ഇന്ത്യയില്‍ ചരിത്രം കുറിക്കാനുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്? ലോകകപ്പിന് പഴയ ക്യാപ്റ്റനെ തിരിച്ചുവിളിച്ചു, ഞെട്ടിക്കാന്‍ ടീം ഇങ്ങനെ
T20 world cup
ഇന്ത്യയില്‍ ചരിത്രം കുറിക്കാനുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്? ലോകകപ്പിന് പഴയ ക്യാപ്റ്റനെ തിരിച്ചുവിളിച്ചു, ഞെട്ടിക്കാന്‍ ടീം ഇങ്ങനെ
ആദര്‍ശ് എം.കെ.
Saturday, 3rd January 2026, 11:34 am

2026 ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് സിംബാബ്‌വേ. സൂപ്പര്‍ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസയെ ക്യാപ്റ്റനായി ചുമതലപ്പെടുത്തി 15 അംഗ സ്‌ക്വാഡാണ് ഷെവ്‌റോണ്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുന്‍ നായകന്‍ ഗ്രെയം ക്രീമറാണ് ലോകകപ്പ് സ്‌ക്വാഡിലെ സര്‍പ്രൈസ്. ഏഴ് വര്‍ഷത്തിന് ശേഷമുള്ള താരത്തിന്റെ വമ്പന്‍ തിരിച്ചുവരവിലെ സുപ്രധാന വഴിത്തിരിവാണ് 2026 ലോകകപ്പ്. നിലവില്‍ 39കാരനായ ക്രീമിര്‍, ടീമിന്റെ ബൗളിങ് യൂണിറ്റില്‍ കരുത്താകും.

ഗ്രെയം ക്രീമര്‍. Photo: Zimbabwe Cricket/x.com

ക്ലബ്ബ് മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളാണ് മുന്‍ നായകന് വീണ്ടും ദേശീയ ജേഴ്‌സിയിലേക്ക് വഴി തുറന്നത്. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനെതിരായ ഹോം സീരീസിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്.

പാകിസ്ഥാനില്‍ നടന്ന ട്രൈനേഷന്‍ സീരിസില്‍ രണ്ട് മത്സരങ്ങളും താരം കളിച്ചു. വെല്ലിങ്ടണ്‍ മസാക്ദ്‌സ, ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ എന്നിവര്‍ക്കൊപ്പം ടീമിന്റെ സ്പിന്‍ ഓപ്ഷനായിരിക്കും ക്രീമര്‍.

ടി-20 ഫോര്‍മാറ്റില്‍ 81 മത്സരങ്ങളില്‍ പന്തെറിഞ്ഞ ലെഗ് ബ്രേക്കര്‍ 91 വിക്കറ്റുകള്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 6.14 എക്കോണമിയില്‍ പന്തെറിയുന്ന താരത്തിന്റെ സ്‌ട്രൈക് റേറ്റ് 19.2 ആണ്. 4/17 ആണ് മികച്ച പ്രകടനം.

ഗ്രെയം ക്രീമര്‍. Photo: Zimbabwe Cricket/x.com

39കാരനായ ക്രീമറിന് പുറമെ വെറ്ററന്‍ താരം ബ്രാന്‍ഡന്‍ ടെയ്‌ലറും ലോകകപ്പിനുള്ള സിംബാബ്‌വന്‍ ടീമിന്റെ ഭാഗമാണ്. ലോകകപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ടെയ്‌ലറിന് 40 വയസ് പൂര്‍ത്തിയാകും.

2024 ടി-20 ലോകകപ്പിന്റെ ഭാഗമല്ലാതിരുന്ന ഷെവ്‌റോണ്‍സ് ആഫ്രിക്കന്‍ ക്വാളിഫയര്‍ കളിച്ചാണ് ഇത്തവണ ലോകകപ്പിനെത്തുന്നത്. ഗ്രൂപ്പ് ബി-യിലാണ് ടീമിന്റെ സ്ഥാനം.

കരുത്തരായ ഓസ്‌ട്രേലിയ, ലോകകപ്പിന്റെ സഹ ആതിഥേയരായ ശ്രീലങ്ക, ഒമന്‍, അയര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് ബി-യിലെ മറ്റ് ടീമുകള്‍.

2026 ലോകകപ്പിനുള്ള സിംബാബ്‌വേ സ്‌ക്വാഡ്

സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ബ്രയാന്‍ ബെന്നറ്റ്, റയാന്‍ ബേള്‍, ഗ്രെയം ക്രീമര്‍, ബ്രാഡ് ഇവാന്‍സ്, ക്ലൈവ് മദാന്‍ദെ, ടിനോടെന്‍ഡെ മപോസ, താഡിവനാഷെ മരുമാണി, വെല്ലിങ്ടണ്‍ മസാക്ദ്‌സ, ടോണി മുന്യോംഗ, താഷിംഗ മുസേവിക, ബ്ലെസ്സിങ് മുസരബാനി, ഡിയോണ്‍ മയേഴ്‌സ്, റിച്ചാര്‍ഡ് എന്‍ഗരാവ, ബ്രാന്‍ഡന്‍ ടെയ്‌ലര്‍.

2026 ലോകകപ്പ് ടീമുകള്‍

ആതിഥേയര്‍ – 2 ടീം

ഇന്ത്യ, ശ്രീലങ്ക

2024 ടി-20 ലോകകപ്പില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ – 7 ടീം

അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, യു.എസ്.എ, വെസ്റ്റ് ഇന്‍ഡീസ്

ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ – 3 ടീം

അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍

അമേരിക്കാസ് ക്വാളിഫയര്‍ – 1 ടീം

കാനഡ

യൂറോപ്പ് ക്വാളിഫയര്‍ – 2 ടീം

ഇറ്റലി, നെതര്‍ലന്‍ഡ്‌സ്

ആഫ്രിക്ക ക്വാളിഫയര്‍ – 2 ടീം

നമീബിയ, സിംബാബ്‌വേ

ഏഷ്യ – ഈസ്റ്റ് ഏഷ്യ പസഫിക് ക്വാളിഫയര്‍ – 3 ടീം

നേപ്പാള്‍, ഒമാന്‍, യു.എ.ഇ

 

Content Highlight: Zimbabwe announced squad for 2026 T120 World Cup

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.