പത്തനംതിട്ട: സംസ്ഥാനത്ത് ദലിത തീവ്രവാദമെന്ന പ്രചാരണത്തിനും ഭീകരമായ ദലിത് വേട്ടക്കും ഇടയാക്കിയ വര്‍ക്കല കൊലപാതക കേസില്‍ വീണ്ടും അറസ്റ്റ്. ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (ഡി.എച്ച്.ആര്‍.എം) അനുഭാവിയും കവിയുമായ തിരുവനന്തപുരം സ്വദേശി അനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ നാടന്‍ പാട്ട് പഠിപ്പിക്കാന്‍ പത്തനം തിട്ടയില്‍ എത്തിയപ്പോഴാണ് കേസില്‍ 14-ാം പ്രതിയായ അനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

വര്‍ക്കല കൊലപാതക കേസില്‍ ഡി.എച്ച്.ആര്‍.എമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കം ആറോളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘടനയെ തകര്‍ക്കാന്‍ വര്‍ക്കല കൊലപാതക കേസ് ബോധപൂര്‍വ്വം തങ്ങളുടെ മേല്‍ ചുമത്തുകയാണെന്ന് വ്യക്തമാക്കിയ ഡി.എച്ച്.ആര്‍.എം നേതാക്കള്‍ ഇതുസംബന്ധിച്ചുള്ള തെളിവുകളും പുറത്തുവിട്ടിരുന്നു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് അടക്കമുള്ള പ്രമുഖര്‍ ഡി.എച്ച്.ആര്‍.എമ്മിനെതിരെയുള്ള കേസ് വ്യാജമാണെന്ന് പൊതുവേദികളില്‍ പറയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വീണ്ടും ഡി.എച്ച്.ആര്‍.എം അനുഭാവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2009 സെപ്തംബര്‍ 23നാണ് കേസിനാധാരമായ സംഭവം നടന്നത്. വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന മധ്യവയസ്‌കനെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വര്‍ക്കല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ദലിത് സംഘടനയാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു പോലീസിന്റെ ആരോപണം.

Malayalam news

Kerala news in English