കോഹ്‌ലിയൊന്നുമല്ല, സഞ്ജുവാണ് മികച്ച ക്യാപ്റ്റന്‍; തുറന്ന് പറഞ്ഞ് ചഹല്‍
Cricket
കോഹ്‌ലിയൊന്നുമല്ല, സഞ്ജുവാണ് മികച്ച ക്യാപ്റ്റന്‍; തുറന്ന് പറഞ്ഞ് ചഹല്‍
ഫസീഹ പി.സി.
Monday, 12th January 2026, 2:39 pm

താന്‍ ഇതുവരെ ഐ.പി.എല്ലില്‍ കളിച്ചിട്ടുള്ള നായകന്മാരില്‍ ഏറ്റവും മികച്ചത് മലയാളി താരം സഞ്ജു സാംസണാണെന്ന് യുസ്വേന്ദ്ര ചഹല്‍. സഞ്ജു ഒരു മികച്ചൊരു ക്യാപ്റ്റനാണെന്നും ഡെത്ത് ഓവറുകളില്‍ സ്പിന്നര്‍ ഉപയോഗിച്ച ഏക ക്യാപ്റ്റനാണെന്നും താരം പറഞ്ഞു.

സഞ്ജു തന്നെയൊരു ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാക്കിയെന്നും പഞ്ചാബ് ബൗളര്‍ പറഞ്ഞു. മാഷബിള്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ചഹല്‍.

യുസ്വേന്ദ്ര ചഹല്‍.  Photo: ICC/x.com

‘സഞ്ജു സാംസണ്‍ അസാധ്യ ക്യാപ്റ്റനാണ്. അദ്ദേഹത്തിന് കീഴില്‍ കളിച്ചപ്പോഴാണ് ബൗളര്‍ എന്ന നിലയില്‍ ഞാന്‍ കൂടുതല്‍ മെച്ചപ്പെട്ടത്. അതുവരെ മറ്റൊരു ക്യാപ്റ്റനും ഡെത്ത് ഓവറുകളില്‍ സ്പിന്നര്‍മാരെ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, സഞ്ജു എന്നില്‍ വിശ്വസിച്ചു. എന്നെയൊരു ഡെത്ത് ഓവര്‍ ബൗളറാക്കി.

അത് എന്നെ ഡെത്ത് ഓവറുകളില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമാക്കി. സഞ്ജു ബൗളര്‍മാരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്ന ക്യാപ്റ്റനല്ല. നമ്മുടേതായ രീതിയില്‍ പന്തെറിയാന്‍ അദ്ദേഹം സ്വാതന്ത്ര്യം നല്‍കും,’ ചഹല്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ സഞ്ജുവും ചഹലും മൂന്ന് സീസണുകളില്‍ കളിച്ചിട്ടുണ്ട്. 2022 മുതല്‍ 2024 വരെയായിരുന്നു ഇരുവരും രാജസ്ഥാന്‍ റോയല്‍സില്‍ ഒരുമിച്ച് ഉണ്ടായിരുന്നത്. ആ സീസണുകളില്‍ സഞ്ജുവായിരുന്നു ആര്‍.ആറിന്റെ ക്യാപ്റ്റന്‍.

സഞ്ജു സാംസണും യുസ്വേന്ദ്ര ചഹലും. Photo: Himalayan Mail/x.com

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ നിന്ന് ആര്‍.ആറിലേക്ക് എത്തിയ ആദ്യ വര്‍ഷം ചഹല്‍ 27 വിക്കറ്റുകളാണ് വീഴ്ത്തിയത്. പിന്നീട് 2023, 2024 സീസണുകളില്‍ താരം 21,18 എന്നിങ്ങനെ വിക്കറ്റുകള്‍ വീഴ്ത്തി.

2025 സീസണിന് മുന്നോടിയായി ആര്‍.ആര്‍ ചാഹലിനെ റിലീസ് ചെയ്യുകയും പഞ്ചാബ് കിങ്സ് താരത്തെ ലേലത്തില്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. നിലവില്‍ താരം ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സ് താരമാണ്.

സഞ്ജുവിന് പുറമെ, സൂപ്പര്‍ താരം വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ ക്യാപ്റ്റന്‍സിയിലും ചഹല്‍ ഐ.പി.എല്ലില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍, ഇവരെ മറികടന്നാണ് ചഹല്‍ സഞ്ജുവിനെ താന്‍ കളിച്ചിട്ടുള്ളവരില്‍ ഏറ്റവും മികച്ചതായി തെരഞ്ഞെടുത്തിട്ടുള്ളത്.

Content Highlight: Yuzvendra Chahal says Sanju Samson is the best captain he ever played under in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി