ആട്ടം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സെറിന്‍ ഷിഹാബ്. ഫാമിലി മാന്‍ എന്ന ഹിന്ദി വെബ് സീരീസിലൂടെ കരിയര്‍ ആരംഭിച്ച നടി ഹിന്ദിയില്‍ മികച്ച സിനിമകളുടെ ഭാഗമായി. മലയാളത്തില്‍ ആട്ടത്തിന് ശേഷം രേഖാചിത്രം, ഇത്തിരി നേരം എന്നീ സിനിമകളില്‍ അഭിനയിച്ചു.
ആട്ടത്തില്‍ അഞ്ജലിയെന്ന കഥപാത്രമായി മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ച സെറിന്‍ രേഖാചിത്രത്തില്‍ പുഷ്പം എന്ന കഥാപാത്രമായും പ്രേക്ഷകരെ ഞെട്ടിച്ചു. ഇത്തിരി നേരത്തില്‍ നായിക വേഷത്തിലെത്തിയ സെറിന്‍ ചത്താ പച്ചയില്‍ ചെറിയ കാമിയോ റോളിലും എത്തിയിരുന്നു. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ അഭിനേതാക്കളെ സിനിമയില്‍ കാസ്റ്റ് ചെയ്യുന്ന രീതി തന്നെ ഇപ്പോള്‍ വളരെ വ്യത്യസ്തമാണെന്ന് നടി പറയുന്നു.
‘പണ്ട്, മിമിക്രി പരിപാടിയില്‍ നിന്ന്, അതുപോലെ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുത്ത ആളുകളെയൊക്കെയാണ് സിനിമയിലേക്ക് വിളിച്ച് കൊണ്ടിരുന്നത്. ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഓഡിഷന്‍ വഴി തെരഞ്ഞെടുക്കാന്‍ തുടങ്ങി. പിന്നെ പരിചയത്തിലുള്ള ആളാണെങ്കില്‍ അവര്‍ക്ക് സ്‌ക്രീന്‍ ടെസ്റ്റ് കൊടുക്കും.
ഇപ്പോള്‍ സോഷ്യല്‍ മീഡിയ റീല്‍സ് വഴിയൊക്കെ കാസ്റ്റ് ചെയ്യാറുണ്ട്. അതത്ര മോശം കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഒരാളുടെ കഴിവിനെ നമുക്ക് ഒരിക്കലും മാറ്റി വെക്കാന്‍ കഴിയില്ല. ചിലപ്പോള്‍ ചില കാര്യങ്ങള്‍ ഒരു ട്രെന്‍ഡായി നിലനില്‍ക്കും. പക്ഷേ ഒരു പോയിന്റ് കഴിഞ്ഞാല്‍, ഒരാളുടെ കഴിവിനാണ് പ്രാധാന്യം കൊടുക്കുക. പണ്ട്, ഓഡിഷനൊക്കെ പോകുമ്പോള്‍ എനിക്ക് ഭയങ്കര മടിയായിരുന്നു. പക്ഷേ ഞാന്‍ എന്നെ തന്നെ ട്രെയ്ന്‍ ചെയ്ത് ആ പ്രോസസ് ആസ്വദിക്കാന്‍ ശ്രമിക്കാറുണ്ട്,’ സെറിന്‍ ഷിഹാബ് പറഞ്ഞു.
ഒരുപാട് മുമ്പുള്ള സിനിമകളിലും സ്ത്രീ കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും ബോള്‍ഡായ പെണ്‍കുട്ടി ഇത്തരത്തിലായിരിക്കണം എന്ന ടെംപ്ലേയ്റ്റ് ഫീമെയില്‍ കഥാപാത്രങ്ങള്‍ക്ക് ഇല്ലായിരുന്നുവെന്നും സെറിന്‍ പറഞ്ഞു.
പേട്രിയേറ്റാണ് സെറിന്റേതായി വരാനിരിക്കുന്ന ചിത്രം. നീണ്ട 13വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ഫഹദ് ഫാസില്‍ തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രം ഏപ്രില്‍ 23നാണ് തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Zarin shihab says that the way actors are cast in films is very different now