ന്യൂദല്‍ഹി: അപകീര്‍ത്തിപരമായ ഉള്ളടക്കങ്ങള്‍ 15 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് വെബ്‌സൈറ്റുകള്‍ക്ക് ദല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. 15 ദിവസത്തിനകം ഇതുസംബന്ധിച്ച് വിശദീകരണം എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എഴുതി നല്‍കുന്ന വിശദീകരണം ലഭിച്ച ശേഷം മാര്‍ച്ച് ഒന്നിന് വീണ്ടും വാദം തുടരും. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലേതടക്കമുള്ള ഉള്ളടക്കം സംബന്ധിച്ച വിഷയത്തില്‍ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറാണ് കോടതിയെ സമീപിച്ചത്.

അതേസമയം, കേസ് പരിഗണിച്ചപ്പോള്‍ അപകീര്‍ത്തിപരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായി ഫേസ്ബുക്കും പരാതിക്കാരന്‍ ആക്ഷേപമുന്നയിച്ച ഭാഗങ്ങള്‍ നീക്കം ചെയ്തതായി ഗൂഗിളും കോടതിയെ ബോധിപ്പിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും അവര്‍ കോടതിക്ക് സമര്‍പ്പിച്ചു.

Subscribe Us:

ഇത്തരം പോസ്റ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഇതിന്മേല്‍ തങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്നുമുള്ള നിലപാട് വെബ്‌സൈറ്റുകള്‍ കോടതിയില്‍ ഇന്നും ആവര്‍ത്തിച്ചു.

അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ ചൈനയിലെപ്പോലെ ഇന്ത്യയിലും ഫേസ്ബുക്, ഗൂഗിള്‍ ഇന്ത്യ തുടങ്ങിയ വെബ്‌സൈറ്റുകള്‍ തടയേണ്ടിവരുമെന്ന് ദല്‍ഹി ഹൈകോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.

അതേസമയം, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെയോ മറ്റേതെങ്കിലും വെബ്‌സൈറ്റുകളോ നിര്‍ത്തലാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക സഹമന്ത്രി സചിന്‍ പൈലറ്റ് പറഞ്ഞു. എന്നാല്‍, ഇന്ത്യയുടെ നിയമങ്ങള്‍ ഇത്തരം വെബ്‌സൈറ്റുകള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ മാത്രമല്ല ഏത് കമ്പനിയായാലും ഇന്ത്യയുടെ നിയമ പരിധിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം. ബന്ധപ്പെട്ട കമ്പനികളുമായി ചര്‍ച്ചനടത്തിയ ശേഷമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ കാര്യത്തില്‍ നിയമമുണ്ടാക്കിയതെന്നും സചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

Malayalam News
Kerala News in English