തിരുവനന്തപുരം: പാമോലിന്‍ കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി ബിജു മനോഹറിനെ നിയമിച്ചു. കോട്ടയം വിജിലന്‍സ് കോടതി അഡീഷണല്‍ ലീഗര്‍ അഡൈ്വസറായ ബിജു മനോഹര്‍.  സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ അഹമ്മദ് രാജിവെച്ച സാഹചര്യത്തിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചത്.

പാമോലിന്‍ കേസില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്താനാക്കിയതിനോട് യോജിക്കാനാവില്ലയെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എ അഹമ്മദ് രാജിവെച്ചത്.
പാമോലിന്‍ കേസില്‍ അന്വേഷണ സംഘം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് താനുമായി ആലോചിക്കാതെയാണെന്നും  ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് യോജിക്കാനാവില്ലെന്നും അഹമ്മദ് അഭിപ്രായപ്പെട്ടിരുന്നു.

വി.എസ് അച്യുതാനന്ദന്റെ കാലത്താണ് പാമോലിന്‍ കേസ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി വി.എ അഹമ്മദിനെ നിയമിച്ചത്. അതിനുശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം തന്നെ തുടരുകയായിരുന്നു.നേരത്തെ കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ ഹനീഫ പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ വിധി പുറത്തുവന്നതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞത്.

ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന ജഡ്ജി പി.കെ ഹനീഫയുടെ വിധി ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹനീഫ ഹൈക്കോടതി സമീപിച്ചു. അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

ഇതിനുശേഷം കേസ് പരിഗണിച്ച തൃശൂര്‍ വിജിലന്‍സ് കോടതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ തെളിവില്ലെന്നും അന്വേഷണം നടത്തേണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യുട്ടറുടെ രാജിയോടെ പാമോലിന്‍ കേസ് വീണ്ടും രാഷ്ട്രീയവിവാദമായിരുന്നു.

പാമോലിന്‍ കേസ് ഈ മാസം 23ന് കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.

Malayalam News

Kerala News In English