ചെന്നൈ: ബാങ്ക് കവര്‍ച്ചക്കാരെന്ന് സംശയിച്ച് കഴിഞ്ഞദിവസം വെടിവെച്ചുകൊന്ന അഞ്ച് യുവാക്കളുടേതെന്ന് പറഞ്ഞ് കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ട വിലാസങ്ങളില്‍ പലതും വ്യാജമെന്ന് തെളിഞ്ഞു. ബീഹാര്‍ സ്വദേശികളായ നാലുപേരും പശ്ചിമബംഗാള്‍ സ്വദേശിയുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട യുവാക്കളുടെ ഫോട്ടോകളും തിരിച്ചറിയല്‍ രേഖയിലെ വിലാസങ്ങളും ബീഹാര്‍ പശ്ചിമബംഗാള്‍ ഡി.ജി.പിമാര്‍ക്ക് അയച്ചുകൊടുത്തതോടെയാണ് ഇവ വ്യാജമാണെന്ന് തെളിഞ്ഞത്.

കൊല്ലപ്പെട്ടവരിലൊരാളായ ചന്ദ്രികാ റേ ബീഹാറിലെ മാജിപൂരില്‍ ജീവിച്ചിരിക്കുന്ന ഒരു കാര്‍ ഡ്രൈവറാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ പിതാവിന്റെ പേരും വിലാസവുമെല്ലാം ഏറ്റുമുട്ടല്‍കൊല നടന്ന വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തതായി അറിയിച്ച തിരിച്ചറിയല്‍ കാര്‍ഡിലുള്ളതാണ്. കൊല്ലപ്പെട്ട അഭയ്കുമാറിന്റെ പശ്ചിമബംഗാളിലെ വിലാസവും വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

Subscribe Us:

കൊല്ലപ്പെട്ടവര്‍ താമസിച്ചിരുന്ന വേളച്ചേരിയിലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടതെന്നും ചിലപ്പോള്‍ രേഖകള്‍ വ്യാജമായിരിക്കാമെന്നും ചെന്നൈ സിറ്റിപോലീസ് കമ്മീഷണര്‍ ജെ.കെ ത്രിപാഠി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതിനിടെ ചെന്നൈ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നു പറഞ്ഞ് പുറത്തുവിട്ട പട്ടിക തെറ്റാണെന്നും കൂട്ടക്കൊലയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ബീഹാര്‍ മുഖ്യമന്ത്രി നിധീഷ്‌കുമാര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ ആഭ്യന്തര സെക്രട്ടറി , ഡി.ജി.പി എന്നിവര്‍ ചെന്നൈയില്‍ എത്തുമെന്നാണ് അറിയുന്നത്.

അതേസമയം കവര്‍ച്ചസംഘത്തലവനെന്ന് പറയുന്ന വിനോദ്കുമാറിന്റെ ബന്ധുവിനെ ഫോണില്‍ ബന്ധപ്പെട്ടതായും മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ചെന്നൈയിലേക്ക് വരാമെന്ന് അറിയിച്ചതായും പോലീസ് പറഞ്ഞു.

സംഭവസ്ഥലത്തുനിന്നുകിട്ടിയ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോഴാണ് ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി ഇന്നലെ മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ചെയ്തു

Malayalam news

Kerala news in English