Administrator
Administrator
സുബൈദ : ആദ്യ ശബ്ദ ചിത്രത്തിലെ നായിക
Administrator
Saturday 8th October 2011 11:10am

ബോളിവുഡിനു സമ്പന്നമായ ഒരു ഭൂതകാലം ഉണ്ട്. ദാദ സാഹബ് ഫാല്‍കെയില്‍ നിന്ന് തുടങ്ങി ഒട്ടേറെ താരങ്ങളിലൂടെയും സംവിധയകരിലൂടെയും വളര്‍ന്ന് ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ബോളിവുഡിനെ രൂപപെടുത്തിയ ആ ഭൂതകാലം ഇപ്പോള്‍ ആരും ഓര്‍ക്കാറില്ല. ഒരുകാലത്ത് നക്ഷത്ര ശോഭയോടെ ജ്വലിച്ചു നില്‍ക്കുകയും പിന്നീടു വിസ്മൃതിയില്‍ ആവുകയും ചെയ്ത വരെ കുറിച്ചുള്ള ഒരു പരമ്പരയാണിത്

1913 ല്‍ ദാദ സാഹബ് ഫാല്‍ക്കെ ‘രാജാ ഹരിശ്ച്ചന്ത്ര’ എന്ന തന്റെ ആദ്യചിത്രമെടുക്കുമ്പോള്‍ ഒരുപക്ഷെ ചിന്തിച്ചിരിക്കില്ല സിനിമ ഇത്ര വേഗത്തില്‍ മാറിപ്പോവുമെന്ന്. ആദ്യ സിനിമ പുറത്തുവന്നു പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം നിശബ്ദ സിനിമകള്‍ ശബ്ദ സിനിമയ്ക്കു വഴിമാറിയപ്പോള്‍ പ്രേഷകന്റെ സ്വപ്നങ്ങള്‍ക്ക് പുതിയ നിറവും ഭാവവും കൈവന്നു. ആദ്യത്തെ ശബ്ദ ചിത്രമായ ആലം ആറ (1930 ) വന്‍ വിജയമായി. പാട്ടും നൃത്തവും സിനിമയുടെ അവിഭാജ്യ ഘടകമായത്  അന്ന് മുതലാണ്

അര്‍ദെ ശര്‍ ഇറാനി സംവിധാനം ചെയ്ത ആലം ആറ എല്ലാം കൊണ്ടും വത്യസ്ഥമായ ഒരു ചിത്രമായിരുന്നു. ബോംബയില്‍ നിറഞ്ഞ സദസ്സില്‍ ഓടിയ ചിത്രം. പ്രേഷകനെ ആകര്‍ഷിച്ച കഥ എന്നതായിരുന്നു അതിന്റെ പ്രത്യേകത. വെള്ളിത്തിരയില്‍ ആദ്യമായി ശബ്ദം വന്നപ്പോള്‍ പ്രേഷകര്‍ അനുഭവിച്ച ആനന്ദവും അത്ഭുതവും ആലം ആറയെ ഏറ്റവും വലിയ വിജയമാക്കി. സുബൈദ ദെന്‍രാജ് ഗില്‍ ആദ്യ ശബ്ദ ചിത്രത്തിലെ നായികയായി.

സ്ത്രീകള്‍ അഭിനയ രംഗത്ത് വരാന്‍ വിമുഖത കാണിച്ച കാലത്ത് ആയിരുന്നു സുബൈദയുടെ ആരങ്ങേറ്റം എന്നത് സിനിമ ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ ഒരു സംഭവമാണ്. ഗുജറാത്തിലെ സൂറത്തില്‍ 1911 ല്‍ ആണ് സുബൈദ ബീഗം ജനിച്ചത്. അനുകൂലമായ കുടുംബാന്തരീക്ഷവും അമ്മ ഫാത്തിമ ബീഗത്തിന്റെ പിന്തുണയും സുബൈദ എന്ന നടിക്ക് വളരാന്‍ സാഹചര്യം ഒരുക്കി.

മുപ്പതോളം നിശബ്ദ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞാണ് സുബൈദ ആലം ആറയില്‍ പ്രിത്വി രാജ്കപൂരിന്റെ നായിക ആവുന്നത്. കുറച്ചു നിശബ്ദ ചിത്രങ്ങളില്‍ അഭിനയിച്ച അമ്മ ഫാത്തിമ ബീഗം പിന്നീടു ഒരു സിനിമ സംവിധാനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ വനിതാ സംവിധായക എന്ന സ്ഥാനമായിരുന്നു സിനിമ ചരിത്രത്തില്‍ ഫാത്തിമ ബീഗത്തിന്.

നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സിനിമയില്‍ അഭിനയിക്കുക മോശമാണ് എന്ന സങ്കല്പത്തെ തകര്‍ത്തെറിഞ്ഞ ആദ്യത്തെ നടി കൂടിയാണ് ഹൈദ്രാബാദിലെ നവാബ് സച്ചിന്റെ പേരകുട്ടിയായ സുബൈദ. സുബൈദയുടെ ആദ്യ ഹിറ്റ് ചിത്രമായ വീര്‍ അഭിമന്യുവില്‍ ഫാത്തിമ ബീഗവും ഒരു പ്രധാന റോള്‍ ചെയ്തിരുന്നു .ഫാത്തിമ ബീഗം സംവിധാനം ചെയ്ത ബാബുല്‍ ഇ പരിവാര്‍ എന്ന ചിത്രത്തിലും സുബൈദ അഭിനയിച്ചിരുന്നു .

ആലം ആറ യുടെ വന്‍ വിജയം സുബൈദക്കു സൂപ്പര്‍ താര പദവി നേടികൊടുത്തു. മേരിജാന്‍, വീര്‍ അഭിമന്യു എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. 1949 ല്‍ പുറത്തുവന്ന നിര്‍ ധോഷ് ആണ് സുബൈദയുടെ അവസാന ചിത്രം. ഒട്ടേറെ വിവാദങ്ങളും നിഗൂഢതയും സുബൈദയുടെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നു. 1949 ല്‍ അവര്‍ ഹൈദ്രാബാദിലെ രാജകുമാരന്‍ ധനരാജ് ഗില്‍ ഗ്യാന്‍ ബഹദൂറിനെ വിവാഹം കഴിക്കുകയും ഹിന്ദു മതത്തിലേക്ക് മാറുകയും ചെയ്തു.1988 സുബൈദ ഈ ലോകത്തുനിന്ന് യാത്രയായി.

ദീര്‍ഘകാലം വിസ്മൃിതിയിലായ സുബൈദ എന്ന നടിയെ സമീപ കാലത്ത് വീണ്ടും ഓര്‍മയിലേക്ക് കൊണ്ടുവന്നത് പ്രശസ്ത സംവിധായകനായ ശ്യാം ബെനെഗല്‍ ആണ്. അദ്ദേഹം സംവിധാനം ചെയ്ത സുബൈദ (1995 ) എന്ന സിനിമ അവരെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ത്തി. സ്വതന്ത്രമായ മൂന്നു സ്ത്രീകള്‍ ജീവിതത്തെ ധീരമായി നേരിടുന്നതിനെ കുറിച്ചുള്ള മൂന്നു സിനിമകള്‍ ബെനെഗല്‍ സംവിധാനം ചെയ്തിരുന്നു. അതില്‍ അവസാനതേതാണ് സുബൈദ. മാമ്മോ, സര്‍ദാരി ബീഗം എന്നിവയായിരുന്നു മറ്റു രണ്ടു ചിത്രങ്ങള്‍. സുബൈദയുടെ മകനും പ്രശസ്ത സംവിധായകനുമായ ഖാലിദ് മെഹമൂദ് ആണ് സിനിമയുടെ തിരക്കഥയെഴുതിയത്.

മുത്തശിയുടെ കൂടെ താമസിക്കുന്ന റിയാസ് (രജിത് കപൂര്‍ ) എന്ന കുട്ടി തന്റെ അമ്മയായ പ്രശസ്ത നടി സുബൈദയെ (കരിഷ്മ കപൂര്‍ ) അന്നേഷിച്ചു പോകുന്നതാണ് സിനിമയുടെ പ്രമേയം. സുബൈദയുടെ പിതാവ് സുലൈമാന്‍ സേത്(അമ്രിഷ് പുരി ) ഒരു അറിയപെടുന്ന സംവിധായകനായിരുന്നു. അദ്ദേഹം അറിയാതെ സുബൈദ ചില സിനിമകളില്‍ അഭിനയിച്ചു. പിതാവ് അത് കണ്ടു പിടിക്കുകയും അഭിനയിക്കുന്നത് വിലക്കുകയും മെഹബൂബ് ആലം എന്ന ആളുമായി കല്യാണം ഉറപ്പിക്കുകയും ചെയ്തു.

വിവാഹത്തിന്നു ശേഷം ഒരു കുഞ്ഞു പിറന്നപ്പോള്‍ മെഹബൂബ് സുബൈദയെ ഉപേഷിച്ചു. ഭാര്യയെ കുറിച്ചുണ്ടായ ചില സംശയങ്ങളാണ് ഇതിനു കാരണമായി പറഞ്ഞത്.
ഇതിനു ശേഷം സുബൈദ ഫതഹ്പൂരിലെ വിജയേന്ദ്ര സിംഗ് മഹാരാജാവുമായി അടുത്തു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അദ്ദേഹം സുബൈദയെ വിവാഹം കഴിച്ചു. സുബൈദ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു .

ശ്യാം ബെനഗല്‍ സുബൈദയുടെ കഥ അതെ പോലെ പകര്‍ത്തി വെക്കുകയല്ല ചെയ്തത്. ചില കൂട്ടിച്ചര്‍ക്കലുകളും ചില ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട് .ഒരു നടി ജീവിതത്തെ എങ്ങനെ നെരിട്ടു എന്ന് പറയുക മാത്രമാണ് ബെനെഗല്‍ ചെയ്തത്. ഒരു ചരിത്ര കാരനേകാള്‍ ഒരു നോവലിസ്റ്റിന്റെ ഭാവനയാണ് അദ്ദേഹം കൂടുതല്‍ ഈ ചിത്രത്തില്‍ ഉപയോഗപെടുത്തിയത് .

ബോംബെ ടാക്കീസ് / നദീം നൗഷാദ്

ആലം ആരക്ക് 80 വയസ്സ്

Advertisement