2026 ഐ.പി.എല്‍ മാമാങ്കം മാര്‍ച്ച് 28ന് ആരംഭിക്കും. ടൂര്‍ണമെന്റിന് മുന്നോടിയായി പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഉപേക്ഷിച്ച് ഐ.പി.എല്ലിലേക്ക് ചേക്കേറുകയാണ് സിംബാബ്‌വേ സൂപ്പര്‍ പേസര്‍ ബ്ലെസ്സിങ് മുസാരബാനി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 2026ലെ ടി-20 ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയതിന് പിന്നാലെയാണ് മുസാരബാനിയെ തേടി കൊല്‍ക്കത്തയുടെ ഓഫര്‍ വന്നത്. എന്നാല്‍ പി.എസ്.എല്ലില്‍ നിന്ന് ഐ.പി.എല്ലിലേക്ക് ചേക്കേറിയ മുസാരബാനിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പി.സിബി. മാര്‍ച്ച് 26നാണ് പാകിസ്ഥാന്‍ പ്രീമയര്‍ ലീഗ് ആരംഭിക്കാനിരിക്കുന്നത്.
നേരത്തെ പി.എസ്.എല്‍ ഉപേക്ഷിച്ച് ഐ.പി.എല്ലിലേക്ക് മറ്റ് താരങ്ങളും ചേക്കേറിയിരുന്നു. ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസും സൗത്ത് ആഫ്രിക്കന്‍ താരം കോര്‍ബിന്‍ ബോഷും ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ ഓവണും ഈ ലിസ്റ്റിലുള്ളവരാണ്. മാത്രമല്ല അഫ്ഗാനിസ്ഥാന്‍ താരങ്ങളായ മുജീബ് ഉര്‍ റഹ്‌മാനും ഫസല്‍ ഹഖ് ഫറൂഖിയും നവീന്‍ ഉള്‍ ഹഖും നേരത്തെ പി.എസ്.എല്‍ വിട്ട് വന്നവരാണ്.
ടി-20 ലോകകപ്പില്‍ സിംബാബ്‌വേയെ സൂപ്പര്‍ 8ല്‍ എത്തിക്കുന്നതില്‍ മുസാരബാനി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 2017 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മുസറബനി 89 രാജ്യാന്തര ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 106 വിക്കറ്റുകളാണ് വലംകൈയ്യന്‍ പേസറുടെ പോക്കറ്റിലുള്ളത്. എന്നാല്‍, കഴിഞ്ഞ സീസണില്‍ ആര്‍.സി.ബിക്ക് വേണ്ടി പകരക്കാരന്റെ റോളില്‍ ഒരു തവണയാണ് താരം ഐ.പി.എല്ലില്‍ പന്തെറിഞ്ഞത്.
അതേസമയം മാര്‍ച്ച് 17ന് മുസാരബാനി കൊല്‍ക്കത്ത ക്യാമ്പില്‍ ചേരും എന്നാണ് റിപ്പോര്‍ട്ട്. വിവാദങ്ങളും പ്രതിഷേധങ്ങളും കാരണം 9.20 കോടി മുടക്കി ടീമിലെത്തിച്ച ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. കൂടാതെ ടി-20 ലോകകപ്പിനിടയില്‍ പരിക്കേറ്റ ശ്രീലങ്കന്‍ താരം മതീഷ പതിരാന ചികിത്സയിലാണ്. അതുകൊണ്ടുത്തന്നെ ബ്ലസിങ് മുസറബനിക്ക് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കും.
— Fan Account Richard Kettlebourogh (@RichKettle07) March 14, 2026
ടി-20 ലോകകപ്പിന്റെ ആരവം കെട്ടടങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഐ.പി.എല്ലിനാണ്. ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ട മത്സരക്രമം പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ ഏപ്രില്‍ 12 വരെയുള്ള മത്സരങ്ങളുടെ ക്രമമാണ് ഐ.പി.എല്ലില്‍ പ്രഖ്യാപിച്ചത്.