ഹോട്ടലില്‍ തല്ലുണ്ടാക്കിയതിന് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ അറസ്റ്റു ചെയ്‌തേക്കും. ചൊവ്വാഴ്ച രാത്രി ഒരു ജപ്പാനീസ് റസ്റ്ററന്റിലുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ട് ഒരാളെ ആക്രമിച്ചുവെന്ന ആരോപണമാണ് സെയ്ഫിനെതിരെയുള്ളത്.

സെയ്ഫും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ആക്രമിച്ചുവെന്നാരോപിച്ച്  ഇക്ബാല്‍ ശര്‍മ്മയെന്നയാളാണ് കോടതിയെ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സെയ്ഫിനെ അറസ്റ്റു ചെയ്യേണ്ടിവരുമെന്ന് കൊലാബാ സ്റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് സേവന്ത് പറഞ്ഞു.

Subscribe Us:

കൊലാബയിലെ വസാബി റസ്റ്ററന്റിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു താനും തന്റെ കുടുംബവുമെന്ന് ഇക്ബാല്‍ പറയുന്നു. തങ്ങളുടെ അടുത്ത സീറ്റിലാണ് സെയ്ഫും സുഹൃത്തുക്കളും ഇരുന്നത്. ഖാനും സുഹൃത്തുക്കളും ഒച്ചത്തില്‍ സംസാരിച്ചതിനെ എതിര്‍ത്ത് ഇക്ബാല്‍ സംസാരിച്ചു. ഇത് സെയ്ഫിനെയും സുഹൃത്തുക്കളും ക്രുദ്ധരാക്കി. തുടര്‍ന്നുണ്ടായ വാക്കുതകര്‍ക്കങ്ങള്‍ക്കൊടുവിലാണ് ആക്രമണമുണ്ടായത്.

ഐ.പി.സി 325 പ്രകാരമാണ് സെയ്ഫിനെതിരെ നടപടിയുണ്ടാവുക. എന്നാല്‍ ഇത് ജാമ്യം ലഭിക്കാനിടയുള്ള വകുപ്പാണെന്നും പോലീസിന് തന്നെ ജാമ്യം നല്‍കാമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സെയ്ഫ് ഇപ്പോള്‍ എവിടെയാണുള്ളതെന്ന് ചോദിച്ചപ്പോള്‍ അത് കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

സെയ്ഫും കരീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏജന്റ് വിനോദ് മാര്‍ച്ച് 23ന് പുറത്തിറങ്ങാനിരിക്കുകയാണ്.

Malayalam News

Kerala News In English