പറയണം. ഒരു ജനാധിപത്യ മതേതര രാഷ്ട്രമാകുന്നതിനുമുമ്പുതന്നെ ഇന്ത്യയിലെങ്ങും മുസ്ലീങ്ങളും അവരുടെ ആരാധനാലയങ്ങളും ഉണ്ടായിട്ടുണ്ടല്ലോ? അന്നത്തെ ഇന്ത്യന്‍ ഭരണകൂടങ്ങള്‍ക്ക് പരമതങ്ങളോടു ദാക്ഷിണ്യമില്ലായിരുന്നെങ്കില്‍ ഇവിടെ മസ്ജിദുകള്‍ ഉണ്ടാകുമായിരുന്നോ? അറേബ്യന്‍രാഷ്ട്രങ്ങളില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ പ്രതീകങ്ങള്‍ എന്നു പറയാവുന്ന മതസ്ഥാപനങ്ങള്‍ യാതൊന്നും നിലവിലില്ലല്ലോ.
ഇതുമായി ജനാധിപത്യ ഭരണവ്യവസ്ഥ നിലവില്‍ വരുന്നതിനുമുമ്പുളള ഇന്ത്യയുടെ ചരിത്രത്തെ താരതമ്യപ്പെടുത്തുമ്പോള്‍ ആള്‍നോഡ് റ്റോയന്‍ബിയും മറ്റും ചൂണ്ടിക്കാണിച്ചതുപോലെ (An historian”s approach to religion എന്ന ഗ്രന്ഥം വായിക്കുക) ഇവിടെ ഒരു മേല്‍ക്കൊയ്മാ പ്രത്യയശാസ്ത്രത്തേക്കാള്‍ മതസഹിഷ്ണുതാപരമായ ഒരു വീക്ഷണം നിലവിലുണ്ടായിരുന്നു എന്നു തെളിയുന്നില്ലേ? ഇല്ലെങ്കില്‍ ചേരമാന്‍ മസ്ജിദ് ഉണ്ടാകുമായിരുന്നോ? ഹിന്ദുമുസ്ലീം മൈത്രിയുടെ മികച്ച മലയാള പുരാവൃത്തമായ അയ്യപ്പന്‍-വാവര്‍ സഹവര്‍ത്തിത്വകഥ ജന്മമെടുക്കുമായിരുന്നോ? ശ്രീരംഗനാഥന്‍ എന്ന ഹൈന്ദവാരാധനാമൂര്‍ത്തിയുടെ ഭാര്യമാരില്‍ ഒരാള്‍ “ബീവി”യാണ്; ഇതെങ്ങിനെ സംഭവിച്ചു?
ഇന്ത്യന്‍ചരിത്രത്തില്‍ ഉടനീളം ഗോഡ്‌സേ മോഡല്‍ ഹിന്ദു ഹെജിമണി പ്രവര്‍ത്തിച്ചിരുന്നു എന്നാരോപിക്കുന്നവര്‍ ഇന്നലെകളിലൂടെ ഇന്നിലേക്ക് നാമെത്തിയത് എങ്ങിനെയെന്നു വിശകലനം ചെയ്യുന്നവരല്ല മറിച്ച് ഇന്നില്‍ നിന്നുകൊണ്ട് സ്വന്തം സ്ഥാപിത താല്പര്യങ്ങള്‍ക്കനുസരിച്ച് ഇന്നലെകളെ വ്യാഖ്യാനിക്കുന്നവരാണ്. ഇത്തരക്കാരുടെ കാളന്‍ കാളവാദങ്ങള്‍ ഗോഡ്‌സേ മനോബാധയെ നിലാവ് ഭ്രാന്തിനെയെന്നപോലെ പെരുപ്പിക്കുന്നതിനു കാരണമായിട്ടുണ്ട്.
ഇതുപോലെ ഇന്ത്യയില്‍ നൂറ്റാണ്ടുകളോളം ഭരിച്ച മുസ്ലീംമതവിശ്വാസികളായ അക്ബര്‍ ഉള്‍പ്പെടെയുളള ചക്രവര്‍ത്തിമാര്‍, അവരുടെ ശാസനാശക്തി മതപ്രചാരണത്തിന് ഉപയോഗിച്ചിരുന്നെങ്കില്‍, ഇന്ത്യ എന്നേ ഇസ്ലാം ഭൂരിപക്ഷരാജ്യമാകുമായിരുന്നു. അവര്‍ വര്‍ഷങ്ങള്‍ ഭരിച്ചിട്ടും ഇന്ത്യയില്‍ വേദോപനിഷത്തുക്കളോ ഭാരതരാമായണാദി ഇതിഹാസങ്ങളോ ഷഡ്ദര്‍ശനവിചാരപദ്ധതികളോ ലക്ഷകണക്കിനു ക്ഷേത്രങ്ങളോ തീര്‍ത്ഥാടനകേന്ദ്രങ്ങളോ
നാമാവശേഷമായിട്ടില്ല. അതുകൊണ്ടുതന്നെ സ്വാമിവിവേകാനന്ദനൊക്കെ കൃത്യമായി വിലയിരുത്തിയിട്ടുളളതുപോലെ, നാടുവാണ മുസ്ലീം ചക്രവര്‍ത്തിമാരുടെ വാളല്ല ജാതീയാസമത്വങ്ങളും സൂഫിവര്യന്മാരുടെ മഹിതാശയങ്ങളുമാണ് ഏത് അറേബ്യന്‍ രാഷ്ട്രത്തില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഇസ്ലംവിശ്വാസികള്‍ ജീവിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിമറിച്ചത് എന്ന് പറയേണ്ടിവരും.
ഇതൊന്നും പരിഗണിക്കാതെ, ഹിന്ദുവെന്നാല്‍ ഇസ്ലാമിന്റെ ശത്രു ഇസ്ലാം എന്നാല്‍ ഹിന്ദുവിന്റെ ശത്രു ഹിന്ദുവെന്നാല്‍ പച്ചക്കറികാളന്‍ ഇസ്ലാം എന്നാല്‍ കാളയിറച്ചി എന്ന മട്ടില്‍ കാര്യങ്ങള്‍ കാണുന്നത് അവിവേകത്തിന്റെ അങ്ങേത്തലയാണ്. ഇതിനെയാണു പുരോഗമനവാദം എന്നു പറയുന്നതെങ്കില്‍, അതിന്റെ ആചാര്യന്മാര്‍ ജിന്നയോ സവര്‍ക്കറോ ആയിരിക്കും; മാര്‍ക്‌സോ വിവേകാനന്ദനോ ഗാന്ധിജിയോ ശ്രീനാരായണഗുരുവോ ഗ്രാംഷിയോ ആയിരിക്കില്ല.
“പച്ചക്കറി തിന്നുന്നവരുടെ എണ്ണക്കൂടുതലിനെ പോത്തിറച്ചി തിന്നവരുടെ ബലംകൊണ്ട് എതിരിടും” എന്ന മട്ടില്‍ പ്രസംഗങ്ങള്‍ നടത്തിയിരുന്ന മദനി സാധാരണക്കാരായ ഹിന്ദുക്കളുടെ ഉള്ളിലെ മഹാത്മാഗാന്ധിയെ കൊല്ലുകയും ഗോഡ്‌സേയെ ഉയിര്‍പ്പിക്കുകയും ചെയ്തു എന്നതു യാഥാര്‍ത്ഥ്യമാണ്. അതിനോടു രാജിയാകാന്‍ വിവോകാനന്ദനോ ഗാന്ധിജിയോ ശ്രീനാരായണഗുരുവോ ജീവിക്കുന്ന മനോഭൂമി നഷ്ടമാകാത്തവര്‍ക്ക് കഴിയില്ല; മദനിയുടെ മറുവശമായിരുന്ന സത്യാനന്ദസരസ്വതിയോടു രാജിയാകാനും അത്തരക്കാര്‍ക്ക് സാദ്ധ്യമാവില്ല.
ഇന്ത്യയുടെ സാംസ്‌കാരികപാരമ്പര്യത്തിന് അടിത്തറപാകിയത് മഹര്‍ഷി കവികളാണ്. ആ അര്‍ത്ഥത്തില്‍ ഇന്ത്യ ഋഷി നാടാണ്; കൃഷിനാടുമാണ്. ഋഷിയേയും കൃഷിയേയും ഒഴിവാക്കി ഇന്ത്യയെപ്പറ്റി ചിന്തിക്കാനാവില്ല; അതുപോലെതന്നെ ഹിമാലയത്തിന്റെ വെണ്മയേയും താജ്മഹലിന്റെ വെണ്മയേയും വിസ്മരിച്ചുകൊണ്ട് ഇന്ത്യയെപ്പറ്റിയുള്ള ഏതൊരു ചിന്തയും പൂര്‍ത്തീകരിക്കാനും കഴിയില്ല.
ഋഷിമാര്‍ മനസ്സിനു കഴിയാവുന്നിടത്തോളം വിശാലതയിലേക്ക് വളര്‍ന്നവരാണ്. അതുകൊണ്ടാണവര്‍ക്ക് ബ്രഹ്മം എന്ന പദത്തെ വികസിക്കുന്നത് (ബൃംഹതി ഇതിബ്രഹ്മ) എന്നു നിര്‍വചിക്കാനായത്. സത്യം ഒന്നേയുള്ളു വിദ്വാന്മാര്‍ അതിനെ പലപേരില്‍ വിളിക്കുന്നു. (ഏകം സദ്വിപ്രാബഹുധാവദന്തി) എന്നും വസുധൈവകുഡുംബകം (ഭൂമികുടുംബം) എന്നും ലോകത്തിന്റെ ഏതു ദിശയില്‍നിന്നും നല്ല ആശയങ്ങള്‍ ഞങ്ങളില്‍ പ്രവേശിക്കട്ടെ (ആനോ ഭദ്രാനി ക്രതവോ യന്തു വിശ്വത:) എന്നും ഒക്കെ ഉള്ളുണര്‍ന്ന് പാടിയ ഋഷിമനസ്സിനെ മാനിയ്ക്കുന്നവര്‍ക്ക് സത്യമായ ഏകദൈവത്തെ “അള്ളാഹു” എന്നു വിളിക്കുന്നവരോട് അസഹിഷ്ണത പുലര്‍ത്താനാകില്ല; ഭൂമിയെ ഋഷിമാരെപ്പോലെ കുടുംബമായി കാണുന്നവര്‍ക്ക് “ദൈവസമക്ഷം സര്‍വ്വരും സമന്മാരാണെന്നു” പഠിപ്പിക്കുന്ന ഇസ്ലാമോ പണിയില്‍നിന്നാണു പണമുണ്ടാക്കുന്നത് എന്നതിനാല്‍ പണം മുഴുവന്‍ പണിയെടുക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണെന്നും പ്രഖ്യാപിച്ച കമ്യൂണിസമോ അറേബ്യയിലോ ജര്‍മനിയിലോ ഉണ്ടായ ചിന്തകളാണെന്ന നിലയില്‍ വെറുക്കാനാവില്ല-വെറുത്താല്‍ ഏതു ദിശയില്‍നിന്നും നല്ല ആശയങ്ങളെ തങ്ങളിലേക്ക് സ്വാഗതം ചെയ്ത ഋഷിമനസ്സിനെ അപമാനിക്കലാവും.
ഈ നിലയില്‍ ചിന്തിക്കുമ്പോഴാണ് “ഈശ്വര് അള്ളാ തേരേനാം” എന്നു പാടിയ ഗാന്ധിജിയോളമോ “സര്‍വ്വമതസാരമേകമാം” എന്നു പാടിയ ശ്രീനാരായണഗുരുവിനോളമോ ഭാരതീയഋഷി കവിപാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നതല്ല ക്രൈസ്തവര്‍, ഐസ്ലാമികര്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നിവരെ ശത്രുക്കളായി കാണുന്ന ഗോഡ്‌സേ മനോഭാവക്കാരുടെ പ്രവര്‍ത്തനങ്ങളും വിചാരങ്ങളും എന്നു പറയേണ്ടിവരുന്നത്.
ഗോഡ്‌സേ മനോഭാവക്കാരെ ഭാരതീയ പാരമ്പര്യത്തിന്റെ പ്രതിനിധികളായി കണ്ട് പ്രതികരണങ്ങള്‍ നടത്തിയതിന്റെ അപഭ്രംശങ്ങള്‍ വളരെയേറെ മദനിയിലുണ്ട്. അതിനെ ചെറുതായി കണ്ടുകൂടാ. മദനിയെ വേട്ടയാടുന്നത് ഗാന്ധിജിയല്ല; ഗാന്ധിഘാതകനായ ഗോഡ്‌സെയാണ്. ഗാന്ധിജിയെയും ഗോഡ്‌സെയെയും അവരുടെ വ്യക്തിത്വവ്യത്യാസങ്ങള്‍ കാണാതെ ഹിന്ദുവാണെന്ന നിലയില്‍ മാത്രം നോക്കിക്കൊണ്ട് കാര്യങ്ങള്‍ വായിക്കുന്ന രീതി അനഭിലക്ഷണീയവും പലപ്പോഴും വിപരീതഫലം ഉളവാക്കുന്നതുമായിരിക്കും. ഇതിനെ തിരിച്ചറിയാതെപോയി മദനിയെന്നത് അദ്ദേഹത്തെ ബാധിച്ചിരിക്കുന്ന ദുര്‍വിധിക്കുള്ള കാരണങ്ങളില്‍ പ്രധാനമാണ്.അടുത്ത പേജില്‍ തുടരുന്നു
താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍താന്‍ അനുഭവിച്ചിടുകെന്നേ വരു.” എന്നാണ് രാമായണം- “”എനിക്കുള്ളത് എന്റെ കര്‍മ്മമാകുന്നു. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മവും. ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്നും നിങ്ങള്‍ വിമുക്തരാണ്.”” (വിശുദ്ധ ഖുര്‍ ആന്‍ അദ്ധ്യായം 10, വാക്യം 41) എന്നതിലൂടെ അവനവന്‍ ചെയ്തതിന്റെ ഫലങ്ങള്‍ അവനവനെമാത്രം തേടിയെത്തുന്നു എന്ന കര്‍മ്മസിദ്ധാന്തം ഖുറാനും ശരിവയ്ക്കുന്നുണ്ടെന്ന് കരുതണം. മദനിയെത്തേടി എത്തിയിരിക്കുന്നത് വാക്കുള്‍പ്പടെയുള്ള മുന്‍കാല കര്‍മ്മത്തിന്റെ ഫലങ്ങളാണ്.
എന്നിരുന്നാലും മദനിയുടെ അന്യായത്തടങ്കലും അതിനുവേണ്ടി കള്ളസാക്ഷികളെ അടിസ്ഥാനപ്പെടുത്തി കെട്ടിച്ചമച്ച കേസും ശരിവെക്കുന്നത് നീതിയാവില്ല. എന്തെന്നാല്‍ മദനിക്കുനേരെയുള്ള അനീതിയെ ചോദ്യംചെയ്യാതിരുന്നാല്‍ നാളെ ഏതൊരു ഇന്ത്യാക്കാരനു നേരെയും അത് പ്രയോഗിക്കപ്പെട്ടേക്കാവുന്ന അന്യായമായ കീഴ്‌വഴക്കം ഉണ്ടായിത്തീരും. അതുകൊണ്ട് ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നീതിന്യായവ്യവസ്ഥയുടെ ഉജ്ജ്വലപ്രഖ്യാപനത്തെ അപഹസിക്കുന്ന തരത്തില്‍, മുമ്പ് തമിഴ്‌ലാട് സര്‍ക്കാറും അതിനെ മാതൃകയാക്കി ഇപ്പോള്‍ കര്‍ണ്ണാടകസര്‍ക്കാറും മദനിക്കെതിരെ കൈക്കൊണ്ട നടപടികളെ ഏതൊരു പൗരനും ചോദ്യംചെയ്‌തേ മതിയാവു.
അരുണ്‍ ഗാവ്‌ലി, സന്തോഷ് മാധവന്‍ തുടങ്ങിയ ക്രിമിനലുകള്‍ക്കുപോലും ജാമ്യംനല്‍കുന്ന നീതിന്യായവ്യവസ്ഥ ഇനിയും തെളിയിക്കാനാവാത്ത കുറ്റാരോപണങ്ങളുടെ പേരില്‍ മാത്രം തടങ്കലില്‍ കഴിയുന്ന മദനിക്ക് ജാമ്യം അനുവദിക്കാത്തത് അനീതിയാണ്. കോയമ്പത്തൂര്‍ ജയിലില്‍ മദനി ഒമ്പതര വര്‍ഷം കഴിഞ്ഞു. പ്രോസിക്യൂഷന് കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മദനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാനായില്ല. സത്യമേ തെളിയിക്കാനാവൂ. അസത്യങ്ങള്‍ പ്രചരിപ്പിക്കാനല്ലാതെ തെളിയിക്കാനാവില്ല.
മദ്രാസ് ഹൈക്കോടതി മദനിയെ നിരുപാധികം വെറുതെ വിട്ടു. പക്ഷേ, മദനിക്ക് നഷ്ടപ്പെട്ട ഒമ്പതരവര്‍ഷം ഏത് നീതിന്യായവ്യവസ്ഥയ്ക്കാണ് മടക്കിക്കൊടുക്കാനാവുക? വധശിക്ഷയ്ക്കുപോലും വിധിക്കാവുന്ന മാരകപാതകമായി കൊലപാതകം പരിഗണിക്കുന്നത് ജീവന്‍ എടുക്കുന്നതുപോലെ തിരിച്ചുനല്‍കാന്‍ ആര്‍ക്കും ആവില്ല എന്നതുകൊണ്ടാണ്.
ഗാന്ധിജിയെ കൊല്ലാന്‍ ഗോഡ്‌സെയ്ക്കു കഴിയും. പക്ഷേ, ഒരു ഗാന്ധിജിയെ സൃഷ്ടിക്കാന്‍ ഗോഡ്‌സെയ്ക്കാവില്ല. ജീവന്‍ മാത്രമല്ല സമയവും ആര്‍ക്കും മടക്കിക്കൊടുക്കാന്‍ ആവില്ല. ആ നിലയില്‍ കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കുന്ന കോടതിയോട് ഒരു ചോദ്യം ചോദിക്കേണ്ടിവരുന്നു. മദനിക്ക് നഷ്ടപ്പെടുത്തേണ്ടിവന്ന ഒമ്പതരവര്‍ഷത്തെ സമയം മടക്കിക്കൊടുക്കാന്‍ ആവാത്തത് ആണെന്നതിനാല്‍ അത് നഷ്ടപ്പെടുത്തിയ നീതിപീഠത്തെ, പോലീസിനെ സര്‍ക്കാറിനെ എങ്ങനെയാണ് ഞങ്ങള്‍ ശിക്ഷിക്കേണ്ടത്..? ഇതേ ചോദ്യം കര്‍ണ്ണാടകസംസ്ഥാനത്തെ പോലീസിനോടും ന്യായാസനങ്ങളോടും ഇനിയും ചോദിക്കേണ്ടിവരരുത്. അതുകൊണ്ടാണ് മദനിയെ അന്യായത്തടങ്കലില്‍നിന്ന് വിട്ടയക്കണമെന്ന്, അദ്ദേഹത്തിന്റെ രാഷ്ട്രീയസിദ്ധാന്തങ്ങളെ തരിമ്പും അംഗീകരിക്കാതിരിക്കുമ്പോഴും നീതിബോധമുള്ളവര്‍ക്കൊപ്പംനിന്ന് പറയേണ്ടിവരുന്നത്.
ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ മനസ്സുള്ളവര്‍ മുസ്ലീം ആണെന്നതിനാല്‍ മദനിയെ കുങ്കുമഗോപിവെച്ച നെറ്റിത്തടം വിയര്‍ത്തൊഴുകുംവണ്ണം ഗൂഢാലോചനകള്‍ നടത്തി വേട്ടയാടുന്നതിനെ അനുവദിക്കാനാവില്ല. അസീമാനന്ദയേയും പ്രഗ്യാന്‍സിംഗ് താക്കുറിയെയും പോലുള്ള കാവിഭീകരരെ അറസ്റ്റുചെയ്ത് ജയിലിലടച്ച് വിചാരണചെയ്തുവരുന്ന നമ്മുടെ നീതിന്യായവ്യവസ്ഥ അബ്ദുള്‍ നാസര്‍ മദനിയുടെ അനാരോഗ്യത്തെ പരിഗണിച്ച് അദ്ദേഹത്തിന്റെ അന്യായത്തടങ്കലിന് അറുതിവരുത്തുമെന്ന് പ്രതീക്ഷിക്കാം.



