സര്‍ദാരി- മന്‍മോഹന്‍ കൂടിക്കാഴ്ച വഴിപാടെന്ന് പാക് പത്രം
World
സര്‍ദാരി- മന്‍മോഹന്‍ കൂടിക്കാഴ്ച വഴിപാടെന്ന് പാക് പത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st September 2012, 12:30 pm

ഇസ്‌ലാമാബാദ്: ഇറാനില്‍ ചേരിചേരാ സമ്മേളനത്തിനിടെ പാകിസ്ഥാന്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച വഴിപാടെന്ന് പാക് പത്രം. മുംബൈ ഭീകരാക്രമണം സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത്. []

“ചേരിചേരാ ഉച്ചകോടിയുടെ ഭാഗമായി ടെഹ്‌റാനില്‍ വെച്ച് മന്‍മോഹന്‍ സിങ്ങും സര്‍ദാരിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയില്ലായിരുന്നെങ്കില്‍ അതാകുമായിരുന്നു വലിയ വാര്‍ത്ത” പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പല ഉച്ചകോടികളിലുമായി ഇന്ത്യന്‍ പ്രധാനമന്ത്രിയും പാക് ഉന്നത നേതാക്കളും തമ്മില്‍ ഒരു ഡസനോളം കൂടിക്കാഴ്ച നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  2010ലെ സാര്‍ക്ക് ഉച്ചകോടിക്ക് ശേഷം മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും ഇന്ത്യന്‍ പ്രധാനമന്ത്രിയും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകകപ്പ് സെമിഫൈനലിന്റെ ഭാഗമായി മൊഹാലിയില്‍, 2011 നവംബറില്‍ മാലിദ്വീപില്‍, 2012 മാര്‍ച്ചില്‍ സിയോളില്‍.

ഇതിന് പിന്നാലെ 2012 ഏപ്രിലില്‍ ന്യൂദല്‍ഹിയില്‍ മന്‍മോഹന്‍ സിങ് ഒരുക്കിയ വിരുന്നില്‍ സര്‍ദാരി പങ്കെടുത്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ നേതാക്കള്‍ ഇപ്പോഴും മുംബൈ വിഷയത്തില്‍ തന്നെയാണ് ശ്രദ്ധിക്കുന്നതെന്നാണ് കഴിഞ്ഞദിവസത്തെ കൂടിക്കാഴ്ചയില്‍ നിന്ന് മനസിലാകുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മുബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ അറസ്റ്റിലായ ഭീകരരുടെ വിചാരണ വേഗത്തിലാക്കണമെന്ന് മന്‍മോഹന്‍ സിങ് കൂടിക്കാഴ്ചയില്‍ സര്‍ദാരിയോട് ആവശ്യപ്പെട്ടിരുന്നു.

കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതിന് ഇരുരാജ്യങ്ങളും വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്നും പത്രം കുറ്റപ്പെടുത്തുന്നു.