മുസ്‌ലിം വിരുദ്ധ പരാമര്‍ശം; സീ ന്യൂസിലെ ചര്‍ച്ച ഉടന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം
national news
മുസ്‌ലിം വിരുദ്ധ പരാമര്‍ശം; സീ ന്യൂസിലെ ചര്‍ച്ച ഉടന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th June 2022, 8:07 am

ന്യൂദല്‍ഹി: മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ സീ ന്യൂസിലെ ചാനല്‍ ചര്‍ച്ച പിന്‍വലിക്കാന്‍ നിര്‍ദേശം. സമൂഹമാധ്യമങ്ങളില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും ചര്‍ച്ച ഉടന്‍ പിന്‍വലിക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി നിര്‍ദേശിച്ചു.

കൃത്യമായ ഡാറ്റയോ ആക്ഷേപത്തെ പിന്തുണക്കുന്ന വിവരങ്ങളോ ഇല്ലാതെയുള്ള ചര്‍ച്ചയാണ് സംപ്രേഷണം ചെയ്തതെന്ന് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് എ.കെ. സിക്രി പറഞ്ഞു. ചര്‍ച്ചയുടെ തലക്കെട്ടിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇതുസംബന്ധിച്ച വാദം കേള്‍ക്കലില്‍ സീന്യൂസിന്റെ അധികൃതര്‍ക്ക് അവരുടെ ഭാഗം ന്യായീകരിക്കാനായില്ല.

തികഞ്ഞ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ചര്‍ച്ച സംപ്രേഷണവുമായി ബന്ധപ്പെട്ടുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

‘പ്രകൃതിയുടെ പേരിലെ മുസ്‌ലിം ജനസംഖ്യ വര്‍ധന’ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ചര്‍ച്ച നടത്തിയത്.

യു.പി സര്‍ക്കാര്‍ മുന്നോട്ടുവെച്ച രണ്ടു കുട്ടികള്‍ എന്ന നയവും അതിനോട് സമാജ്‌വാദി പാര്‍ട്ടി എം.പി ഷഫീഖുറഹ്മാന്‍ ബര്‍ഖ് നടത്തിയ പ്രതികരണവും ഇതില്‍ വരുന്നുണ്ട്. ‘ദൈവം തരുന്ന കുട്ടികളെ തടയാനുള്ള അധികാരം മനുഷ്യനില്ല’ എന്നായിരുന്നു ബര്‍ഖിന്റെ വാദം.

അതേസമയം ടൈംസ് നൗവില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയും രംഗത്തെത്തിയിരുന്നു.

പ്രവാചക നിന്ദക്കെതിരെ രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു
പ്രതിഷേധം വ്യാപകമായതോടെ പാര്‍ട്ടി നേതൃത്വം നുപുര്‍ ശര്‍മയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Content Highlights: ZEE News channel withdraws discussion on anti-Muslim remarks about muslim population