അട്ടിമറിയെന്ന് വിളിച്ച് അപമാനിക്കല്ലേ... കങ്കാരുക്കളെ മലര്‍ത്തിയടിച്ച് സിംബാബ്‌വേയ്ക്ക് വമ്പന്‍ വിജയം!
Cricket
അട്ടിമറിയെന്ന് വിളിച്ച് അപമാനിക്കല്ലേ... കങ്കാരുക്കളെ മലര്‍ത്തിയടിച്ച് സിംബാബ്‌വേയ്ക്ക് വമ്പന്‍ വിജയം!
ശ്രീരാഗ് പാറക്കല്‍
Friday, 13th February 2026, 3:00 pm

ടി-20 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ വമ്പന്‍ വിജയവുമായി സിംബാബ്‌വേ. കൊളംബോയിലെ ആര്‍. പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിന്റെ വിജയമാണ് ഷെവ്‌റോണ്‍സ് നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് ഓസീസിന് നേരെ അടിച്ചെടുത്തത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ 146 റണ്‍സിന് കങ്കാരുപ്പട ഓള്‍ ഔട്ട് ആവുകയായിരുന്നു. ബ്ലെസിങ് മുസാരബാനിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് സിംബാബ്‌വേ വിജയം കീഴടക്കിയത്. ഇതോടെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കാനും സിംബാബ്‌വേക്ക് സാധിച്ചിരിക്കുകയാണ്.

ഓസീസ് ഓപ്പണ്‍ ജോഷ് ഇംഗ്ലിസ് (8), ടിം ഡേവിഡ് (0), മാറ്റ് റെന്‍ഷോ (65), ആദം സാംപ (2) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്. താരത്തിന് പുറമെ ബ്രാഡ് ഇവന്‍സ് മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം നടത്തി. ഓസീസ് ക്യാപ്റ്റന്‍ ട്രാവിസ് ഹെഡ് (17), കാമറൂണ്‍ ഗ്രീന്‍ (0), ബെന്‍ ഡ്വാര്‍ഷിസ് (6) എന്നിവരെയാണ് താരം കൂടാരം കയറ്റിയത്.

മത്സരത്തിലെ അഞ്ചാം ഓവറിനുള്ളില്‍ തന്നെ ഓസീസിന് തങ്ങളുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ നഷ്ടപ്പെട്ടിരുന്നു. നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് നേടി മികച്ച ഗെയിം പ്ലാന്‍ തന്നെയാണ് സിംബാബ്‌വേയ്ക്ക് വിജയം നേടിക്കൊടുത്തത്. അതേസമയം 31 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓസീസിന്റെ രണ്ടാ ടോപ് സ്‌കോററാണ്. റയാന്‍ ബ്യൂറലിനാണ് മാക്‌സിന്റെ വിക്കറ്റ്.

അതേസമയം 56 പന്തില്‍ പുറത്താകാതെ 64 റണ്‍സെടുത്ത ബ്രയാന്‍ ബെന്നെറ്റാണ് സിംബാബ്‌വേയുടെ ടോപ് സ്‌കോറര്‍. 21 പന്തില്‍ 35 റണ്‍സെടുത്ത് തടിവാന്‍ഷെ മറുമാണിയും 30 പന്തില്‍ 35 റണ്‍സെടുത്ത റയാന്‍ ബേളും പുറത്തായി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 13 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Content highlight: Zimbabwe Won Against Australia In T20 World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ