ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയ്‌ക്കെതിരെയുള്ള കോടതിയലക്ഷ്യ കേസ്് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. ഫെബ്രുവരി 28ലേക്കാണ് ഇത്തവണ മാറ്റിവെച്ചത്. നേരത്തെ ഫെബ്രുവരി ഒന്നാം തിയ്യതിയിലേക്കാണ് കേസ് മാറ്റിവെച്ചിരുന്നത്. ഗീലാനിക്കെതിരെ കേസ് വാദിക്കുന്ന അറ്റോര്‍ണി ജനറല്‍ അന്‍വറുല്‍ ഹഖ് കോടതിയില്‍ ഹാജരാക്കിയ തെളിവുകളും രേഖകളും പരിശോധിച്ച ശേഷമാണ് കോടതി കേസ് 28 ലേക്ക് നീട്ടിയത്.

ഗീലാനിക്കെതിരെ നേരത്തെ മുന്‍ സൈനിക മേധാവിയായിരുന്ന പര്‍വേശ് മുശറഫിന്റെ ഉത്തരവും നാഷണല്‍ റീ കണ്‍സീലിയേഷന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച ഉത്തരവും ഉന്നത കോടതിയുടെ ഉത്തരവുമടക്കമുള്ള തെളിവുകളാണ് അന്‍വറുല്‍ ഹഖ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ഫെബ്രുവരി 27 ന് മുഴുവന്‍ തെളിവുകളും സാക്ഷികളുടെ ലിസ്റ്റും ഹാജരാക്കണമെന്ന് കോടതി എ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രസിഡന്റ് ആസിഫലി സര്‍ദാരിക്കും മറ്റു പി.പി.പി നേതാക്കള്‍ക്കുമെതിരായ അഴിമതികേസ് അന്വേഷിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ഗീലാനിക്കെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. തുടര്‍ന്ന് അഴിമതി കേസ് അന്വേഷിക്കാമന്ന് ഉറപ്പ് നല്‍കിയ ഗീലാനി പക്ഷേ അത് പാലിച്ചില്ല. ഇതിനെ തുടര്‍ന്ന് സുപ്രീംകോടതി വീണ്ടും കേസില്‍ ഇടപെടുകയായിരുന്നു. പ്രസിഡന്റിന് ഭരണഘടനാപരമായ പരിരക്ഷ ഉണ്ടെന്നും ഇതിനാലാണ് താന്‍ കോടതി നിര്‍ദേശം പാലിക്കാഞ്ഞതെന്നുമാണ് ഗീലാനി കോടതിയില്‍ വ്യക്തമാക്കിയത്.

ജസ്റ്റിസ് നാസിറുല്‍ മുല്‍ക് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് ഗീലാനിക്കെതിരായ കേസ് പരിഗണിക്കുന്നത്. നവാസ് ഷെരീഫിന് ശേഷം അധികാരത്തില്‍ തുടരവേ കോടതി കയറേണ്ടി വന്ന ഏക ഭരണാധികാരിയാണ് ഗിലാനി.

Malayalam News

Kerala News In English