കീവ്: ലോകം മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ആയുധ മത്സരത്തിലാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. ഏറ്റവും വിനാശകരമായ ആയുധ മത്സരത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു.
റഷ്യ പിടിച്ചെടുത്ത ഭൂമി തിരിച്ചെടുക്കാനാകുമെന്ന ധാരണ തെറ്റാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പുടിനുമായുള്ള അലാസ്‌ക കൂടിക്കാഴ്ച ഫലം കണ്ടില്ലെന്നുമാണ് പെസ്‌കോവ് പറഞ്ഞത്. ഉക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ട്രംപ് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്.
ഉക്രൈനെതിരായ യുദ്ധം തടയാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ തയ്യാറായില്ലെങ്കില്‍ യുദ്ധം കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പാണ് സെലന്‍സ്‌കി ഇപ്പോൾ നല്‍കുന്നത്. സഖ്യകക്ഷികള്‍ ഐക്യമുന്നണി ഉണ്ടാക്കണമെന്നും പിന്തുണ വര്‍ധിപ്പിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.
ഇല്ലാത്തപക്ഷം കൂടുതല്‍ രാജ്യങ്ങള്‍ റഷ്യയുടെ ആക്രമണങ്ങളെ നേരിടേണ്ടി വരുമെന്നും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ ജനറല്‍ അസംബ്ലിയിലെ പ്രസംഗത്തിലാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം.
‘ആര് അതിജീവിക്കണമെന്ന് തീരുമാനിക്കുന്നത് ആയുധങ്ങളാണ്. സൈനിക-സാങ്കേതികവിദ്യ വികസിക്കുമ്പോള്‍ എല്ലാ രാജ്യങ്ങളും ആഗോള ആയുധ മത്സരത്തിന്റെ ഭീഷണിയിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിലും ആഗോള നിയമം വേണം,’ സെലന്‍സ്‌കി പറഞ്ഞു.
സെല്‍ഫ് കോണ്‍ട്രോള്‍ഡ് ഡ്രോണുകളുടെയും ആളില്ലാ യുദ്ധവിമാനങ്ങളുടെയും വികസനം പരമ്പരാഗതമായ യുദ്ധത്തേക്കാള്‍ അപകടസാധ്യത വര്‍ധിപ്പിക്കും. ഉക്രൈന് സുരക്ഷ ഉറപ്പാക്കുന്നതില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ വളരെ ദുര്‍ബലമാണെന്നും വിമര്‍ശനമുണ്ട്.
മോള്‍ഡോവയെ നഷ്ടപ്പെടുത്താന്‍ യൂറോപ്പിന് കഴിയില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി. ജോര്‍ജിയയെയും ബെലാറസിനെയും പുടിന്റെ നിയന്ത്രണത്തില്‍ നിന്ന് രക്ഷിക്കാനുള്ള അവസരം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി.
ഇതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സെലന്‍സ്‌കി പ്രശംസിക്കുകയും ചെയ്തു. ട്രംപുമായി നല്ലൊരു കൂടിക്കാഴ്ചയാണ് ഉണ്ടായതെന്നും യുദ്ധമവസാനിച്ചാല്‍ ഉക്രൈന് സുരക്ഷ നല്‍കാന്‍ യു.എസ് തയ്യാറാണെന്ന് മനസിലായെന്നുമായിരുന്നു സെലന്‍സ്‌കിയുടെ പരാമര്‍ശം.
കഴിഞ്ഞ ദിവസം, റഷ്യ പിടിച്ചെടുത്ത മുഴുവന്‍ ഭൂമിയും യുദ്ധം ചെയ്ത് തിരിച്ചെടുക്കാന്‍ ഉക്രൈനാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഉക്രൈനില്‍ ലക്ഷ്യമില്ലാതെ പോരാടുന്ന ഒരു ‘കടലാസ് കടുവ’ എന്നാണ് ട്രംപ് റഷ്യയെ വിശേഷിപ്പിച്ചത്.
Content Highlight: Zelensky says world in dangerous arms race