ഇസ്താംബൂളില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയാല്‍ പുടിനുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കാം: സെലന്‍സ്‌കി
World News
ഇസ്താംബൂളില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയാല്‍ പുടിനുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കാം: സെലന്‍സ്‌കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th May 2025, 9:26 pm

കീവ്: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കുന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ തീരുമാനമുണ്ടായാല്‍ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കാമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.

വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ റഷ്യ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍, ലോകരാഷ്ട്രങ്ങള്‍ റഷ്യയ്ക്കുമേല്‍ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദം ശക്തമാക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. അങ്കാറയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി.

റഷ്യക്കെതിരെ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് സെലന്‍സ്‌കി ആവശ്യപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കണമെന്ന ആഗ്രഹം റഷ്യക്ക് ഉണ്ടെന്ന് തോന്നുന്നില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ ഇസ്താംബൂളിലേക്ക് അയക്കുമെന്നും സെലന്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം റഷ്യയുടെ പ്രതിനിധി സംഘത്തില്‍ തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള ഒരു ഉദ്യോഗസ്ഥന്‍ പോലും ഇല്ലെന്നും സെലന്‍സ്‌കി വിമര്‍ശിച്ചു.

സമാധാനം പുലരാനുള്ള ശ്രമങ്ങളെ റഷ്യ ഗൗരവമായി കാണുന്നില്ലെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. വെടിനിർത്തലിൽ തീരുമാനമുണ്ടായില്ലെങ്കിൽ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശ്രമിക്കുമെന്നും സെലൻസ്കി പറഞ്ഞു.

നേരത്തെ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. കൂടാതെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ഉന്നത വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവും ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും വിവരം നല്‍കിയിരുന്നു.

ഇതോടെയാണ് റഷ്യന്‍ പ്രതിനിധികളുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ നിന്ന് സെലന്‍സ്‌കിയും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കില്‍ അത് പുടിനുമായി നേരിട്ടായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് മൈഖൈലോ പൊഡോള്യാക് പറഞ്ഞിരുന്നു.

ഇതിനിടെ റഷ്യന്‍ പ്രതിനിധി സംഘത്തില്‍ നിന്ന് സെര്‍ജി ലാവ്റോവും യൂറി ഉഷാക്കോവും വിട്ടുനില്‍ക്കുന്നതില്‍ സെലന്‍സ്‌കി അതിശയവും പ്രകടിപ്പിച്ചിരുന്നു. അതേസമയം വിദേശകാര്യമന്ത്രി ആന്‍ഡ്രി സിബിഹ, പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക് തുടങ്ങിയവരാണ് ഉക്രൈന്‍ പ്രതിനിധി സംഘത്തിലുള്ളത്.

ചര്‍ച്ചയിലെ പുടിന്റെ അഭാവത്തില്‍ ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചു. പുടിന്റെ അഭാവത്തില്‍ അത്ഭുതമൊന്നുമില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. താനില്ലാതെ പുടിന് മാത്രം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. താനും പുടിനും ഒന്നിക്കുന്നതുവരെ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും ട്രംപ് പ്രതികരിച്ചു. ഗള്‍ഫ് യാത്രക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

നേരത്തെ ട്രംപിന്റെ മധ്യസ്ഥതയില്‍ ഉക്രൈനും റഷ്യയും ചര്‍ച്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സെലന്‍സ്‌കിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

പിന്നീട് സമാധാന ചര്‍ച്ചകളില്‍ ഉടന്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ ചര്‍ച്ചകളില്‍ നിന്നും പിന്‍വാങ്ങുമെന്ന് യു.എസ് ഇരുരാജ്യങ്ങള്‍ക്കും അന്ത്യശാസനം നല്‍കിയിരുന്നു.

Content Highlight: Zelensky said Meeting with Putin may be skiped if ceasefire agreement is reached in Istanbul