AFSAL GURU
എന്‍.ഡി പനോലി
അഡ്വക്കറ്റ്
ജി3/617 ഷാലിമാര്‍ ഗാര്‍ഡന്‍, സാഹിബാബാദ്, ഗാസിയാബാദ് (യു.പി) 201005
(mob) 9811099532

എന്ത് കൊണ്ട് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റരുത്

അഫ്‌സല്‍ ഗുരുവിന്റെ അഭിഭാഷകന്‍, പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് അംഗം എന്ന നിലയില്‍ അഫ്‌സല്‍ ഗുരുവിന്റെ പ്രസ്താവനയും ഇതിനൊപ്പം ചേര്‍ക്കുന്നു.

ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ഒന്നാണ് പാര്‍ലമെന്റ് ആക്രമണം എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷെ ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണവും, വിചാരണയ്ക്കു മുന്‍പ് തന്നെ ആരോപണവിധേയനായ ആളെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ നിഷ്ഠൂരനായി ചിത്രീകരിച്ചതും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

2011 സെപ്റ്റംബര്‍ 7ന് ദല്‍ഹി ഹൈക്കോടതിക്ക് പുറത്ത് ബോംബ് സ്‌ഫോടനം നടക്കുകയും നിരവധിയാളുകള്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ അഫ്‌സല്‍ ഗുരുവിന്റെ പേരുകൂടി അതിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഉദ്ധരിച്ച ഇമെയിലിന്റെ വിശ്വാസ്യത പോലും പരിശോധിക്കാതെ സ്‌ഫോടനം നടത്തിയത് അഫ്‌സല്‍ ഗുരുവിനെ പിന്തുണക്കുന്നവരാണെന്ന് െ്രെപം ടൈമിലും മറ്റും ചാനലുകള്‍ പ്രക്ഷേപണം ചെയ്തു.

കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് ആരോടും സമാധാനം പറയേണ്ടതില്ല. ഇവരുടെ 24 മണിക്കൂര്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കാര്യക്ഷമമായ സംവിധാനങ്ങളില്ല. മാധ്യമധര്‍മ്മം ലംഘിക്കുന്ന ഇവരില്‍ നിന്നും ഇരകളെ സംരക്ഷിക്കാന്‍ ആരുമില്ല. അവതാരകന്റെ കാഴ്ചപ്പാടുകള്‍ക്കെതിരായ ആശയങ്ങള്‍ പിന്തുടരുന്നവരെ തിരഞ്ഞുപിടിച്ച് ന്യൂസ് ഷോകളിലെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നതാണ് നമ്മള്‍ കാണുന്നത്. ചാനല്‍ ചര്‍ച്ചകളിലൂടെ അഴിമതിക്കെതിരെ ഉറക്കെ സംസാരിക്കുമ്പോഴും ഒരു ഉത്തരവാദിത്വവുമില്ലാതെ അധികാരങ്ങള്‍ക്ക് അടിമപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വന്തം മേഖലയിലെ അഴിമതി മാധ്യമങ്ങള്‍ തിരിച്ചറിയുന്നില്ല.

ഇന്ത്യന്‍ സുരക്ഷാ വിദഗ്ധരുടേയും, കോര്‍പ്പറേറ്റ് മാധ്യമങ്ങളുടേയും കുത്തകാവകാശമാണ് ദേശസ്‌നേഹം എന്നതരത്തില്‍ അഫ്‌സല്‍ ഗുരുവിനെ പിന്തുണയ്ക്കുന്നവരെ രാജ്യദ്രോഹിയായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ താഴെ കാണുന്ന ചില മൂല്യങ്ങള്‍ ചൂണ്ടിയാണ് അഫ്‌സല്‍ ഗുരുവിനെ രക്ഷിക്കണമെന്ന് ഞങ്ങള്‍ പറയുന്നത്.

1. അന്വേഷണ ഏജന്‍സികളെ ബാധിച്ച അഴിമതിയും പ്രഫഷണലിസനത്തിന്റെ അഭാവവുമാണ് പാര്‍ലമെന്റ് ആക്രമണ കേസ് അന്വേഷണത്തില്‍ തുറന്നുകാട്ടപ്പെട്ടിട്ടുള്ളത്. പാര്‍ലമെന്റ് ആക്രമണ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ പലതവണ ആ സ്ഥാനം അലങ്കരിച്ചയാളാണ്. എന്നാല്‍ റിയല്‍ ഏസ്‌റ്റേറ്റ് ബിസിനസിലെ കോടികളുടെ ഇടപാടുമായി ബന്ധമുണ്ടായിരുന്ന ഇയാള്‍, അതുമായുണ്ടായ പ്രശ്‌നത്തില്‍ പിന്നീട് വെടിയേറ്റുമരിക്കുകയായിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതിലൂടെ പോലീസ് സ്‌പെഷല്‍ സെല്ലില്‍ നടന്നുവരുന്ന അഴിമതിയില്‍ നിന്നും ജനശ്രദ്ധ തിരിയ്ക്കാന്‍ സാധിക്കും.

2. രാജ്യത്തിലെ ജനങ്ങളുടെ മനസാക്ഷിയെ തൃപ്തിപ്പെടുത്താനാണ് വധശിക്ഷ വിധിയ്ക്കുന്നതെന്ന് സുപ്രീംകോടതി വിധി പ്രസ്താവനയിലൂടെ പറഞ്ഞു. നീതിന്യായവ്യവസ്ഥയുടേയോ ഭരണഘടനയുടേയോ നിയമവ്യവസ്ഥയുടേയോ പിന്‍ബലത്തിലല്ല മറിച്ച്, മാധ്യമ കാമ്പയിനിംങിന്റെ സ്വാധീനത്താലാണ് വിധി പുറപ്പെടുവിക്കുന്നതെന്ന് തെളിഞ്ഞു. ഒരാളെ വധശിക്ഷയ്ക്ക് വിധിയ്ക്കാനുള്ള നിയമപരമായ കാരണമല്ല ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അഫ്‌സലിനെ തൂക്കിലേറ്റുകയാണെങ്കില്‍ അതിനര്‍ത്ഥം ഇന്ത്യന്‍ വലതുപക്ഷത്തിനെ സംതൃപ്തരാക്കുന്നതിനും കോര്‍പ്പറേറ്റ് താല്‍പര്യത്തിനും വേണ്ടി ഏതൊരു ഇന്ത്യക്കാരനും തൂക്കിലേറ്റപ്പെടുമെന്നാണ്.

3. പാര്‍ലമെന്റ് ആക്രമണക്കേസിലെ കുറ്റപത്രത്തില്‍ ആരോപണവിധേയരില്‍ മൂന്ന് പാക്കിസ്താനികളുണ്ട്. മൗലാനാ മസൂദ് അസ്ഹര്‍, ഗാസി ബാബ, താരിഖ് അഹമ്മദ്, എന്നീ പാക് സ്വദേശികളാണ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം എന്ന് പറയുന്നു. എന്നാല്‍ ഈ ബുദ്ധികേന്ദ്രങ്ങളെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അവര്‍ പറയുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തു. അതിനാല്‍ ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നത് ശരിയായാല്‍ പോലും അഫ്‌സലിനെ തൂക്കികൊല്ലാന്‍ കഴിയില്ല. കാരണം ഇയാള്‍ ഇതിനു പിന്നിലെ ബുദ്ധികേന്ദ്രമോ, നേരിട്ട് പങ്കാളിയോ ആയിട്ടില്ല. അഫ്‌സലിനെ തൂക്കിലേറ്റുന്നതുവഴി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുകയെന്ന ഉത്തരവാദിത്തത്തില്‍ നിന്നും, തീവ്രവാദത്തെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഒഴിവാകുകയാണ് ചെയ്യുന്നത്.

4. അറസ്റ്റിലായ രണ്ടാളുകള്‍ നിരപരാധികളാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തെളിയിച്ചിട്ടുണ്ട്. അറസ്റ്റിലായതിനെ തുടര്‍ന്ന് ജയിലില്‍ വച്ച് പ്രസവിക്കേണ്ടിവന്ന ഒരു സിഖ് സ്ത്രീയും ഇതില്‍പെടുന്നു. അവരുടെ ജീവിതം ദുരിതത്തിലായി. അവരെയോ, അവരുടെ ജീവിത ദുരന്തമോ ഒരു ചാനലിലും ഞങ്ങള്‍ കണ്ടിട്ടില്ല. ചില പൗരന്‍മാരെ എങ്ങനെ ഒഴിവാക്കാമെന്നതാണ് ഇത് തെളിയിക്കുന്നത്.

5. ഈ കേസില്‍ നീതിലഭിക്കുന്നതിനായി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ആളുകള്‍ ദല്‍ഹിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുമുണ്ടെന്ന് കാശ്മീരിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. അഫ്‌സലിനെ തൂക്കിക്കൊല്ലുന്നത് കാശ്മീരിലെയും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലെയും ജനങ്ങള്‍ക്കിടയിലുള്ള നേരിയ മതില്‍ക്കെട്ട് പൊട്ടാനിടയാക്കും.

6. അഫ്‌സല്‍ ഗുരുവിന് നിതിയുക്തമായ വിചാരണ ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കേസ് ഏറ്റെടുക്കാന്‍ അഭിഭാഷകരാരും തയ്യാറാവാത്തതിനാല്‍ അദ്ദേഹത്തിനിഷ്ടപ്പെട്ട അഭിഭാഷകനെ ചുമതലപ്പെടുത്താനും ആയിട്ടില്ല. പ്രധാനസാക്ഷിയായിരുന്നയായിരുന്നവരുടെ പോലും മൊഴിയെടുത്തിട്ടില്ല. ഇന്ത്യന്‍ ഭരണഘടനപ്രാകാരം ഏതൊരു വ്യക്തിക്കും ഉറപ്പുവരുത്തേണ്ട നീതിയുക്തമായ വിചാരണയ്ക്കുള്ള അവകാശമാണ് അഫ്‌സലിനെ തൂക്കിലേറ്റുന്നതിലൂടെ ലംഘിക്കപ്പെടുക.

പാര്‍ലമെന്റ് ആക്രമണകേസിലെ അനുഭവങ്ങള്‍ ജനാധിപത്യ സ്ഥാപനങ്ങളുടെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യമൂല്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആത്മാര്‍ത്ഥതയോടെ ഒരു കൂട്ടം ആക്ടിവിസ്റ്റികളും അഭിഭാഷകരും മുന്നോട്ടുവന്നാല്‍ അതിനും ചെറിയൊരു സാധ്യതയുണ്ടെന്ന പ്രതീക്ഷയും ഇത് അവശേഷിപ്പിക്കുന്നു. അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെടുകയാണെങ്കില്‍ ആ പ്രതീക്ഷയും നഷ്ടമാകും. ഹിന്ദു-വലതുപക്ഷക്കാര്‍ക്ക് പടക്കം പൊട്ടിച്ചാഘോഷിക്കാം. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു നാടകീയ റിപ്പോര്‍ട്ടിനുള്ള ഇരയെ കിട്ടും. പക്ഷെ വലിയ തിരിച്ചടി ഉണ്ടാകാന്‍ പോകുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനായിരിക്കും. അതുകൊണ്ട് അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെടരുത്.

അഫ്‌സല്‍ ഗുരുവിന്റെ പ്രസ്താവന

afsal guruദല്‍ഹി ഹൈക്കോടതിയില്‍ ബോംബ് സ്‌ഫോടനം നടത്തിയതിന് പിന്നില്‍ ക്രിമിനല്‍ എലമെന്റ്‌സും, അതിക്രൂരന്‍മാരായ സാമൂഹ്യവിരുദ്ധരുമുണ്ടെന്നത് ഗുരുതരമായ പ്രശ്‌നമാണ്. ഇത് ഭീരുത്വമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. നിരപരാധികളെ കൊന്നൊടുക്കുന്നതിനെ ഒരു മതവും അംഗീകരിക്കുന്നില്ല.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് എന്റെ പേര് വലിച്ചിഴക്കപ്പെട്ടതില്‍ ഞാന്‍ അസ്വസ്ഥനാണ്. എന്റെ പേര് വച്ച് ഏതോ ചില ഏജന്‍സികളും, സംഘടനകളും വൃത്തികെട്ട കളികളിക്കുകയാണ്. ഇതുപോലുള്ള ക്രൂരകുറ്റങ്ങള്‍ക്കിടയില്‍ എന്റപേര് വലിച്ചിഴക്കുന്നത് ഇതാദ്യമായിട്ടല്ല. രാജ്യത്ത് ഏതെങ്കിലും സ്‌ഫോടനമോ ആക്രമണമോ ഉണ്ടായാല്‍ എന്റെ പേര് അതില്‍ ഉള്‍പ്പെടുത്തുക എന്നത് ഒരു പ്രവണതയായി മാറിയിരിക്കുകയാണ്. ഇത് എനിക്കെതിരെ പൊതുജനാഭിപ്രായം ഉണ്ടാക്കിയെടുക്കാനുള്ള ഗൂഢ ശ്രമമാണ്.

എന്റെ അഭിഭാഷകനായ എന്‍.ഡി പനോലിയുടെ കൈവശം മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാനായി ഞാന്‍ ഈ കത്ത് കൊടുത്തുവിടുന്നു.

അഫ്‌സല്‍ ഗുരു

s/o ഹബീബുള്ള
WNo….8 (HSW)
Jail No:3.. തീഹാര്‍