Administrator
Administrator
അരുണിന്റെ നിയമനം ഉന്നതവിദ്യാഭ്യാസ സമിതിയെ നോക്കുകുത്തിയാക്കികൊണ്ടെന്ന് സമിതി റിപ്പോര്‍ട്ട്
Administrator
Thursday 8th March 2012 2:23pm

തിരുവനന്തപുരം: ഐ.സി.ടി അക്കാദമിയില്‍ അരുണ്‍കുമാറിന്റെ നിയമനം ഉന്നതവിദ്യാഭ്യാസ വകുപ്പിനെ നോക്കുകുത്തിയാക്കിയും ചട്ടവിരുദ്ധമായുമാണെന്ന് നിയമസഭാസമിതിയുടെ കണ്ടെത്തല്‍. നിയമനവുമായി ബന്ധപ്പെട്ട് അരുണ്‍കുമാറിനെതിരെ റിപ്പോര്‍ട്ടില്‍ വ്യക്തമായ തെളിവുകള്‍ സമിതി നിരത്തുന്നുണ്ട് . ഐ.സി.ടി ഡയറക്ടര്‍ ആയുള്ള നിയമനം ചട്ടവിരുദ്ധമാണെന്നും ഐ. എച്ച്.ആര്‍ഡി ജോയിന്റ് ഡയറക്ടര്‍ ആയുള്ള അരുണ്‍കുമാറിന്റെ നിയമനം ക്രമവിരുദ്ധമാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ഐ.ടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബിയും നിയമനത്തിന് കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

പരസ്പരവിരുദ്ധമായ മൊഴിയാണ് വി.എസും എം.എ ബേബിയും നല്‍കിയതെന്ന് നിയമസഭാസമിതിയുടെ റിപ്പോര്‍്ട്ട് സഭയില്‍ വെച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സമിതി അധ്യക്ഷന്‍ വി.ഡി സതീശന്‍ പറഞ്ഞു. അരുണ്‍കുമാറിനെ നിയമിച്ചതില്‍ സ്വജനപക്ഷപാതമുണ്ട്. മുന്‍മുഖ്യമന്ത്രിയുടെ മകനായതുകൊണ്ടാണ് അരുണിന് ഈ സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത്. സാധാരണക്കാരനായ ഒരാള്‍ക്ക് സ്വപ്‌നം പോലും കാണാത്ത ഉയരത്തിലുള്ളതാണ് അരുണിന്റെ നിയമനം. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് അരുണിനെ നിയമിച്ചത്.

ഐ.സി.ടി അക്കാദമിയുടെ ഡയറക്ടറെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്ന് വി.എസും എം.എ ബേബിയും പറയുമ്പോള്‍ നിയമനം നടത്തിയത് ഐ.എച്ച്.ആര്‍.ഡിയാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പിനെ നോക്കുകുത്തിയാക്കിയാണ് അരുണിന്റെ നിയമനം നടത്തിയത്. മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ എന്ന പരിഗണന അരുണ്‍കുമാറിന് ലഭിച്ചിരുന്നു.

പി.സി വിഷ്ണുനാഥ് ഉന്നയിച്ച രണ്ടാമത്തെ ആരോപണമായ ഐ.എച്ച്.ആര്‍.ഡി ജോയന്റ് ഡയരക്ടര്‍ നിയമനത്തിലെ ക്രമക്കേട് ശരിയാണന്നും നിയമസഭാ സമതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോയിന്റ് ഡയരക്ടറാവാനുള്ള യോഗ്യത ഏഴ് വര്‍ഷത്തെ അധ്യാപന പരിചയം അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്പീരിയന്‍സും എം.സി.എ ബിരുദവുമാണ്. അരുണിന് ഒരു ദിവസത്തെ അധ്യാപന പരിചയം പോലുമില്ല. ഐ.എച്ച്.ആര്‍.ഡി ഡയരക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അരുണിനെ ജോയിന്റ് ഡയരക്ടറാക്കിയത്.

നിയമനം സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി എന്ന നിലയിലും ഐടി മന്ത്രി എന്ന നിലയിലം ഒപ്പുവച്ചിരിക്കുന്നത് വി.എസ് ആണ്. പതിനൊന്നാമനായി ഇതേ ഫയലില്‍ അരുണ്‍കുമാറും ഒപ്പുവച്ചിട്ടുണ്ട്. ഐ.ടി സെക്രട്ടറിയായിരുന്ന സുരേഷ്‌കുമാര്‍ പന്ത്രാമതായി ഒപ്പുവച്ചിട്ടുണ്ടെന്നും സമിതി കണ്ടെത്തി. വി.എസും എം.എ.ബേബിയും പറയുന്നപോലെ സര്‍ക്കാരാണ് നിയമനം നടത്തിയതെങ്കില്‍ വ്യാജ രേഖകള്‍ ഹാജരാക്കിയാണ് അരുണ്‍കുമാര്‍ നിയമനം നേടിയിരിക്കുന്നത്. കൂടാതെ വേണ്ടത്ര യോഗ്യതയും അരുണ്‍കുമാറിനില്ലെന്നും സമിതി കണ്ടെത്തിയതായി വി.ഡി സതീശന്‍ വ്യക്തമാക്കി.

അഡീഷനല്‍ ഡയരക്ടറായി പ്രമോഷന്‍ നല്‍കിയപ്പോഴും മാനദണ്ഡങ്ങള്‍ പാലിച്ചില്ല. എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്‌ളാസും എട്ട് വര്‍ഷത്തെ അധ്യാപന പരിചയവുമായിരുന്നു ഇതിനുള്ള യോഗ്യതയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ യോഗ്യതയില്ലാത്ത അരുണ്‍കുമാറിനെ നിയമിക്കാന്‍ വേണ്ടി പിന്നിട് വ്യവസ്ഥകളില്‍ മാറ്റം വരുത്തി. ഐ.എച്ച്.ആര്‍ഡി പ്രിന്‍സിപ്പല്‍മാര്‍ക്കും ജോയന്റ് ഡയരക്ടര്‍ക്കും അഡീഷനല്‍ ഡയരക്ടറാവാം എന്നാക്കി സ്‌പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തി. ഒരേയൊരു ജോയന്റ് ഡയരക്ടര്‍ മാത്രമെ അന്നുണ്ടായിരുന്നുള്ളു. അത് അരുണ്‍ കുമാര്‍ ആയിരുന്നു. ഇപ്രകാരം ചട്ട വിരുദ്ധമായാണ് അരുണ്‍ കുമാര്‍ നിയമനം നേടിയത്.

മോഡല്‍ ഫിനിഷീംഗ് സ്‌കൂളിന്റെ ഡയറക്ടര്‍ ആയി അരുണ്‍കുമാറിനെ നിയമിച്ചുവെന്ന ആരോപണം തെളിവുകളുടെ അഭാവത്തില്‍ സമിതി തള്ളിക്കളഞ്ഞു. സ്‌കുളിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് പണം അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് സൂചനയുണ്ട്. എന്നാല്‍ സമിതിയുടെ പരിധിയില്‍ വരുന്ന വിഷയമല്ലതെന്ന് വി.ഡി സതീശന്‍ അറിയിച്ചു.

Malayalam news

Kerala news in English

Advertisement