ഇത്തവണയും ടീമിലില്ല; വ്യത്യസ്തമായ പ്രതികരണവുമായി ചഹല്‍
Cricket
ഇത്തവണയും ടീമിലില്ല; വ്യത്യസ്തമായ പ്രതികരണവുമായി ചഹല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st November 2023, 12:52 pm

ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പര നടക്കും. നവംബര്‍ 23 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് മത്സരങ്ങള്‍ നടക്കുക.

പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് കളിച്ച പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിക്കുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഒരുപിടി യുവനിരയുമായാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുക.

ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന് ഇത്തവണയും ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ ടീമില്‍ നിന്നും താരത്തെ ഒഴിവാക്കിയതിനെതിരെ പ്രതികരണവുമായി ചഹല്‍ രംഗത്തെത്തി.

താരത്തിന്റെ വ്യത്യസ്തമായ രീതിയിലുള്ള പ്രതികരണം ഏറെ ശ്രദ്ധേയമായി.
ഒരു ചെറുപുഞ്ചിരിയോടെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയായിരുന്നു ചാഹല്‍. തന്റെ എക്‌സ് അക്കൗണ്ടില്‍ പുഞ്ചിരിക്കുന്ന ഇമോജി പോസ്റ്റ് ചെയ്യുകയായിരുന്നു ചഹല്‍.

കഴിഞ്ഞ ഏകദിന ലോകകപ്പ് സ്‌ക്വാഡിലും താരത്തിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. സയ്യിദ് മുഷ്താഖലി ട്രോഫിയില്‍ ഹരിയാനക്കു വേണ്ടി മികച്ച ബൗളിങ് പ്രകടനമായിരുന്നു ചഹല്‍ നടത്തിയത്. ഹരിയാനയ്ക്ക് വേണ്ടി അവസാന നാല് മത്സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയായിരുന്നു ഈ 33കാരന്റെ മിന്നും പ്രകടനം.

ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമാണ് ചഹല്‍. ഇന്ത്യന്‍ ടീമിനായി 80 ടി-20 മത്സരങ്ങള്‍ കളിച്ച താരം 96 വിക്കറ്റുകള്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ കിരീടം നേടിയ ഇന്ത്യന്‍ യുവനിരയില്‍ പ്രതീക്ഷ അര്‍പ്പിക്കുകയായിരുന്നു ഇന്ത്യന്‍ ടീം സെലെക്ടര്‍മാര്‍.

സൂര്യകുമാര്‍ നയിക്കുന്ന ടീമില്‍ അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ് എന്നിവരാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യന്‍ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിലുള്ളത്.

അതേസമയം കഴിഞ്ഞ ലോകകപ്പില്‍ അഹമ്മദാബാദില്‍ വെച്ച് നടന്ന ഫൈനലില്‍ ആറ് വിക്കറ്റുകള്‍ക്ക് തോല്‍പിച്ച് ഓസ്‌ട്രേലിയ ആറാം ലോകകിരീടം ചൂടിയിരുന്നു.

Content Highlight: Yuzvendra Chahal reacted against India not being included in the Australia series.