കാര്‍ലോ ആന്‍സലോട്ടിയുടെ പടിയിറക്കത്തോടെ റയല്‍ മാഡ്രിഡ് ഇതിഹാസം ക്ലബ്ബിലെത്തും; റിപ്പോര്‍ട്ട്
Football
കാര്‍ലോ ആന്‍സലോട്ടിയുടെ പടിയിറക്കത്തോടെ റയല്‍ മാഡ്രിഡ് ഇതിഹാസം ക്ലബ്ബിലെത്തും; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th March 2023, 9:08 am

കഴിഞ്ഞ ദിവസം കോപ്പ ഡെല്‍ റേയില്‍ നടന്ന മത്സരത്തില്‍ ബാഴ്സലോണ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചിരുന്നു. മാഡ്രിഡില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സയുടെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ പിറന്ന സെല്‍ഫ് ഗോള്‍ ആണ് ബാഴ്സക്ക് വിജയം നല്‍കിയത്.

ലെവന്‍ഡോസ്‌കിയും പെഡ്രിയും ഇല്ലാതിരുന്നിട്ടും ബാഴ്സക്ക് വിജയമുറപ്പിക്കാനായിരുന്നു. എന്നാല്‍ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന് തങ്ങളുടെ മികവ് പുറത്തെടുക്കാനായിരുന്നില്ല. കരിം ബെന്‍സെമയും വിനീഷ്യസ് ജൂനിയറും ബാഴ്സക്ക് മുന്നില്‍ അടി പതറുകയായിരുന്നു.

ഈ സീസണിലെ റയലിന്റെ മോശം പ്രകടനത്തിന് പിന്നാലെ കോച്ച് കാര്‍ലോ ആന്‍സലോട്ടിയെ പുറത്താക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. പകരക്കാരനായി റയല്‍ മാഡ്രിഡ് ഇതിഹാസം സിനദിന്‍ സിദാനെ ക്ലബ്ബിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വരുന്ന സീസണില്‍ ആന്‍സലോട്ടി ബ്രസീല്‍ ദേശീയ ടീമിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്. അദ്ദേഹത്തിന്റെ പടിയിറക്കത്തോടെയാകും സിദാന്‍ തന്റെ പഴയ തട്ടകത്തിലേക്ക് ചേക്കേറുക. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍.

പ്ലെയറായും കോച്ചായും തന്റെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സിദാന്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്ലെയിങ് കരിയറില്‍ ഇതിഹാസമായ സിദാന്‍ കോച്ചിങ് കരിയറിലേക്ക് വന്നപ്പോള്‍ മറ്റാര്‍ക്കും സാധിക്കാത്ത ഉയരമാണ് കീഴടക്കിയത്.

റയല്‍ മാഡ്രിഡിന്റെ കോച്ചായിരുന്ന മുന്‍ താരം കഴിഞ്ഞ സീസണിലാണ് പരിശീലക സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് പല വന്‍ ക്ലബ്ബുകളിലേക്കും പരിശീലകനായി ക്ഷണം ഉണ്ടായിരുന്നുണ്ടെങ്കിലും അദ്ദേഹം പോകാന്‍ തയ്യാറായിരുന്നില്ല.

ഫ്രാന്‍സ് ദേശീയ ടീമിന്റെ പരിശീലകനാകണമെന്ന ദീര്‍ഘ നാളത്തെ ആഗ്രഹമാണ് താരത്തെ ക്ലബ്ബ് ഫുട്ബോളിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കിയത്. എന്നാല്‍ ലോകകപ്പിന് ശേഷം നിലവില്‍ ഫ്രഞ്ച് ടീമിന്റെ പരിശീലകനായ ദിദിയര്‍ ദെഷാംപ്സിന്റെ കരാര്‍ പുതുക്കിയതോടെയാണ് സിദാന്‍ ക്ലബ്ബ് ഫുട്ബോളിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.

Content Highlights: Zinadine Zidane will reach at Real Madrid after Carlo Anceloti leaves the club