ഹൊബാര്‍ട്ട്: ത്രിരാഷ്ട്ര ക്രിക്കറ്റിന്റെ നിര്‍ണ്ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ആവേശം നിറഞ്ഞ അവസാന ഓവര്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഒസീസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക നാലു പന്ത് ബാക്കിയിരിക്കെ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍: ഓസ്‌ട്രേലിയ: 280/6, ശ്രീലങ്ക:49.2 ഓവറില്‍ 283/7.

പോണ്ടിങ് യുഗത്തിന് ശേഷമുള്ള ആദ്യ കളിയില്‍ തന്നെ ഓസീസ് മൂന്ന് വിക്കറ്റിന് തോറ്റിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഒസീസ് കന്നി സെഞ്ച്വറി നേടിയ പീറ്റര്‍ ഫോറസ്റ്റിന്റെ മികവിലാണ് സ്‌കോര്‍ കെട്ടിപ്പടുത്തത്. 138 പന്തില്‍ രണ്ട് സിക്‌സും 10 ഫോറുമടക്കം 104 റണ്‍സാണ് ഫോറസ്റ്റിന്റെ സംഭാവന. മൈക്കല്‍ ക്‌ളാര്‍ക്ക് 72ഉം ഡേവിഡ് ഹസി 40ഉം റണ്‍സെടുത്തു. ശ്രീലങ്കു വേണ്ടി മാത്യൂസ് രണ്ടും മലിങ്ക, കുലശേഖര, മഹറൂഫ്, ഹെരത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Subscribe Us:

ശ്രീലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധന (85) ചാണ്ടിമല്‍ (80) ഉം തിരിമാനേ, ആഞ്ചലോ മാത്യൂസ് എന്നിവര്‍ 24 റണ്‍സ് വീതവും എടുത്തു. ഓസ്‌ട്രേലിയക്കായി ക്രിസ്റ്റ്യന്‍ മൂന്ന് വിക്കറ്റെടുത്തു. ഹില്‍ഫന്‍ഹോസ് രണ്ടും ഹാരിസ്, ദൊഹര്‍ട്ടി എന്നിവര്‍ രണ്ടും വിക്കറ്റ് വീതവും വീഴ്ത്തി.

ത്രിരാഷ്ട്ര ക്രിക്കറ്റിന്റെ ഫൈനലില്‍ എത്താമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് ശ്രീലങ്കയുടെ വിജയം തിരിച്ചടിയായിരിക്കുകയാണ്. വിജയത്തോടെ ശ്രീലങ്ക പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മൂന്ന് ടീമുകളും ആറു മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ലങ്കയ്ക്കും ഓസ്‌ട്രേലിയക്കും 14 പോയിന്റ് വീതമുണ്ട്. ഇന്ത്യക്ക് 10 പോയിന്റാണുള്ളത്. അടുത്ത രണ്ടു മത്സരങ്ങളിലും ലങ്കയോ, ഓസീസോ തോല്‍ക്കുകയും ഇന്ത്യ അടുത്ത രണ്ടു മത്സരങ്ങളും ജയിക്കുകയോ ചെയ്താല്‍ മാത്രമെ ഇന്ത്യക്കിനി ഫൈനല്‍ പ്രതീക്ഷയുള്ളു.

Malayalam News

Kerala News In English