Administrator
Administrator
പ്രകൃതിയും നിയമങ്ങളും
Administrator
Friday 2nd March 2012 3:45pm

പലതരം നിയമങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. പലതും നമുക്ക് അറിയാവുന്നതുമാണ്. എന്നാലും നാം ജീവിക്കുന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങളാണ് ഇന്ത്യയില്‍ ഉള്ളത്. അതിനെ കുറിച്ചുള്ള ചെറിയൊരു വിവരമാണ് താഴെ പറയുന്നത്.

നാള്‍ക്കുനാള്‍ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ് നമ്മള്‍. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കൈകടത്തലുകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രകൃതിയേയും അന്തരീക്ഷത്തേയും ചൂഷണം ചെയ്യാതിരിക്കാനും അവയുടെ സംരക്ഷണം ഉറപ്പുവരുത്താനുമാണ് ഇന്ത്യയില്‍ പരിസ്ഥിതി നിയമങ്ങള്‍ കൊണ്ടുവന്നത്.

മലിനീകരണ നിയന്ത്രണ നിയമം

1986 ല്‍ ആണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനും വേണ്ടിയാണ് പ്രധാനമായും ഈ നിയമം കൊണ്ടുവന്നത്. എല്ലാ തരത്തിലുള്ള മലിനീകരണങ്ങളെയും തടയുകയെന്നതാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഫാക്ടറികളില്‍ നിന്നും മറ്റ് വ്യാവസായിക സ്ഥാപനങ്ങളില്‍ നിന്നും പ്രകൃതിയിലേക്ക് ഒരു നിശ്ചിത അളവ് മാലിന്യം മാത്രമേ തള്ളാവൂ എന്നതാണ് ഈ നിയമം അനുശാസിക്കുന്നത്. ഈ നിയമപ്രകാരം മലിനീകരണം തടയാനുള്ള നടപടികളെടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. മാലിന്യങ്ങളുടെ അളവ് കണ്ടെത്താനും മറ്റുമായി പ്രത്യേക പരീക്ഷണശാലകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. പരിശോധനയില്‍ നിശ്ചിത അളവിനേക്കാള്‍ മാലിന്യങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ്അതാത് സ്ഥാപനത്തിന്റെ മേലധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കും. എന്നിട്ടും നിയമലംഘനം തുടര്‍ന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാവുന്നതാണ്.

വായു നിയമം

ഇന്ന് ഏറ്റവും അധികം മലിനമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് വായു. ജീവവായു മലിനമായാല്‍ പിന്നെ മനുഷ്യന് ഇവിടെ നിലനില്‍പ്പില്ലല്ലോ, എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ വായുമലിനമാക്കുന്നതില്‍ നല്ലൊരു സംഭാവന മനു്ഷ്യന്‍ തന്നെ ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള വായുമലിനീകരണത്തെ തടയുന്നതിനു വേണ്ടി 1981 ലാണ് വായുനിയമം നടപ്പിലാക്കുന്നത്. സംസ്ഥാനത്തിനകത്തുള്ള പ്രദേശങ്ങളെ മലിനീകരണ നിയന്ത്രണമേഖലകളായി പ്രഖ്യാപിക്കാന്‍ ഈ നിയമമനുസരിച്ച് സര്‍്ക്കാരിന് കഴിയും.
ഈ നിയമം അനുശാസിക്കുന്ന പ്രകാരം മലിനീകരണനിയന്ത്രണ മേഖലകളില്‍ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്.

ജലനിയമം

വര്‍ധിച്ചുവരുന്ന വ്യവസായവത്ക്കരണത്തിന്റെ ഭാഗമായി ഫാക്ടറികളില്‍ നിന്നും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങളുടെ തോത് കുറയ്ക്കലാണ് ഈ നിയമത്തിന്റെ പ്രധാനലക്ഷ്യം. 1972 ല്‍ സ്റ്റോക് ഹോമില്‍ നടന്ന പ്രസിദ്ധമായ പരിസ്ഥിതി സമ്മേളനത്തിനു ശേഷമാണ് 1974 ല്‍ ഇന്ത്യയില്‍ ജലമലിനീകരണ നിയന്ത്രണനിയമം നടപ്പിലാക്കുന്നത്. ഈ നിയമമനുസരിച്ച് മലിനീകരണ നിയന്ത്രണം നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാനതലത്തില്‍ 17 അംഗങ്ങളുള്ള ബോര്‍ഡുകളുണ്ട്. ഈ ബോര്‍ഡുകള്‍ മലിനീകരണ നിയന്ത്രണം സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഫാക്ടറികളില്‍ നിന്നും ജലാശയങ്ങളിലേക്ക് മാലിന്യം തുറന്നുവിടുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. ജലത്തിലേക്ക് ഒഴുക്കുന്ന വ്യവസായ മാലിന്യങ്ങളില്‍ നിന്ന് ദോഷകരമായ ഘടകത്തെ ഈ മാലിന്യങ്ങള്‍ നിയമത്തില്‍ പറയുന്ന അളവിനേക്കാള്‍ കൂടുതലാണെങ്കില്‍ അവയുടെ നിയന്ത്രണത്തിന് ബോര്‍ഡ് ഉത്തരവിറക്കുകയും ചെയ്യുന്നു.

വനസംരക്ഷണ നിയമം

കാടുകളും മരങ്ങളും കൂടിച്ചേര്‍ന്നതാണ് നമ്മുടെ പ്രകൃതി. എന്നാല്‍ ഇന്ന് വനനശീകരണം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ആണെന്നു വേണമെങ്കില്‍ പറയാം. പല ആവശ്യങ്ങള്‍ക്കായി മരം അനുമതിയോടെയും അല്ലാതെയും എല്ലാം മുറിച്ചുമാറ്റപ്പെടുന്നുണ്ട്. മനുഷ്യന്റെ സ്വകാര്യസുഖങ്ങള്‍ക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ നാം ഇല്ലാതാക്കുന്നത് ഭൂമിയെതന്നെയാണ്. 1865 ല്‍ ബ്ര്ിട്ടീഷ് സര്‍ക്കാരാണ് ഇന്ത്യയില്‍ ആദ്യമായി വനസംരക്ഷണ നിയമം കൊണ്ടുവന്നത്. തുടര്‍ന്ന് 1879 ല്‍ വനംവകുപ്പ് നിലവില്‍ വന്നതോടുകൂടി വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമേറി. എന്നാല്‍ ഇന്ന് നിലവിലുള്ള ഇന്ത്യന്‍ വനനിയമം 1927 ല്‍ നടപ്പിലാക്കിയതാണ്.

ഈ നിയമപ്രകാരം ഇന്ത്യയിലെ വനങ്ങളെ റിസര്‍വ് വനങ്ങളെന്നും സംരക്ഷിത വനങ്ങളെന്നും ഗ്രാമവനങ്ങളെന്നും മൂന്നായി തിരിക്കാം.റിസര്‍വ് വനങ്ങളില്‍ പൊതുജനങ്ങളുടെ അവകാശങ്ങള്‍ പരിമിതമാണ്. ഇവിടെ മരം മുറിക്കാനോ മറ്റുപ്രവര്‍ത്തനങ്ങള്‍ക്കോ അധികാരമില്ല. ഇന്ത്യയിലെ റിസര്‍വ് വനങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് 1980 ലെ വനസംരക്ഷണ നിയമം. ഈ നിയമമനുസരിച്ച് റിസര്‍വ് വനങ്ങള്‍ അല്ലാതായി പ്രഖ്യാപിക്കാനോ വനസംബന്ധമായ കാര്യങ്ങള്‍ക്കോ വനം ഉപയോഗിക്കാനോ സര്‍ക്കാരുകള്‍ക്കും അധികൃതര്‍ക്കും അവകാശമില്ലെന്നും പറയുന്നുണ്ട്.

Malayalam news

Kerala news in English

Advertisement