ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി നല്‍കിയ ഹരജി കോടതി തള്ളി. പാട്യാലാ ഹൗസ് കോടതി ജഡ്ജി ഒ.പി സെയ്‌നിയാണ് വിധി പ്രസ്താവിച്ചത്.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശനിയാഴ്ച രാവിലെ പത്തിന് കോടതിയിലെത്തിയ സുബ്രഹ്മണ്യന്‍ സ്വാമിയോട് 12.30 ന് വീണ്ടും എത്താന്‍ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കോടതിയിലെത്തിയ സ്വാമിയെ പ്രത്യേക കോടതി ജഡ്ജി ഒ.പി സൈനി വിധി വായിച്ചു കേള്‍പ്പിച്ചു.
2ജി കേസില്‍ എ. രാജയ്‌ക്കൊപ്പം ചിദംബരത്തെയും കൂട്ടുപ്രതിയാക്കണമെന്നാവശ്യപ്പെട്ടാണ് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിച്ചത്. 2ജി ലൈസന്‍സില്‍ ക്രമക്കേടുണ്ടെന്ന് മനസിലായാല്‍ അത് തടയേണ്ടത് അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ ചുമതലയായിരുന്നെന്ന് സുബ്രഹ്മണ്യസ്വാമി ചൂണ്ടിക്കാട്ടി. കൂടാതെ രാജയ്‌ക്കൊപ്പം ഗൂഢാലോചനയില്‍ ചിദംബരവും പങ്കാളിയായിരുന്നെന്ന് സ്വാമി ഹരജിയില്‍ ആരോപിക്കുന്നു.
ചിദംബരവും ടെലികോം മന്ത്രിയായിരുന്ന എ.രാജയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ മിനിറ്റ്‌സ്, ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കയച്ച കത്തുകള്‍ തുടങ്ങി സുപ്രധാന രേഖകള്‍ സുബ്രഹ്മണ്യന്‍ സ്വാമി പട്യാലഹൗസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2ജി സ്‌പെക്ട്രം ലൈസന്‍സിനുള്ള ഫീസ് നിശ്ചയിച്ചതും ലൈസന്‍സ് ലഭിച്ച സ്വാന്‍, യൂണിടെക്, തുടങ്ങിയ കമ്പനികള്‍ അവരുടെ ഓഹരികള്‍ എറ്റിസലാറ്റ്, ടെലിനോര്‍ തുടങ്ങിയ വിദേശകമ്പനികള്‍ക്ക് മറിച്ച് വിറ്റതും ചിദംബരത്തിന്റെ അറിവോടെയാണെന്നായിരുന്നു സ്വാമിയുടെ വാദം.
എറ്റിസലാറ്റ് പാക് ചാരസംഘടനയായ ഐ.എസ്.ഐ. യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാകാമെന്നും അതിനാല്‍ ചിദംബരത്തിനെതിരെ അഴിമതിക്കൊപ്പം രാജ്യദ്രോഹകുറ്റത്തിനും കേസെടുക്കണെമെന്നും സ്വാമി വാദിച്ചു.
വ്യാഴാഴ്ച സുപ്രീംകോടതി ഈ ഹരജി പരിഗണിച്ചെങ്കിലും ഇക്കാര്യത്തില്‍ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്ന് ഉത്തരവിടുകയായിരുന്നു.
